കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്ന് ഭക്ഷ്യസുരക്ഷയാണ്. നിസ്സാരകാരനായ കറിവേപ്പിലയില്‍ തുടങ്ങി മരുന്നുകളില്‍ വരെ മായം ചേര്‍ന്നിരിക്കുന്നതായി പലകുറി തെളിയിക്കപ്പെട്ടിരിക്കുന്നു. അമിതലാഭത്തെ മാത്രം മുന്നില്‍കണ്ട് ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ വ്യാപകമാകുമ്പോള്‍ അതിനൊപ്പം ഓടിയെത്താന്‍ പലപ്പോഴും സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് ആകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
പ്രകൃതിദത്തമെന്ന് നാം കരുതുന്ന ഓരോ ഭഷ്യവസ്തുവിനും വിപണിയില്‍ വ്യാജപ്പതിപ്പുകളുണ്ട്. സുനാമിയിറച്ചിയാണ് മാംസാഹാരികള്‍ക്ക് ഭീഷണിയെങ്കില്‍ മാഗ്‌നീക്ഷ്യം ടാല്‍ക്ക് ചേര്‍ന്ന ഉഴുന്ന്, കാവി ചേര്‍ത്ത അരി, യെല്ലോ ബട്ടര്‍ ചേര്‍ത്ത വെണ്ണ, കാര്‍ബൈഡ് ചേര്‍ത്ത പഴങ്ങള്‍, തുടങ്ങി സസ്യാഹാരികളെ ഭീഷണിയുയര്‍ത്തുന്ന ഘടകങ്ങള്‍ അനവധിയാണ്. സംസ്ഥാനത്തെ വര്‍ധിച്ചു വരുന്ന അര്‍ബുദ രോഗികളുടെ എണ്ണത്തിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഭക്ഷ്യവസ്തുക്കളിലെ മായം തന്നെയാണ്.
അമിതമായ ലാഭമോഹമാണ് മായം ചേര്‍ക്കലിന് പിന്നിലെ പ്രധാന ഘടകം. സംസ്ഥാനത്തെ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഭക്ഷ്യവകുപ്പിന് കീഴില്‍ ഇടയ്ക്കിടെ നടക്കുന്ന പരിശോധനയെത്തുടര്‍ന്ന് ഇത്തരത്തിലുള്ള നിരവധികേസുകള്‍ രേഖപ്പെടുത്താറുണ്ട്. പഴകിയ വസ്തുക്കള്‍ നിറം ചേര്‍ത്ത് പുതിയവയെന്ന് തോന്നിപ്പിച്ച് വില്‍ക്കുക, എളുപ്പം കേടുവരുന്ന ഭക്ഷ്യവസ്തുവില്‍ രാസപദാര്‍ഥം ചേര്‍ത്ത് അതിന്റെ ആയുര്‍ദൈര്‍ഘ്യം കൂട്ടുക, ഭക്ഷണത്തിന് കൃത്രിമമായ രുചി നല്‍കാനായി രാസവസ്തുക്കള്‍ ചേര്‍ക്കുക തുടങ്ങിയവയൊക്കെ അമിത ലാഭം ലക്ഷ്യമിട്ടു നടത്തുന്ന മായം ചേര്‍ക്കലിന് ഉദാഹരണങ്ങളാണ്.
പാലുല്‍പ്പന്നങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ മായം കണ്ടെത്തിയിരിക്കുന്ന കറിക്കൂട്ടുകളിലും സുഗന്ധവ്യഞ്ജനങ്ങളിലുമാണ്. മുളക് പൊടിയില്‍ ഇഷ്ടിക ചേര്‍ക്കാറുണ്ട് എന്നത് ഒരു കഥപോലെ പറഞ്ഞുകേട്ടിട്ടുണ്ടാകും നമ്മള്‍. എന്നാല്‍ അതിനേക്കാള്‍ മാരകമായ സുഡാന്‍ എന്ന രാസപദാര്‍ത്ഥമാണ് മുളക്‌പൊടിയില്‍ ചേര്‍ക്കുന്നത്. എണ്ണയില്‍ അലിയുന്ന ഈ നിറത്തെ എളുപ്പം കണ്ടെത്താന്‍ കഴിയില്ല. മഞ്ഞളിന് മഞ്ഞനിറം കൂട്ടാന്‍ ലെഡ് ക്രോമേറ്റ് എന്ന രാസപദാര്‍ത്ഥം ചേര്‍ക്കുന്നു.ഇത് ചേര്‍ക്കുമ്പോള്‍ മഞ്ഞളിന്റെ തൂക്കവും കൂടുന്നു.
ജീരകത്തില്‍ പുല്‍ക്കായ ചേര്‍ക്കുന്നതും കടുകില്‍ പൊന്നുമ്മത്തിന്റെ കായകള്‍ ചേര്‍ക്കുന്നതും കുരുമുളകില്‍ പപ്പായക്കുരു ചേര്‍ക്കുന്നതും ഈ രംഗത്തെ എടുത്തു പറയേണ്ട മാങ്ങളാണ്. എന്നാല്‍ ഇതില്‍ പലതും നമ്മള്‍ അറിയാതെ പോകുന്നു എന്നതാണ് വാസ്തവം. മല്ലിപ്പൊടിയും മുളകുപൊടിയും ഉള്‍പ്പെടെ ഏതു മസാലപ്പെടികളിലും മായമായി അന്നജം ചേര്‍ക്കുന്നുണ്ട്. മല്ലിയിലും മുളകിലും ചേര്‍ക്കുന്ന അന്നജം അയോഡിന് ലായനി ചേര്‍ത്തു കണ്ടെത്താനാകും. എന്നാല്‍ മഞ്ഞള്‍പ്പൊടിയില്‍ ചേര്‍ക്കുന്ന മായം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.
ക്യൂനാല്‍ഫോസ് സെപെര്‍മെത്രിന്‍, ക്ലോര്‍ പെറിഫോസ്, എത്തയോണ്‍, ലാംബ്ഡാ, സൈഹാലോത്രിന്‍ എന്നിവയുടെ അംശമാണ് ഏലക്കയില്‍ കണ്ടു വരുന്നത്. കീടനാശിപ്രയോഗം അതിരു കിടന്നതിനെ തുടര്‍ന്നാണ് ഇത്. ചുവന്ന മുളകില്‍ എത്തയോണ്‍, ബെഫെന്‍ത്രിന്‍, പ്രൊപെനോഫോസ് എന്നിവയുടെ അംശംമാണ് കണ്ടെത്തിയത്. എത്തയോണ്‍ ഓര്‍ഗാനോഫോസ്‌ഫെറ്റ് വിഭാഗത്തില്‍ പെടുന്ന കീടനാശിനിയാണ്. ഇത് ശരീരത്തില്‍ അമിതമായി കടന്നാല്‍ ഞെരമ്പുകള്‍ക്ക് തളര്‍ച്ചയുണ്ടാകും.
ജീരകത്തില്‍ ക്ലോര്‍പെറിഫോസിന്റെയും സെപെര്‍മെത്രിന്റെയും അംശം ഉണ്ട്. ഭൂരിഭാഗം സുഗന്ധവ്യഞ്ജനങ്ങളെയും വിഷമയമാക്കുന്നത് കീടനാശിനി പ്രയോഗമാണ്. പല രാജ്യങ്ങളിലും നിരോധിച്ച്ച കീടനാശിനിയാണ് ഇത്.ശരീരത്തിലെ ഹോര്‍മോണ്‍ വ്യവസ്ഥയെ പാടെ തകിടം മറിക്കാന്‍ ഇതിനാകുന്നു. സ്ത്രീകള്‍ക്കാണ് ഇതുമൂലം കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. വെളിച്ചെണ്ണയില്‍ ഈന്തപ്പനഎണ്ണ ചേര്‍ത്തുവിട്ടും ലാഭം കൊയ്യുന്നവര്‍ ധാരാളമാണ്.

