Connect with us

Hi, what are you looking for?

Life

തെരുവിന്റെ വിശപ്പകറ്റുന്ന ഹര്‍ഷില്‍ മിത്തല്‍

ഇന്ത്യന്‍ പൗരാവകാശ രേഖകളില്‍ ഒന്നും ഇടം പിടിക്കാത്ത, സ്വന്തമായി ഒരു മേല്വിലാസമില്ലാത്ത ഈ തെരുവിന്റെ മക്കള്‍ ഇന്നും ഒരു നേരത്തെ ആഹാരത്തിനായി മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈനീട്ടുന്നു

സാമൂഹികമായും സാംസ്‌കാരികമായുമെല്ലാം വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയില്‍ ഇന്നും നല്ലൊരു വിഭാഗം ജനങ്ങള്‍ വിശപ്പറിഞ്ഞു ജീവിക്കുന്നവരാണ്. കാനേഷുമാരി കണക്കുകളില്‍ പെടാതെ, തെരുവില്‍ ഉറങ്ങുന്നവര്‍. ഇന്ത്യന്‍ പൗരാവകാശ രേഖകളില്‍ ഒന്നും ഇടം പിടിക്കാത്ത, സ്വന്തമായി ഒരു മേല്വിലാസമില്ലാത്ത ഈ തെരുവിന്റെ മക്കള്‍ ഇന്നും ഒരു നേരത്തെ ആഹാരത്തിനായി മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈനീട്ടുന്നു. ഇന്ത്യന്‍ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ 2015 ല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 196 മില്യണ്‍ ജനങ്ങളാണ് ഇന്ത്യയിലെ തെരുവുകളില്‍ പോഷകക്കുറവുമായി ജീവിക്കുന്നത്. പ്രതിദിനം 3000 ആളുകള്‍ ഇതേകാരണം കൊണ്ട് മരണപ്പെടുകയും ചെയ്യുന്നു. ഈ കണക്കുകള്‍ പ്രതിവര്‍ഷം വര്‍ധിച്ചു വരികയാണ്.

ഗ്രാമ നഗര വ്യത്യാസമില്ലാതെ തുടരുന്ന പട്ടിണി എന്ന വിപത്തിനെ ചെറുക്കാന്‍ തന്നാല്‍ കഴിയുന്ന എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തില്‍ നിന്നുമാണ് ബെംഗളൂരു സ്വദേശിയായ ഹര്‍ഷില്‍ മിത്തല്‍ 2017 ല്‍ ലെറ്റ്സ് ഫീഡ് ബെംഗളൂരു എന്ന സ്ഥാപനത്തിന് രൂപം നല്‍കുന്നത്. ഓഫീസിലേക്കുള്ള യാത്രയിലും മടക്കത്തിലും വഴിയരികിലും മറ്റുമായി ധാരാളം ആളുകള്‍ വിശപ്പ് സഹിച്ചു കിടക്കുന്നത് നേരില്‍ കണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ഷില്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നത്. തന്റെ 26 ആം വയസ്സില്‍ ഹര്‍ഷില്‍ മിത്തല്‍ എടുത്ത ആ തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നായിരുന്നു എന്ന് ലെറ്റ്സ് ഫീഡ് ബെംഗളുരുവിന്റെ പിന്നീടുള്ള വളര്‍ച്ച തെളിയിച്ചു.

മറക്കാനാവാത്ത കാഴ്ചകളില്‍ നിന്നും തുടക്കം

സാധാരണയായി, ബെംഗളൂരു പോലൊരു മെട്രോ നഗരത്തില്‍ താമസിക്കുകയും ആക്സെന്‍ച്വര്‍ പോലൊരു മള്‍ട്ടിനാഷണല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ഒരു വ്യക്തിക്ക്, അതും അടിച്ചുപൊളിച്ചു നടക്കേണ്ട പ്രായത്തില്‍ തന്റെ ചുറ്റിലുമുള്ള ആളുകളുടെ ദയനീയമായ ജീവിത സാഹചര്യങ്ങളിലേക്ക് ശ്രദ്ധ പോകുക എന്ന് പറയുന്നത് അപൂര്‍വമാണ്. എന്നാല്‍ ഹര്‍ഷില്‍ വ്യത്യസ്തനാകുന്നത് ഇവിടെയാണ്. എംബിഎ ബിരുദധാരിയായ ഹര്‍ഷില്‍ മിത്തല്‍ ആസ്വെന്‍ച്വറിന്റെ സിഎസ്ആര്‍ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. അത്കൊണ്ട് തന്നെ സമൂഹം നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് എന്തോക്കെയാണ് എന്നറിയുന്നതിനും അതിന് പരിഹാരം കണ്ടെത്തുന്നതിനുമായി ഹര്‍ഷില്‍ ശ്രമിച്ചിരുന്നു. അങ്ങനെയാണ് ദിവസവും ഓഫീസിലേക്ക് വരുമ്പോഴും പോകുമ്പോഴും വഴിയോരത്ത് കച്ചവടം നടത്തിയിരുന്ന വ്യക്തികളെയും ഭിക്ഷ യാചിച്ചിരുന്നവരെയും കൂലിപ്പണിക്കായി നിന്നിരുന്നവരെയുമെല്ലാം ശ്രദ്ധിക്കുന്നത്. ഇവരെല്ലാം തന്നെ സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയില്‍ ഉള്ളവരായിരുന്നു. വരുമാനം കിട്ടിയാല്‍ മാത്രം ഒരു നേരത്തെ ആഹാരം കഴിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍. ഇവരില്‍ പലര്‍ക്കും പട്ടിണി മൂലം ജോലി ചെയ്യാനോ നടക്കാനോ ഉള്ള ആരോഗ്യം പോലും ഇല്ലാതായിരിക്കുന്നു.

ബെംഗളുരുവില്‍ മാത്രമല്ല ഈ അവസ്ഥ, കര്‍ണാടകയില്‍ ഇതേ അവസ്ഥയിലൂടെ പോകുന്ന നിരവധി സ്ഥലങ്ങളുണ്ട്. അത് പോലെത്തന്നെ ഒട്ടുമിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും അവസ്ഥ ഇത് തന്നെയാണ്.രാജ്യത്ത് നിന്നും പട്ടിണി, ദാരിദ്യം തുടങ്ങിയ വിപത്തുകകളെ പൂര്‍ണമായി തുടച്ചു മാറ്റുക എന്നത് തന്നാല്‍ കഴിയുന്ന കാര്യമല്ല. എന്നാല്‍ തന്റെ താമസസ്ഥലത്തിന് ചുറ്റുമുള്ള കുറച്ചു പേര്‍ക്കെങ്കിലും വിശപ്പടക്കാനുള്ള ഭക്ഷണം എത്തിക്കാന്‍ തനിക്കാകും എന്ന് ഹര്‍ഷിലിന് തോന്നി. പിന്നെ ഒട്ടും വൈകാതെ തന്നെ, അഹര്‍ഷില്‍ തന്റെ ആഗ്രഹം സുഹൃത്തുക്കളായ സെലീന എലിയാസ്, അഷുതോഷ് ശര്‍മ്മ, റിഷിഓം ഷാ എന്നിവരോട് പറഞ്ഞു. എന്തിനും ഏതിനും ഒരുമിച്ചു നില്‍ക്കുന്ന ആ സുഹൃത്തുക്കള്‍ക്കും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം ഉണ്ടായില്ല. ‘അണ്ണാന്‍ കുഞ്ഞിനും തന്നാലായത്’ എന്ന പോലെ തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ നാല്‍വര്‍ സംഘം തുനിഞ്ഞിറങ്ങി.

ലെറ്റ്സ് ഫീഡ് ബെംഗളൂരു

നിരവധി ഐടി കമ്പനികളുടെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും കേന്ദ്രമാണ് ബെംഗളൂരു. ഇവയില്‍ പലതും സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുമാണ്. പ്രതിവര്‍ഷം വരുമാനത്തിന്റെ നല്ലൊരു ശതമാനം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നു. എന്നാല്‍ മുന്‍നിര എന്‍ജിഒ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ ഫണ്ടുകള്‍ ചെലവിടുന്നത്. അതിനാല്‍ തന്നെ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന ആളുകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നുമില്ല. ഈ ചിന്തയില്‍ നിന്നുമാണ് ഭക്ഷണ വിതരണത്തിനായി നാട്ടുകാരെ തന്നെ ആശ്രയിക്കാം എന്ന ചിന്തയുണ്ടാകുന്നത്. ലെറ്റ്സ് ഫീഡ് ബെംഗളൂരു എന്ന് പേര് നല്‍കിയ സ്ഥാപനത്തിലൂടെ ഹര്‍ഷിലും സുഹൃത്തുക്കളും ചേര്‍ന്ന് തിലക് നഗര്‍ എന്ന പ്രദേശത്തെ വീടുകളിലെ ആളുകളോട് കാര്യങ്ങള്‍ വിശദീകരിച്ചു. ദിവസവും പാചകം ചെയ്യുന്ന ഭക്ഷണത്തില്‍ മിച്ചം വരുന്ന ഭക്ഷണമോ, അല്ലെങ്കില്‍ ഒരാള്‍ക്കുള്ള ഭക്ഷണം പ്രത്യേകമായി പാചകം ചെയ്തോ തരുവാന്‍ ആവശ്യപ്പെട്ടു. ബെംഗളൂരു നിവാസികള്‍ക്ക് അതത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല.

അങ്ങനെ 40 പേര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്തുകൊണ്ട് 2017 ല്‍ ലെറ്റ്സ് ഫീഡ് ബെംഗളൂരു എന്ന സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. വിശന്നിരിക്കുന്ന വ്യക്തികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം എന്ന ചിന്തയില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണെങ്കിലും കൂടുതല്‍ ആളുകള്‍ പങ്കാളികളായതോടെ പ്രവര്‍ത്തനം വിപുലീകരിച്ചു. ഒന്നില്‍ കൂടുതല്‍ നേരത്തെ ഭക്ഷണം അര്‍ഹരായവര്‍ക്ക് എത്തിക്ക്ണ് സംഘടനക്കായി. വിദ്യാര്‍ത്ഥി സംഘടനകളും റെസിഡന്റ്സ് അസോസിയേഷനുകളും ലെറ്റ്സ് ഫീഡ് ബെംഗളൂരിവിന്റെ ഭാഗമായി മാറി. തിലക് നഗറിന് പുറത്തേക്കും അത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. 40 പേര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്തുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ച സംഘടന ഇന്ന് ബെംഗളൂരു നഗരത്തില്‍ മാത്രം 4000 ആളുകള്‍ക്കുള്ള ഭക്ഷണമാണ് നല്‍കുന്നത്. ആളുകളുടെ വിശപ്പകറ്റുന്നതില്‍ സന്തോഷമാണ് എങ്കിലും വിശന്നിരിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് ഹര്‍ഷില്‍ മിത്തല്‍ പറയുന്നു.

സാമ്പത്തികമായ വലുപ്പ ചെറുപ്പ വ്യത്യാസം കൂടാതെ, എല്ലാ ജനങ്ങള്‍ക്കും മികച്ച ജീവിതത്തിനും വിശപ്പടക്കുന്നതിനുമൊക്കെയുള്ള അവകാശമുണ്ട്. അവര്‍ക്ക് അതിന് സാമ്പത്തികമായി കഴിയുന്നില്ല എങ്കില്‍ അതിന് സഹായിക്കേണ്ട ഉത്തരവാദിത്വം സഹജീവികള്‍ എന്ന നിലയില്‍ നമുക്കോരോരുത്തര്‍ക്കും ഉണ്ടെന്ന് ഹര്‍ഷില്‍ പറയുന്നു. ഒരുനേരത്തെ ആഹാരം ഭക്ഷണത്തിന് വഴിയില്ലാത്ത ഒരുവന് നല്‍കാന്‍ ആളുകള്‍ക്ക് മടിയില്ല എന്ന് മനസിലാക്കിയ ഹര്‍ഷില്‍ ബെംഗളുരുവിന് പുറത്ത് മറ്റ് മെട്രോ നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഡല്‍ഹി, മുംബൈ,വാറങ്കല്‍, പൂനെ തുടങ്ങിയ സ്ഥലങ്ങളില്‍ വോളന്റിയര്‍മാര്‍ നേരിട്ടെത്തി ക്ളാസുകള്‍ നടത്തി സൗജന്യ ഭക്ഷണ വിതരണം എന്ന ദൗത്യം പൂര്‍ത്തീകരിച്ചു. ബെംഗളുരുവിന് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ സ്ഥാപനത്തെ പേരിലും ആ മാറ്റം വന്നു. ലെറ്റ്സ് സ്പ്രെഡ് ലവ് എന്ന പേരിലാണ് സംഘടന ഇപ്പോള്‍ അറിയപ്പെടുന്നത്.

ഇപ്പോള്‍ ഭക്ഷണത്തിനു പുറമെ വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ തുടങ്ങിയവയും ലെറ്റ്സ് സ്പ്രെഡ് ലവ് ശേഖരിച്ച് വിതരണം ചെയ്യുന്നുണ്ട്. ഒരു പ്രദേശത്ത് നിന്നും ഭക്ഷണം ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിന് മുന്‍പ് ശുചിത്വം, ആരോഗ്യസംരക്ഷണം, തുടങ്ങിയ കാര്യങ്ങളെപ്പറ്റി അവേര്‍നസ്സ് കാമ്പയിനുകള്‍ നടത്തുന്നു. ഭക്ഷണം നല്‍കുന്നവരും സ്വീകരിക്കുന്നരും സ്വന്തം ആരോഗ്യവും പരിസരവും നന്നായി സൂക്ഷിക്കുവാന്‍ ഈ കാമ്പയിനുകള്‍ സഹായിക്കുന്നു. സ്‌കില്‍ ഡെവലപ്മെന്റ് ക്ളാസുകള്‍, തൊഴില്‍മേളകള്‍, തുടങ്ങിയവയും ലെറ്റ്സ് സ്പ്രെഡ് ലവ് നടത്തി വരുന്നു. സന്തോഷവും സമാധാനവും നിറഞ്ഞു നില്‍ക്കുന്നതും ഒപ്പം പട്ടിണിയില്ലാത്തതുമായ ഇന്ത്യയെ സ്വപ്നം കണ്ടുകൊണ്ടാണ് ഇന്ന് ഹര്‍ഷില്‍ മിത്തലിന്റെ ഓരോ പ്രഭാതവും തുടങ്ങുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Business & Corporates

1984 ല്‍ കേവലം 50 ചതുരശ്ര അടി മാത്രം വിസ്തീര്‍ണം വരുന്ന ഓഫീസില്‍ നിന്നും ആരംഭിച്ച ഒരു ട്രാവല്‍ ഏജന്‍സി കാലത്തിനൊത്ത് വികാസം പ്രാപിച്ചപ്പോള്‍, ഇന്ന് ലോകമെമ്പാടും വ്യാപിച്ച സീഗള്‍ ഇന്റര്‍നാഷണല്‍ എന്ന...

The Profit Premium

എത്രമാത്രം മറ്റ് മേന്മകള്‍ ഉണ്ടെങ്കിലും ഡീപ്പ്‌സീക്കിന്റെ ജനാധിപത്യ, പുരോഗമനവിരുദ്ധ സമീപനം അതിന്റെ സ്വീകാര്യതയെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല.

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍