ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നു എന്ന് പറയപ്പെടുമ്പോഴും എന്താണീ മായം ചേര്‍ക്കല്‍ എന്നതിനെപ്പറ്റി ഭൂരിഭാഗം ആളുകള്‍ക്കും വ്യക്തമായ ധാരണയില്ല. കാരണം, ചില കീടനാശികള്‍, പ്രിസര്‍വേറ്റിവുകള്‍ എന്നിവചേര്‍ക്കുന്നതിന് നിയമപരമായ അനുമതിയുണ്ട്. ഇത്തരത്തില്‍ അനുശാസിച്ചിരിക്കുന്ന അളവിലും കൂടുതല്‍ ചേര്‍ക്കുകയാണ് എങ്കില്‍ അത് മയത്തിന്റെ പരിധിയില്‍ പെടും.
പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികളാണ് പ്രധാനപ്രശ്നം. ഫ്യൂറഡാന്‍, ബെന്‍സോ ഹെക്സാക്ലോറൈഡ്, എക്കാലക്സ്, ഹില്‍ബാന്‍, ബവിസ്റ്റിന്‍, ബോര്‍ഡോക്സ് എന്നിങ്ങനെയുള്ള കീടനാശിനികള്‍ വാഴക്കൃഷിയില്‍ ഉപയോഗിക്കുന്നു. ഇത് നേരിയതോതില്‍ എന്നവണ്ണം പഴം കഴിക്കുമ്പോള്‍ നമ്മുടെ ഉള്ളിലേക്കെത്തുന്നു. അത് പോലെ തന്നെ പൈനാപ്പിളില്‍ എത്തിഫോണ്‍, കാല്‍സ്യം കാര്‍ബണേറ്റ് എന്നിവയുടെ സാമിപ്യം കണ്ടെത്തിയിട്ടുണ്ട്.
ഇവയെല്ലാം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നവയാണ്. മല്ലിയില, പുതിനയില, വേപ്പില എന്നിവ ഏറ്റവും കൂടുതല്‍ വിഷം അടിക്കപ്പെടുന്നവയാണ്. മുന്തിരി, ഓറഞ്ച് എന്നിവയിലും കീടനാശിനികളുടെ അംശം കണ്ടെത്തിയിട്ടുണ്ട്. അതെ സമയം ആപ്പിളില്‍ മെഴുകിന്റെ അംശമാണുള്ളത്. മായം കണ്ടെത്തുന്നതിനായുള്ള ടെസ്റ്റുകള്‍ക്ക് ഉയര്‍ന്ന തുക ചെലവാകും എന്നതിനാല്‍ അധികമാരും അതിനു മുതിരാറില്ല എന്നതാണ് വാസ്തവം.
ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നേതൃത്വത്തില്‍ മായം കണ്ടെത്തുന്നതിനായി ജില്ലാടിസ്ഥാനത്തില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. സംശയം തോന്നുന്ന സാഹചര്യത്തില്‍ കണ്ടെത്തുന്ന ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന കടകളും ഇവരുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതാണ് ഉത്തമം. കഴിവതും വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ വീട്ടില്‍ത്തന്നെ കൃഷി ചെയ്യുക.ഇപ്പോള്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വര്‍ധിച്ചതോടെ ധാരാളംപേര്‍ കൃഷിത്തോട്ടങ്ങളിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇതിനെ ഒരു നല്ല തുടക്കമായിക്കാണാം.

