Connect with us

Hi, what are you looking for?

Life

ബ്രെയിന്‍ ട്യൂമറുകള്‍ തുടക്കത്തിലെ കണ്ടെത്താം !

മാരകമായ കാന്‍സര്‍ മുഴകള്‍, അപകടകരമല്ലാത്ത മുഴകള്‍ എന്നിങ്ങനെ രണ്ട് പ്രധാന തരം ബ്രെയിന്‍ ട്യൂമറുകള്‍ ആണ് ഉള്ളത്. തുടക്കത്തിലേ കണ്ടെത്തിയാല്‍ മാത്രമേ മികച്ച ചികിത്സ ലഭ്യമാക്കാന്‍ കഴിയൂ.

ബ്രെയിന്‍ ട്യൂമര്‍, ചിലര്‍ നിസാരമെന്നും ചിലര്‍ ഭീകരമെന്നും കരുതുന്ന ഈ രോഗാവസ്ഥ അത്യധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. തലച്ചോറിനുള്ളിലെ അസാധാരണ കോശങ്ങളുടെ രൂപവത്കരണത്തെ ബ്രെയിന്‍ ട്യൂമര്‍ എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. മാരകമായ കാന്‍സര്‍ മുഴകള്‍, അപകടകരമല്ലാത്ത മുഴകള്‍ എന്നിങ്ങനെ രണ്ട് പ്രധാന തരം ബ്രെയിന്‍ ട്യൂമറുകള്‍ ആണ് ഉള്ളത്. തുടക്കത്തിലേ കണ്ടെത്തിയാല്‍ മാത്രമേ മികച്ച ചികിത്സ ലഭ്യമാക്കാന്‍ കഴിയൂ.

ബ്രെയിന്‍ ട്യൂമര്‍ – ഈ ഒരു വാക്ക് കേള്‍ക്കാത്തവരായ് ആരും തന്നെ ഉണ്ടാവില്ല. ഇന്ന് ഏറെക്കുറെ സ്വാഭാവികമായ ഒരു രോഗാവസ്ഥയായി പലരും ഇതിനെ കാണുന്നു. കാന്‍സറിന് കാരണമായ മുഴകളും അല്ലാത്തവയും തലച്ചോറില്‍ കാണപ്പെടുന്നു. എതിരായും നേരത്തെ ഇത് കണ്ടെത്തുകയാണെങ്കില്‍ അത്രയും മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. മസ്തിഷ്‌ക മുഴകളില്‍ അതിജീവിക്കാനുള്ള സാധ്യത താഴെ പറയുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:

1. ഏതു തരം ട്യൂമര്‍ ആണ്, ട്യൂമറിന്റെ വലുപ്പം
2. ഉള്‍പ്പെട്ടിരിക്കുന്ന പ്രദേശം, തുടക്കത്തിലെയുളള കണ്ടെത്തല്‍.
3. രോഗിയുടെ പ്രായവും ആരോഗ്യവും.
4. ട്യൂമര്‍ നീക്കം ചെയ്യുന്നതിന്റെ വ്യാപ്തി.

രോഗലക്ഷണങ്ങള്‍

തലച്ചോറിന്റെ കംപ്രഷന്‍ അല്ലെങ്കില്‍ പ്രകോപനം മൂലമാണ് ട്യൂമറുകള്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നത്. ഇവയുടെ പ്രധാന ലക്ഷണങ്ങള്‍ എന്ന് പറയുന്നത് തലവേദന, ഫിറ്റ്‌സ്, കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍, ഛര്‍ദ്ദി, മസ്തിഷ്‌കത്തില്‍ സംഭവിക്കുന്ന ന്യുനത്വം (സെന്‍സോറിയം കുറയുന്നത്), മാനസികമായ മാറ്റങ്ങള്‍ എന്നിവയാണ്. ഇത്തരം അവസരങ്ങളില്‍ രോഗിക്കു അസഹനീയമായ തലവേദന അനുഭവപ്പെടുന്നു. അത് രാവിലെ അതീതീവ്രമായി വരികയും ചിലപ്പോള്‍ ഛര്‍ദ്ദിക്കുന്നതോടെ ശമിക്കുകയും ചെയ്യുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ നടക്കാനോ അല്ലെങ്കില്‍ സംസാരിക്കാനോ ഉള്ള ബുദ്ധിമുട്ട് ഉള്‍പ്പെടാം.

എന്നാല്‍ എല്ലാ തലവേദനയും ട്യൂമര്‍ കാരണം ആവില്ല. എപ്പോഴാണ് അവയെ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

1. തലവേദന ഇല്ലാത്ത ഒരാള്‍ക്ക് തലവേദന വരാന്‍ തുടങ്ങിയാല്‍, അത് ഗൗരവമായി കാണണം. പുതുതായി രൂപം കൊണ്ട തലവേദനയുടെ തീവ്രത ക്രമേണ വര്‍ദ്ധിച്ചുവരുന്നതായി കാണപ്പെടുന്നു. വേദന തികച്ചും ഇടവിടാതെ തന്നെ അനുഭവപ്പെടുന്നു. സാധാരണയായി അധിക സമയത്തും രോഗി കടുത്ത തലവേദനയെ തുടര്‍ന്നാണ് രാവിലെ ഉണരുന്നത്.


2. രാവിലെ ഉണരുമ്പോള്‍ തന്നെ രോഗി അതികഠിനമായി ഛര്‍ദ്ദിക്കുന്നു. ഇവിടെ ഛര്‍ദിയോടൊപ്പം ഓക്കാനം ഉണ്ടാകില്ല. ഛര്‍ദ്ദിക്കുന്നതോടെ തലവേദനയ്ക്ക് താല്‍ക്കാലിക ആശ്വാസം ലഭിക്കുന്നു.


3. പുതിയതായി സംഭവിക്കുന്ന ഫിറ്റ്‌സ്. ഇത് വ്യത്യസ്ത തരം ആകാം അതായതു ശരീരത്തിന്റെ ഒരു ഭാഗം മാത്രം ഉള്‍പ്പെടുന്നതരത്തിലോ (കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നവ) അല്ലെങ്കില്‍ മുഴുവന്‍ ശരീരവും ഉള്‍പ്പെടുന്ന തരത്തിലോ ആവാം.


4. ബലഹീനത അല്ലെങ്കില്‍ മരവിപ്പ് – ക്രമേണ വര്‍ദ്ധിക്കുകയും ശരീരത്തിന്റെ ഒരു ഭാഗം അല്ലെങ്കില്‍ ഒരു വശീ മാത്രം ഉള്‍പ്പെടുമ്പോള്‍.


5. കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ച് ഒപ്റ്റിക് നാഡി (കാഴ്ചയുടെ നാഡി) അല്ലെങ്കില്‍ പിറ്റിയൂട്ടറി ഗ്രന്ഥി എന്നിവ ഉള്‍പ്പെടുമ്പോള്‍.


6. മെമ്മറി പ്രശ്‌നങ്ങള്‍, പെരുമാറ്റ മാറ്റങ്ങള്‍, ഭാഷാ പ്രശ്‌നങ്ങള്‍, ആശയക്കുഴപ്പങ്ങള്‍ മുതലായവ പെട്ടെന്ന് ഉണ്ടാകുന്ന വൈജ്ഞാനിക പ്രശ്‌നങ്ങള്‍ സംഭവിക്കുമ്പോള്‍.


7. സംസാരത്തിലെ ബുദ്ധിമുട്ട്, ചലനരീതിയില്‍ സംഭവിക്കുന്ന പെട്ടെന്നുള്ള അസ്വസ്ഥതകള്‍, അസന്തുലിതാവസ്ഥ, ഏകോപനത്തില്‍ അല്ലെങ്കില്‍ മുഖത്തെ പേശികളുടെ ബലഹീനത എന്നിവ സംഭവിക്കുമ്പോള്‍.

ഇങ്ങനെയുള്ള അപകടസൂചനകള്‍ രോഗിയില്‍ കാണുമ്പോള്‍ എത്രയും പെട്ടെന്ന് ആവശ്യകമായ വൈദ്യസഹായം തേടേണ്ടതാണ്.

മസ്തിഷ്‌ക മുഴകളുടെ അപകടങ്ങള്‍

മിക്ക മസ്തിഷ്‌ക മുഴകളും വ്യക്തമായ അപകട ഘടകങ്ങളുമായി ബന്ധപ്പെട്ടായിരിക്കില്ല എന്നതാണ് വാസ്തവം. എന്നാല്‍ മസ്തിഷ്‌ക മുഴകളുടെ അപകടസാധ്യത ഉയര്‍ത്തുന്ന സംശയാസ്പദമായ ചില ഘടകങ്ങള്‍ ഉണ്ടാകാം.

1. റേഡിയേഷന്‍ എക്‌സ്‌പോഷര്‍

റേഡിയേഷന്‍ എക്‌സ്‌പോഷറാണ് ആണ് മസ്തിഷ്‌ക മുഴകള്‍ക്കുള്ള ഏറ്റവും അറിയപ്പെടുന്ന പാരിസ്ഥിതിക അപകടസാധ്യത ഘടകം. റേഡിയേഷന്‍ തെറാപ്പി മറ്റേതെങ്കിലും അവസ്ഥയെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുമ്പോള്‍ അത് അപകടസാധ്യത സൃഷ്ടിച്ചേക്കാം. റേഡിയേഷന് ശേഷം 15 മുതല്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ മസ്തിഷ്‌ക മുഴകള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞത്. പക്ഷേ റേഡിയേഷന്‍-ഇന്‍ഡ്യൂസ്ഡ് ട്യൂമറുകള്‍ വളരെ വളരെ അപൂര്‍വമാണ്. എക്‌സ്-റേ അല്ലെങ്കില്‍ സിടി സ്‌കാന്‍ പോലുള്ള ഇമേജിംഗ് ടെസ്റ്റുകളിലേക്ക് എക്‌സ്‌പോഷര്‍ ചെയ്യുന്നതിലൂടെ ഉണ്ടാകാനിടയുള്ള അപകടസാധ്യത ഇതുവരെ ഉറപ്പാക്കിയിട്ടില്ല.

2. രോഗപ്രതിരോധ സംവിധാന വൈകല്യങ്ങള്‍ മൂലമോ മരുന്നുകളുടെ ഉപയോഗം മൂലമോ ഉണ്ടാവാം.

രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകള്‍ക്ക് തലച്ചോറിന്റെയോ സുഷുമ്നാ നാഡിയുടെയോ ലിംഫോമ ഉണ്ടാകാനുള്ള സാധ്യത സംശയാസ്പദമാണ്. ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി (HRT) അല്ലെങ്കില്‍ ഓറല്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എടുക്കുന്ന ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകള്‍ക്ക് മെനിഞ്ചിയോമ ഉണ്ടാകാനുള്ള സാധ്യത അല്‍പ്പം കൂടിയേക്കാം, എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ ഗവേഷണം ആവശ്യമാണ്.

3. കുടുംബപരമായി സംഭവിക്കുന്നത്

അപൂര്‍വ സന്ദര്‍ഭങ്ങളില്‍ (5%) മസ്തിഷ്‌ക അര്‍ബുദം കുടുംബപാരമ്പര്യമെന്നോണം സംഭവിക്കുന്നു. സാധാരണയായി അവ വ്യക്തിയുടെ ചെറുപ്പകാലത്തില്‍ സംഭവിക്കുന്നു. ന്യൂറോഫിബ്രോമാറ്റോസിസ്, ട്യൂബറസ് സ്‌ക്ലിറോസിസ്, വോണ്‍ ഹിപ്പല്‍-ലിന്‍ഡോ രോഗം എന്നിവ ഇതില്‍ ചിലതാണ്.

4. മറ്റ് ഘടകങ്ങള്‍

പാരിസ്ഥിതിക ഘടകങ്ങളായ ലായകങ്ങള്‍, കീടനാശിനികള്‍, ഓയില്‍ ഉപോല്‍പ്പന്നങ്ങള്‍, റബ്ബര്‍ അല്ലെങ്കില്‍ വിനൈല്‍ ക്ലോറൈഡ് (പ്ലാസ്റ്റിക് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഒരു രാസവസ്തു), പെട്രോളിയം ഉല്‍പന്നങ്ങള്‍, മറ്റ് ചില രാസവസ്തുക്കള്‍ എന്നിവ മസ്തിഷ്‌ക ട്യൂമറുകളുടെ അപകടസാധ്യത കൂട്ടുന്നതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അസ്പാര്‍ട്ടേറ്റ്, ചില വൈറസുകള്‍ (EB വൈറസ്, CM വൈറസ്, പോളിയോമ വൈറസ്) മൂലമുള്ള അണുബാധ എന്നിവ അപകടസാധ്യത ഘടകങ്ങളായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

സെല്‍ ഫോണ്‍ ഉപയോഗം

സെല്‍ ഫോണുകള്‍ റേഡിയോ ഫ്രീക്വന്‍സി (RF) കിരണങ്ങള്‍ നല്‍കുന്നു, ഇത് FM റേഡിയോ തരംഗങ്ങള്‍ക്കും മൈക്രോവേവ് ഓവനുകള്‍, റഡാര്‍, സാറ്റലൈറ്റ് സ്റ്റേഷനുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന വൈദ്യുതകാന്തിക സ്‌പെക്ട്രത്തിലെ ഊര്‍ജ്ജമാണ്. സെല്‍ഫോണുകള്‍ DNAയെ തകര്‍ക്കുന്നതിലൂടെ ക്യാന്‍സറിന് കാരണമാകുന്ന അയോണൈസിംഗ് വികിരണം നല്‍കുന്നില്ല. 2011-ല്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (IARC) മൊബൈല്‍ ഫോണ്‍ വികിരണത്തെ ഗ്രൂപ്പ് 2 ആ ആയി തരംതിരിച്ചു – അതായത് ‘ഒരുപക്ഷേ അര്‍ബുദത്തിനു കാരണമായേക്കാം’. അതിനാല്‍ അര്‍ബുദത്തിന് ‘എന്തെങ്കിലും അപകടസാധ്യത’ ഉണ്ടാകാമെന്നതിനാല്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ട്.

ഭക്ഷണക്രമം, പുകവലി, മദ്യം

ഡയറ്ററി എന്‍-നൈട്രോസോ സംയുക്തങ്ങള്‍ കുട്ടികളിലും മുതിര്‍ന്നവരിലും മസ്തിഷ്‌ക മുഴകള്‍ക്കുള്ള അപകടസാധ്യത സൂചിപ്പിക്കുന്നു. പ്രോസസ്സ് ചെയ്യപ്പെട്ട ചില മാംസങ്ങള്‍, സിഗരറ്റ് പുക, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ എന്നിവയില്‍ കാണപ്പെടുന്ന നൈട്രൈറ്റുകള്‍ അല്ലെങ്കില്‍ നൈട്രേറ്റുകള്‍ എന്നിവയില്‍ നിന്ന് ശരീരത്തില്‍ എന്‍-നൈട്രോസോ സംയുക്തങ്ങള്‍ രൂപം കൊള്ളുന്നു. എന്നാല്‍ മദ്യപിക്കുന്നത് അപകടസാധ്യതയെ ബാധിക്കുമെന്ന് തോന്നുന്നില്ല.

ട്യൂമറുകളുടെ ചികിത്സ

മെനിഞ്ചിയോമ (Meningioma), ചിലതരം ഗ്ലിയോമാസ് (Gliomas), പിറ്റിയൂട്ടറി അഡെനോമ (Pituitary adenoma), നെര്‍വ് ഷീത്ത് ട്യൂമറുകള്‍ (Nerve sheath tumors), ജേം സെല്‍ ട്യൂമറുകള്‍(germ cell tumours), ഹീമന്‍ജിയോബ്ലാസ്റ്റോമസ് (haemangioblastomas), കാവെര്‍നോമസ് (cavernomas), ചിലതരം ലിംഫോമകള്‍ (Lymphomas) എന്നിവ പൂര്‍ണ്ണമായും ചികിത്സിക്കാവുന്ന മസ്തിഷ്‌ക മുഴകളാണ് (ശരിയായ ചികിത്സയിലൂടെ).

ശസ്ത്രക്രിയ വഴി (ക്രെയ്‌നിയോറ്റമി) നീക്കംചെയ്യല്‍ (റിസെക്ഷന്‍) ആണ് പ്രാഥമികവും ഏറ്റവും ആവശ്യമുള്ളതുമായ നടപടി. എന്‍ഡോസ്‌കോപ്പിക് ശസ്ത്രക്രിയകളും നടത്തുന്നു. അള്‍ട്രാമോഡെണ്‍ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പുകള്‍, ന്യൂറോനാവിഗേഷന്‍ സിസ്റ്റങ്ങള്‍, കവിട്രോണ്‍ അള്‍ട്രാ സോണിക് ആസ്പിറേറ്റര്‍ (CUSA), എന്‍ഡോസ്‌കോപ്പുകള്‍, മറ്റ് നൂതന ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യതയോടൊപ്പം ശസ്ത്രക്രിയാ രീതികളെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിനൊപ്പം ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയയുടെ സുരക്ഷയും വിജയനിരക്കും ഉയര്‍ന്നു.

അവേക്ക് ക്രെയ്‌നിയോറ്റമി – പ്രത്യേക കേന്ദ്രങ്ങളില്‍ ചെയ്യുന്ന ഒരു പ്രത്യേക തരം മസ്തിഷ്‌ക ശസ്ത്രക്രിയയാണിത്. ഇവിടെ രോഗിക്ക് ശസ്ത്രക്രിയയ്ക്കിടെ ശസ്ത്രക്രിയാ വിദഗ്ധനുമായി സംസാരിക്കാന്‍ കഴിയും. ഇത് പ്രത്യേക അനസ്‌തെറ്റിക് ടെക്‌നിക്കുകളിലൂടെ സാധ്യമാണ്. ശസ്ത്രക്രിയയ്ക്കിടെ വൈകല്യങ്ങള്‍ തടയാന്‍ ഇത് സഹായിക്കുന്നു.

റേഡിയോ തെറാപ്പി – ബ്രെയിന്‍ ട്യൂമറുകള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്ന ചികിത്സയാണ് റേഡിയോ തെറാപ്പി. ട്യൂമറിന്റെ സൈറ്റില്‍ റേഡിയേഷന്‍ ഫോക്കസ് ചെയ്യുന്നതിന് കമ്പ്യൂട്ടറൈസ്ഡ് കണക്കുകൂട്ടലുകള്‍ ഉപയോഗിക്കുന്ന ഒരു ചികിത്സാ രീതിയാണ് റേഡിയോസര്‍ജറി, അതുമൂലം ചുറ്റുമുള്ള തലച്ചോറിലേക്കുള്ള റേഡിയേഷന്‍ അളവ് കുറയ്ക്കുന്നു. സ്റ്റീരിയോടാക്റ്റിക് റേഡിയോസര്‍ജറിയുടെ തരങ്ങളില്‍ ഗാമ നൈഫ്, ലീനിയര്‍ ആക്സിലറേറ്റര്‍, സൈബര്‍ നൈഫ് എന്നിവ ഉള്‍പ്പെടുന്നു.

കീമോതെറാപ്പി – ക്യാന്‍സറിനുള്ള ഒരു ചികിത്സാ മാര്‍ഗമാണ്, മാത്രമല്ല 20% മസ്തിഷ്‌ക കാന്‍സറുകളില്‍ അതിജീവനം മെച്ചപ്പെടുത്താനും സാധിക്കുന്നു. ആന്റി എപിലെപ്റ്റിക്‌സ് (ഫിറ്റ്‌സ് നിയന്ത്രിക്കല്‍), സ്റ്റിറോയിഡുകള്‍ (ബ്രെയിന്‍ എഡിമ കുറയ്ക്കുക) എന്നിവയൊഴികെ ഫാര്‍മക്കോളജിക്കല്‍ തെറാപ്പിയുടെ പങ്ക് പരിമിതമാണ്. വ്യത്യസ്ത മസ്തിഷ്‌ക മുഴകളുടെ സ്വഭാവത്തെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിനായി വിപുലമായ ഗവേഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്, ഈ ഭയാനകമായ രോഗത്തിനെതിരെ പോരാടുന്നതിന് കൂടുതല്‍ കൂടുതല്‍ ചികിത്സാ രീതികള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

ഇമ്മ്യൂണോതെറാപ്പി – ബയോളജിക്കല്‍ റെസ്‌പോണ്‍സ് മോഡിഫയര്‍ (BRM) തെറാപ്പി, ഓങ്കോളിറ്റിക് വൈറസ് തെറാപ്പി എന്നിവയാണ് അവ
യില്‍പെട്ടതു. തെറ്റായ ജീനുകളുടെ അല്ലെങ്കില്‍ പ്രോട്ടീനുകളുടെ ടാര്‍ഗെറ്റുചെയ്ത തെറാപ്പി, ജീന്‍ തെറാപ്പി. ഹോര്‍മോണ്‍ തെറാപ്പി, ഫോട്ടോ ഡൈനാമിക് തെറാപ്പി, ഇലക്ട്രിക് ഫീല്‍ഡ് തെറാപ്പി എന്നിവ ഭാവിയില്‍ പ്രതീക്ഷ നല്‍കുന്ന ചില ചികിത്സാ രീതികളാണ്.

ഇത്തരത്തിലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് തെറാപ്പിക്ക് വിധേയമാകുമ്പോള്‍ ധാരാളം പോസിറ്റീവ് എനര്‍ജിയും മാനസിക ശക്തിയും ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അത് തീര്‍ച്ചയായും ചികിത്സയുടെ വിജയം മെച്ചപ്പെടുത്തും.

(കൊച്ചി വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജനാണ് ലേഖകന്‍.)

Dr. Arun Oommen
MBBS, MS ( Gen Surg), Mch( Neurosurgery),MRCS Ed (UK) , MBA( Hospital administration), ENLS, D Litt(H), Phd(H), D Sc(H), Neuro Endoscopy Fellow.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

News

കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി