വേനലില്‍ ദാഹം വര്‍ധിക്കും. അതിനാല്‍ തന്നെ വീടിനു പുറത്തേക്ക് ഇറങ്ങുന്നവര്‍ കയ്യില്‍ ഒരു കുപ്പി വെള്ളം കൊണ്ട് പോകുന്നത് പതിവാണ്. എന്നാല്‍ കൊണ്ട് പോകാനുള്ള എളുപ്പത്തിന് ആളുകള്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ ആശ്രയിക്കുന്നത് അല്പം അപകടമാണ്. ചില്ലു കുപ്പി പോലെ ഭാരമില്ല, പൊട്ടില്ല എന്നതൊക്കെയാണ് പ്ലാസ്റ്റിക്ക് കുപ്പിയുടെ മേന്മ. എന്നാല്‍ വേനല്‍ ചൂടില്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകളില്‍ വെള്ളം കുടിക്കുന്നത് നല്ലതല്ല.
വേനല്‍ക്കാലത്ത് സൂര്യപ്രകാശം പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍ തുടങ്ങിയവയില്‍ ഏല്‍ക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.കടകളില്‍ വില്‍പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം. എന്നാല്‍ ഈ നിര്‍ദേശം വില്പനശാലകള്‍ മാത്രമല്ല, പൊതുജനങ്ങളും ശ്രദ്ധിക്കണം.
കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല എന്നതാണ് ആപത്ത്. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും. വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുപ്പിവെള്ളം സൂക്ഷിച്ചാലും ഫലം ഇത് തന്നെയാണ്.
കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല. കുപ്പിവെള്ളത്തില്‍ ഐഎസ്ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

