പ്രതിദിനം ടണ്‍ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യമാണ് കേരളത്തില്‍ കുമിഞ്ഞു കൂടുന്നത്. ഒരു വ്യക്തി ഒറ്റക്ക് വിചാരിച്ചാല്‍ ഒരു പക്ഷേ ഇതിനൊരു മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ പലതുള്ളി പെരുവെള്ളം എന്ന പോലെ ഓരോരുത്തരായി മനസ് വച്ചാല്‍ പ്ലാസ്റ്റിക്ക് മാലിന്യത്തെ പൂര്‍ണമായും ഒഴിവാക്കാനായില്ലെങ്കിലും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. പ്ലാസ്റ്റിക് കത്തിക്കുന്നത് അന്തരീക്ഷത്തിലെ ഓസോണ്‍ പാളികള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്നു. മാത്രമല്ല, പ്ലാസ്റ്റിക്ക് കത്തുമ്പോള്‍ പുറത്തു പോകുന്ന വിഷമയമായ പുക പലവിധ ആരോഗ്യപ്രശ്ങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.
ഈ അവസരത്തിലാണ് പ്ലാസ്റ്റിക്ക് ബോട്ടില്‍ റീസൈക്ലിംഗ് എന്ന ആശയത്തിന് പ്രാധാന്യം ലഭിക്കുന്നത്. പ്ലാസ്റ്റിക്ക് റീസൈക്ലിംഗിന്റെ മികച്ച മാതൃകകള്‍ വിദേശരാജ്യങ്ങളില്‍ നിന്നും സ്വീകരിക്കാവുന്നതാണ്. അമേരിക്കയിലും കാനഡയിലുമൊക്കെ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ ശേഖരിച്ച് ബോട്ടുകളും വീടുകളും ടോയ്ലറ്റുകളും വരെ നിര്‍മിക്കുന്നു. അത്രയേറെ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ചെറുതായെങ്കിലും പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് നടത്താന്‍ നമുക്കാകും.
പ്ലാസ്റ്റിക് കുപ്പിയും ഹാംഗിംഗ് ഗാര്‍ഡനും
എത്ര കുറഞ്ഞ സ്ഥലത്തും ചെടികള്‍ നടാനാകും എന്ന് തെളിയിക്കുകയാണ് ഹാംഗിംഗ് ഗാര്‍ഡനുകള്‍. തൂങ്ങിക്കിടക്കുന്ന രൂപത്തിലുള്ള ഹാംഗിംഗ് ഗാര്‍ഡനുകള്‍ വലിയ പണച്ചെലവ് ഇല്ലാതെ തന്നെ നിര്‍മിക്കാനാകും. ഇതിനായി വേണ്ടത് ശീതളപാനീയങ്ങളുടെ ഒരേ ആകൃതിയിലുള്ള കുപ്പികളാണ്. കൊക്കക്കോള, പെപ്സി, മിറിണ്ടാ തുടങ്ങിയ ശീതളപാനീയങ്ങളുടെ കുപ്പികള്‍ ഇതിനായി ഉപയോഗിക്കാം. ഒന്നര ലിറ്ററിന്റെ കുപ്പികള്‍ പകുതിയായി മുറിക്കുക.
അടപ്പ് വരുന്ന ഭാഗത്ത് പല നിറത്തിലുള്ള ചരടുകള്‍ കേട്ടറിയ ശേഷം മണ്ണ് നിറച്ച് മനോഹരങ്ങളായ ചെടിച്ചട്ടികളായി തൂക്കിയിടാം. വള്ളിച്ചെടികള്‍, മണിപ്ലാന്റ് എന്നിവ നടുന്നതിന് ഇത് ഉത്തമമാണ്. ഈ ചെടിച്ചട്ടികള്‍ക്ക് കൂടുതല്‍ ഭംഗി ആവശ്യമാണെന്ന് തോന്നിയാല്‍ പെയിന്റ് അടിക്കുകയും മുത്തുകള്‍ ഘടിപ്പിക്കുകയും ചെയ്യാം. ഇന്‍ഡോര്‍ ഗാര്‍ഡനുകള്‍ നിര്‍മിക്കുമ്പോള്‍ ഇവ ആകര്‍ഷകമായിരിക്കും.
ഹോള്‍ഡറുകള്‍ നിര്‍മിക്കാം
വീട്ടിലും ഓഫീസിലും ആവശ്യവസ്തുക്കള്‍ ഒരു അടക്കും ചിട്ടയും ഇല്ലാതെ വലിച്ചിടുന്ന സ്വഭാവമുണ്ടോ? എങ്കില്‍ അതിനൊരു പരിഹാരമാകാം. വീട്ടില്‍ പേന, ടൂത്ത് ബ്രഷ്, അടുക്കളയില്‍ സ്പൂണുകള്‍ എന്നിവ സൂക്ഷിക്കുന്നതിനായി രൂപമാറ്റം വരുത്തിയ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ ഉപയോഗിക്കാം. പല ആകൃതികളില്‍ മുറിച്ച് നിറം നല്‍കി മനോഹരമായ ഹോള്‍ഡറുകളാക്കാം.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികളില്‍ നിന്നും കളിപ്പാട്ടങ്ങള്‍, വ്യായാമം ചെയ്യാനുള്ള ഡംബലുകള്‍, ബൊമ്മകള്‍ എന്നിവയെല്ലാം നിര്‍മിക്കുന്ന ധാരാളം വീഡിയോകള്‍ ഇന്ന് യുട്യൂബില്‍ ലഭ്യമാണ്. രസകരമായ ഈ വീഡിയോകള്‍ പ്ലാസ്റ്റിക്ക് റീസൈക്ലിംഗില്‍ സഹായകമാകും.അടുക്കളത്തോട്ടം നിര്‍മിക്കുന്നതിലും പ്ലാസ്റ്റിക് കുപ്പികള്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. പയര്‍, ചീര തുടങ്ങിയവ തോട്ടത്തില്‍ നടുന്നതിനു മുന്‍പായി മുളപ്പിച്ചെടുക്കുന്നതിനു പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ ഉപയോഗിക്കാം.
വേനലില്‍ ഒരു കൈത്താങ്
നാം വലിച്ചെറിയുന്ന ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ കൊണ്ട് പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഹാനിയുണ്ടാക്കാന്‍ മാത്രമല്ല, മറിച്ച് അവയെ സംരക്ഷിക്കുവാനും സാധിക്കും. വീടിനു ഒരു ബാല്‍ക്കണിയോ, വീടിനടുത്തായി മരങ്ങളോ ഉണ്ടോ? എങ്കില്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ മുറിച്ച് അതില്‍ കിളികള്‍ക്കായി വെള്ളവും ആഹാരവും നിറച്ച് ബാല്‍ക്കണിയിലും മരക്കൊമ്പിലുമെല്ലാം തൂക്കിയിടാം.
ശീതളപാനീയങ്ങളുടെ കുപ്പിയില്‍ തിന, ധാന്യങ്ങള്‍ എന്നിവ നരച്ച ശേഷം, വശങ്ങളില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കി മരത്തടിയില്‍ തീര്‍ത്ത സ്പൂണുകള്‍ വയ്ക്കുക. ദ്വാരത്തിലൂടെ ധാന്യമണികള്‍ക്ക് സ്പൂണിലേക്ക് വരുന്നതിനുള്ള അവസരം ഉണ്ടാകണം. ശേഷം കുപ്പികള്‍ അല്‍പം ചെരിച്ച് മരച്ചില്ലകളില്‍ കെട്ടിത്തൂക്കുക. കിളികള്‍ക്ക് സ്പൂണുകളില്‍ വന്നിരുന്നു ഇവ കഴിക്കാന്‍ കഴിയും.
ആവശ്യത്തിലേറെ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ വീട്ടില്‍ കുന്നുകൂടുന്ന അവസ്ഥ ഉണ്ടാക്കിയ ശേഷം അതെങ്ങനെ നിര്‍മാര്‍ജനം ചെയ്യും എന്ന് ആലോചിക്കുന്നതിനേക്കാള്‍ ബുദ്ധിപരമായി പ്ലാസ്റ്റിക്കിന്റെ പടികടത്തുന്നതാണ് നല്ലത്. പ്ലാസ്റ്റിക്ക് കവറുകളുടെയും ബോട്ടിലുകളുടെയും ഉപയോഗം പരമാവധി കുറക്കുക.
പല സംസ്ഥാനങ്ങളിലും റോഡ് നിര്‍മാണത്തിനായി പ്ലാസ്റ്റിക്ക് ടാറിനൊപ്പം ചേര്‍ക്കുന്നുണ്ട്. ഇത് പ്ലാസ്റ്റിക് മാലിന്യങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കും. മാത്രമല്ല ടാറിംഗിനായി പ്ലാസ്റ്റിക്ക് ഉപയോഗിക്കുമ്പോള്‍ ഇത് സാധാരണ റോഡ് നിര്‍മാണത്തിനുപയോഗിക്കുന്ന ബിടുമിന്‍ (bitumen) എന്ന പദാര്‍ഥത്തിന്റെ ഉപയോഗം ഗണ്യമായ അളവില്‍ കുറയ്ക്കുകയും (60% വരെ) ചെലവ് ലാഭിക്കുകയും ചെയ്യും.

