മനുഷ്യര്‍ക്ക് എന്ന പോലെ, പ്രായം ആകുമ്പോള്‍ ആനകള്‍ക്കും കണ്ണിന് തിമിരം ബാധിക്കുകയും കാഴ്ച മങ്ങുകയും ചെയ്യും. സാധാരണയായി നാട്ടാനകളില്‍ ഇത്തരത്തില്‍ വരുമ്പോള്‍ കാഴ്ച നഷ്ടപ്പെടുകയാണ് പതിവ്. എന്നാല്‍ റിലയന്‍സ് ഫൗണ്ടേഷന്റെ വന്യജീവികള്‍ക്ക് വേണ്ടിയുള്ള സംരംഭമായ വന്‍താരയില്‍ ടാര്‍സണ്‍ എന്ന ആനയ്ക്ക് തിമിരശസ്ത്രക്രിയ നടത്തി കാഴ്ച വീണ്ടെടുത്തു. മൃഗങ്ങളുടെ ആരോഗ്യകരമായ ജീവിതം മുന്‍നിര്‍ത്തി വന്‍താരയില്‍ നടക്കുന്ന അത്ഭുതകരമായ കഥകളില്‍ ഒന്ന് മാത്രമാണിത്.
മൃഗങ്ങളുടെ കണ്ണുകള്‍ക്കുള്ള ലെന്‍സ് നിര്‍മ്മിക്കുന്ന ഒരു ജര്‍മന്‍ കമ്പനിയില്‍ നിന്നാണ് ടാര്‍സന്റെ കണ്ണുകള്‍ക്കാവശ്യമായ ലെന്‍സുകള്‍ എത്തിച്ചത്. ഇന്ത്യയിലും വിദേശത്തും നിന്നുമുള്ള നിരവധി മൃഗഡോക്ടര്‍മാരും ഈ സര്ജറിയുടെ ഭാഗമായി. പരിക്കേറ്റതും അവഗണിക്കപ്പെട്ടതും വംശനാശഭീഷണി നേരിടുന്നതുമായ മൃഗങ്ങളെ രക്ഷിക്കുകയും ചികിത്സിക്കുകയും പുനഃരധിവസിപ്പിക്കുകയും ചെയ്യുന്ന ഇവിടെ ടാര്‍സണ് പ്രത്യേക പരിചരണമാണ് ലഭിക്കുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍, വന്‍താര 200-ലധികം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃഗങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് രക്ഷിച്ചു. കാണ്ടാമൃഗം, പുള്ളിപ്പുലി, മുതല എന്നിവയുടെ പുനരധിവാസത്തിലും മുന്‍കൈയെടുത്തു.
ഗുജറാത്തിലെ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറി കോംപ്ലക്സിന്റെ ഗ്രീന്‍ ബെല്‍റ്റിനുള്ളില്‍ 3000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന വന്‍താര ആഗോളതലത്തില്‍ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങാന്‍ ലക്ഷ്യമിടുന്നു. ഇതിനായി മൃഗസംരക്ഷണത്തിലും ക്ഷേമത്തിലും മുന്‍നിര വിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട്, 3000 ഏക്കര്‍ വിസ്തൃതിയുള്ള പ്രദേശത്തെ വനത്തിനു സമാനമായ അന്തരീക്ഷത്തിലേക്ക് മാറ്റി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഫൗണ്ടേഷന്‍ എന്നിവയുടെ ബോര്‍ഡ് ഡയറക്ടര്‍ അനന്ത് അംബാനിയുടെ നേതൃത്വത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.

