തിരിച്ചടികളില്‍ മനസ്സ് തളര്‍ന്നു പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട കഥയാണ് ഓസ്‌ട്രേലിയന്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ ആയ ട്യൂറിയ പിറ്റിന്റേത്. ജീവിതത്തില്‍ അപ്രതീക്ഷിതമായെത്തുന്ന ഒരപകടം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഒരു വ്യക്തിയുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും എന്തിനേറെ വ്യക്തിത്വത്തെ പോലും മാറ്റിമറിക്കുന്ന ഒന്നാണ്.
അത്തരമൊരു നിമിഷത്തെ അടുത്തറിയുകയും തെല്ലും കൂസാതെ മരണത്തില്‍ നിന്നും നേട്ടങ്ങളിലേക്ക് ഓടിക്കയറുകയും ചെയ്തയ വ്യക്തിയാണ് ട്യൂറിയ പിറ്റ്. ട്യൂറിയ പിറ്റ്, ആഗോളതലത്തില്‍ ആരാധകരുള്ള മോട്ടിവേഷണല്‍ സ്പീക്കര്‍. മൈനിംഗ് എന്‍ജിനീയര്‍, അത്‌ലറ്റ്, മോഡല്‍ എന്നീ നിലകളില്‍ പേരെടുത്ത ട്യൂറിയ സ്വയം തെരെഞ്ഞെടുത്ത പ്രൊഫഷനല്ല മോട്ടിവേഷണല്‍ സ്പീക്കറുടേത്.
അപ്രതീക്ഷിതമായ ഒരപകടത്തില്‍ ശരീരമാസകലം പൊള്ളിയടര്‍ന്ന ട്യൂറിയയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവില്‍ വിധി അവരെ ഭദ്രമായി ഏല്‍പ്പിച്ച റോളാണത്. പ്രതീക്ഷകള്‍ ഇല്ലാതായ, സ്വപ്നങ്ങള്‍ക്ക് നിറം നഷ്ടപ്പെട്ട അവസ്ഥയില്‍ ട്യൂറിയ നടത്തിയ തിരിച്ചറിവിന്റെ അനുഭവങ്ങളാണ് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതിനായി അവര്‍ പങ്കുവയ്ക്കുന്നത്.
ട്യൂറിയയുടെ കഥയാരംഭിക്കുന്നത് 1987 ലാണ്. 1987 ജൂലായ് 24നു ഫ്രാന്‍സിലാണു ട്യൂറിയ പിറ്റ് ജനിച്ചത്. അവള്‍ക്കു 3 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഓസ്‌ട്രേലിയയിലേക്കു കുടിയേറി. പിന്നീട് ഓസ്‌ത്രേലിയന്‍ സിറ്റിസണ്‍ഷിപ്പില്‍ ഒരു ഓസ്‌ത്രേലിയക്കാരിയായിട്ടായിരുന്നു ട്യൂറിയയുടെ ജീവിതം.
ചെറുപ്പംമുതല്‍ പഠനത്തിലും കായികരംഗത്തും ട്യൂറിയ മിടുക്കിയായിരുന്നു ട്യൂറിയ. ഭാവിയില്‍ ആരാകണം, എന്താകണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വളരെ ചെറുപ്പം മുതല്‍ക്ക് ട്യൂറിയക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നു. സ്‌കൂള്‍ പഠനത്തിനുശേഷം മൈനിംഗ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു.
ആ രംഗത്ത് ധാരാളം ജോലി സാധ്യതകള്‍ ഉള്ളതിനാലാണ് വനിതകള്‍ ആരും അധികം കൈവയ്ക്കാത്ത ആ മേഖലാതന്നെ ട്യൂറിയ തെരെഞ്ഞെടുത്തത്. എന്നാല്‍ പഠനകാലയളവില്‍ തന്നെ ട്യൂറിയ മോഡലിങ്ങിലും അത്‌ലറ്റിക്‌സിലും തന്റെ ഭാഗ്യം പരീക്ഷിച്ചിരുന്നു. ഈ രണ്ടു രംഗത്തും ട്യൂറിയ ഒരു വിജയമായിരുന്നു. മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുക്കുക എന്നത് ട്യൂറിയയുടെ ശീലമായിരുന്നു. അങ്ങനെയാണു തന്റെ 24 ആം വയസില്‍ കിംബേര്‍ലി മാരത്തണിലേക്ക് ട്യൂറിയ എത്തുന്നത്.
അതായിരുന്നു ട്യൂറിയയുടെ ജീവിതം മൊത്തത്തില്‍ മാറ്റിമറിച്ച സംഭവം. 2011 സെപ്റ്റംബര്‍ 2 ആം തീയതി നടന്ന ആ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഏറെ തയ്യാറെടുപ്പുകളോടും ആത്മവിശ്വാസത്തോടും കൂടിയാണ് ട്യൂറിയ എത്തിയത്. ഓസ്‌ട്രേലിയയിലെ ഏറെ പ്രശസ്തമായ ആ അള്‍ട്രാ മാരത്തണിനായി നാട് ഒരുങ്ങിക്കഴിഞ്ഞിരുന്നു. 100 കിലോമീറ്ററാണ് ഓടേണ്ട ദൂരം. മാനസികമായും ശാരീരികമായും ഏറെ ഫിറ്റായിരുന്ന ട്യൂറിയക്ക് അന്ന് വിജയത്തില്‍ കുറഞ്ഞൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.
ദൂരം കൂടുതലാണ് എന്നതിനാല്‍ തന്നെ അധികം ജനവാസമില്ലാത്ത മേഖലകള്‍ താണ്ടി വേണം ലക്ഷ്യസ്ഥാനത്തെത്താന്‍. മത്സരത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞു. വിസില്‍ മുഴങ്ങി. വലിയ ജനക്കൂട്ടം, ദൂരെ കാത്തിരിക്കുന്ന ലക്ഷ്യസ്ഥാനത്തേക്കു കുതിച്ചു. ദൂരത്തിന്റെയും വേഗതയുടെയും അടിസ്ഥാനത്തില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന ആള്‍കൂട്ടം ചെറുതായി വന്നു കൊണ്ടിരുന്നു.
കിംബേര്‍ലി എന്നയിടം പുല്‍മേടുകള്‍ക്ക് ഏറെ പ്രശസ്തമാണ്. പെട്ടന്നാണ് കിംബേര്‍ലി പുല്‍മേടുകളെ വിഴുങ്ങിക്കൊണ്ട് അപ്രതീക്ഷിതമായാണു കാട്ടുതീ പടര്‍ന്നത്.നിര്‍ഭാഗ്യവശാല്‍ ട്യൂറിയ പിറ്റ് ഓടിയിരുന്ന വഴിക്കായിരുന്നു കാട്ടുതീയുടെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. ചെറുത്ത് നില്‍ക്കുന്നതിനുള്ള അവസരം ലഭിക്കും മുന്‍പേ ആളിപടര്‍ന്ന തീ ട്യൂറിയയെ വിഴുങ്ങി. ധാരാളം അത്‌ലറ്റുകള്‍ക്ക് പൊള്ളലേറ്റു എങ്കിലും ട്യൂറിയ അകപ്പെട്ടപോലെ അഗ്‌നി കോളത്തില്‍ ആരും അകപ്പെട്ടിരുന്നില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ആ പെണ്‍കുട്ടി പൊള്ളലേറ്റു നിലത്തു വീണു. മരണത്തെ മുഖാമുഖം നിമിഷങ്ങളായിരുന്നു അവ.
വിവരമറിഞ്ഞ സംഘാടകര്‍ സ്ഥലത്തേത്ത് പ്രാഥമിക ചികിത്സ നല്കുമ്പോഴേക്കും ഏറെ വൈകിയിരുന്നു. മണിക്കൂറുകളെടുത്തു ട്യൂറിയയെയും മറ്റു താരങ്ങളെയും ആശുപത്രിയിലെത്തിക്കാന്‍. സംഘാടകര്‍ ഹെലികോപ്ടറില്‍ നടത്തിയ പരിശോധനയിലാണ് ട്യൂറിയ കിടക്കുന്ന ഇടം കണ്ടെത്താനായത്. ആശുപത്രിയില്‍ എത്തിച്ച ട്യൂറിയയുടെ നില അതീവ ഗുരുതരമായിരുന്നു. 65 ശതമാനം പൊള്ളലേറ്റു. ജീവന്‍ രക്ഷിക്കാനാകുമോ എന്ന സംശയത്തിലായിരുന്നു ഡോക്റ്റര്‍മാര്‍. എന്നാല്‍ അസാധാരണ ഇച്ഛാശക്തിയുള്ള പെണ്‍കുട്ടിയായിരുന്നു ട്യൂറിയ പിറ്റ്. ഒരു മാസത്തോളം കോമയിലായിരുന്ന ട്യൂറിയ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി.
സാധാരണ ജീവിതത്തിലേക്ക് ഇനി അവള്‍ക്കു മടങ്ങി വരാനാകില്ലെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞത്. 6 മാസം ആശുപത്രിയില്‍ കഴിഞ്ഞു. ആ കാലഘട്ടത്തിലൊന്നും ആരോടും ട്യൂറിയ സംസാരിച്ചില്ല. അപകടമുണ്ടാക്കിയ ആഘാതത്തില്‍ നിന്നും അവള്‍ക്ക് രക്ഷനേടാന്‍ കഴിഞ്ഞിരുന്നില്ല. ദേഹമാസകലം പൊള്ളിയതിനു പുറമെ കൈകളിലെ 7 വിരലുകള്‍ നഷ്ടപ്പെട്ടു. 6 മാസത്തിനിടെ 200 ശസ്ത്രക്രിയകളാണ് ശരീരത്തില്‍ നടത്തിയത്. ഏതൊരു മനുഷ്യനും താങ്ങാന്‍ കഴിയുന്നതിലേറെ വേദന അക്കാലയളവില്‍ ട്യൂറിയ പിറ്റ് അനുഭവിച്ചു.ഏകദേശം രണ്ടു വര്‍ഷമെടുത്തു സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താന്‍. ആശുപത്രിയുടെ മനം മടുപ്പിക്കുന്ന മണം അവളുടെ ചിന്തകളില്‍ നിന്നും എന്നിട്ടും മാഞ്ഞില്ല. ആശുപത്രിയിലെ അവസാന നാളുകള്‍ ഒറ്റപ്പെട്ട ജീവിതമായിരുന്നു. ആ കാലയളവിലെല്ലാം ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ അണിഞ്ഞാണ് അവള്‍ ജീവിച്ചത്.
ഉറച്ച തീരുമാനത്തോടെ മടക്കം
ആശുപത്രി വിട്ടിറങ്ങുമ്പോള്‍ ഡോക്ടര്‍മാര്‍ അവളെ പലതും പറഞ്ഞ് ആശ്വസിപ്പിച്ചു. പയ്യെ പയ്യെ ജീവിതത്തിലേക്ക് വരണമെന്ന് അവളോട് പറഞ്ഞുകൊണ്ടിരുന്നു. മോഡല്‍ ആയിരുന്ന ഒരു വ്യക്തിക്ക് തന്റെ പൊള്ളിയടര്‍ന്ന ശരീരത്തെ ഉള്‍ക്കൊള്ളാന്‍ ആവില്ലെന്ന് ഡോക്റ്റര്‍മാര്‍ ഭയന്നിരുന്നു. ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ട്യൂറിയയോട് ഇനിയെന്താണു ഭാവി പരിപാടിയെന്ന് ചോദിച്ച ഒരു ഡോക്ടറോട് അയണ്‍മാന്‍ കോംപറ്റിഷനില്‍ പങ്കെടുക്കുകയാണു ലക്ഷ്യമെന്നു അവള്‍ പറഞ്ഞു. നീന്തലും സൈക്ലിങ്ങും ഓട്ടവുമെല്ലാം ചേര്‍ന്നു കഠിനമാണ് അയണ്‍മാന്‍ കോംപറ്റിഷന്റെ കടമ്പകള്‍. നിരാശാബോധം കൊണ്ട് ട്യൂറിയ കളിയാക്കിയതാണെന്നാണു ഡോക്ടര്‍ കരുതിയത്. എന്നാല്‍ ട്യൂറിയയുടെ വാക്കുകള്‍ സത്യമായിരുന്നു.
നിശബ്ദതയുടെ ലോകത്ത് അവള്‍ സ്വയം വെറുക്കുകയായിരുന്നില്ല. തിരിച്ചു വരവിനുള്ള വഴികള്‍ തേടുകയായിരുന്നു. വീണ്ടും ഒരു കുതിപ്പിനായി, ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിനായി സ്വയം സജ്ജയാകുകയായിരുന്നു. അതില്‍ ട്യൂറിയ വിജയിക്കുകയും ചെയ്തു. അയണ്‍മാന്‍ കോംപറ്റിഷനില്‍ പങ്കെടുകണമെന്നു ഡോക്റ്ററോട് പറഞ്ഞത് അവളുടെ ഉറച്ച തീരുമാനമായിരുന്നു. ആ തീരുമാനത്തില്‍ ഉറപ്പ് മനസിലാക്കിയ ഭര്‍ത്തവ് മൈക്കിളും അമ്മയും പ്രോത്സാഹിപ്പിച്ചു. കിടക്കയില്‍ തളര്‍ന്നിരിക്കുമ്പോള്‍, വിരൂപമായി മാറി മുഖത്തു നോക്കി കരച്ചില്‍ നിയന്ത്രിക്കാനാകാതെ വരുമ്പോള്‍ അയണ്‍മാന്‍ കോംപറ്റിഷനില്‍ പങ്കെടുക്കാനുള്ള അവളുടെ ആഗ്രഹത്തിനു കുടുംബം കരുത്തേകിക്കൊണ്ടിരുന്നു.
മൂന്നു വര്‍ഷമെടുത്തു അപകടത്തിനുശേഷം ട്യൂറിയക്ക് സ്വപ്നങ്ങള്‍ കണ്ടു തുടങ്ങാന്‍. 2014 മുതല്‍ ട്യൂറിയ പരിശീലനം ആരംഭിച്ചു. എന്നാല്‍ വിചാരിച്ച പോലെ ശരീരം വഴങ്ങാത്തതും പേശികള്‍ വലിയുമ്പോള്‍ ഉള്ള വേദനയും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍ പിന്തിരിയാന്‍ തയ്യാറല്ലായിരുന്നു ട്യൂറിയ. അവളുടെ നിശ്ചയദാര്‍ഢ്യം അതിനെയെല്ലാം അതിജീവിച്ചു. അങ്ങനെ 2016ല്‍ സകലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ അയണ്‍മാന്‍ കോംപറ്റീഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇനി ഒരിക്കലും തനിക്ക് ആരാധകര്‍ ഉണ്ടാകില്ലെന്ന് കരുതിയ ട്യൂറിയക്ക് നിറഞ്ഞ സദസിന്റെ കയ്യടി നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.
ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയ നാളുകളില്‍ നിന്നും കരകയറാന്‍ ട്യൂറിയക്ക് കരുത്തായത് ഭര്‍ത്താവ് മൈക്കിളിന്റെ സമീപനമാണ്. അപകടം നടക്കുമ്പോള്‍ ബാല്യകാല സുഹൃത്തും പൊലീസ് ഓഫിസറുമായ മൈക്കിളുമായുള്ള വിവാഹ നിശ്ചയം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ പൊള്ളലേറ്റ് വെന്തുരുകിയിട്ടും ട്യൂറിയയെ മൈക്കിള്‍ കൈവിട്ടില്ല. വിവാഹത്തിലൂടെ അവളെ ചേര്‍ത്ത് നിര്‍ത്തി. ലോകത്തെ അഭിമുഖീകരിക്കുന്നതിനുള്ള ധൈര്യം പകര്‍ന്നത് മൈക്കിള്‍ ആയിരുന്നു.
മത്സരം ജയിച്ചതോടെ ആളുകള്‍ ട്യൂറിയയെ തേടിയെത്തി. യഥാര്‍ത്ഥ അയണ്‍ലേഡി എന്ന് അവര്‍ വിശേഷിപ്പിച്ചു. പിന്നീടാണ് ട്യൂറിയ മോട്ടിവേഷണല്‍ ക്‌ളാസുകളില്‍ സജീവമാകുന്നത്. ‘അണ്‍മാസ്‌ക്ഡ്’, ‘ഗുഡ് സെല്‍ഫി’ തുടങ്ങിയവ തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി എഴുതിയ ട്യൂറിയയുടെ പുസ്തകങ്ങളാണ്. ‘ഇന്റര്‍പ്ലാസ്റ്റ് ഓസ്‌ട്രേലിയ ആന്‍ഡ് ന്യൂസീലന്‍ഡി’ന്റെ അംബാസഡറാണ്. 2014ല്‍ ‘വുമന്‍ ഓഫ് ദി ഇയര്‍’ ആയി രാജ്യം ട്യൂറിയയെ തിരഞ്ഞെടുത്തു. വെന്തുരുകിയിട്ടും ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്‌സ് പക്ഷിയുടെ മുഖമാണ് ഇന്ന് ട്യൂറിയ പിറ്റിന്.

