അടുത്തയിടെ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ വാല്യു ഡിസ്‌കവറി മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് ഗംഭീര വരുമാനം നല്‍കിയ ഫണ്ടാണ്. 2004 ഓഗസ്റ്റ് 16 നാണ് ഈ ഫണ്ട് ലോഞ്ച് ചെയ്തത്. ഒറ്റത്തവണയായി അന്ന് 10 ലക്ഷം രൂപ നിക്ഷേപിച്ച ഒരു നിക്ഷേപകന്റെ നിക്ഷേപം 2024 ജൂലൈ 31 ലെ കണക്കനുസരിച്ച് 4.56 കോടി രൂപയായി വളര്‍ന്നിട്ടുണ്ട്.
21.09% ശരാശരി വാര്‍ഷിക വളര്‍ച്ച ഫണ്ടിന് ഉണ്ടായെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിഫ്റ്റി50 സൂചികയെ കടത്തിവെട്ടുന്ന വളര്‍ച്ചാ നിരക്കാണിത്. ഇതേ കാലയളവില്‍ നിഫ്റ്റി50 16.2% ശരാശരി വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്. അതായത് 20 വര്‍ഷം മുന്‍പ് നിഫ്റ്റി50 യില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ ഇന്ന് 2 കോടി രൂപയായി വളര്‍ന്നിട്ടുണ്ടായേനെ.
എസ്ഐപി
ഇനി എസ്ഐപി മാര്‍ഗത്തിലാണ് ഫണ്ടില്‍ നിക്ഷേപിക്കുന്നതെന്ന് കണക്കാക്കിയാല്‍, പ്രതിമാസം 10000 രൂപ വെച്ച് അടച്ചിരുന്നെങ്കില്‍ ഇതിനകം 24 ലക്ഷം രൂപ നിക്ഷേപിക്കപ്പെട്ടേനെ. 2024 ജൂലൈ 31 ന് 2.30 കോടി രൂപയായി ഇത് വളരുമെന്ന് കണക്കുകള്‍ കാണിക്കുന്നു. പ്രതിവര്‍ഷ ശരാശരി വളര്‍ച്ച 19.41%. സമാനമായ തുക സമാന കാലയളവില്‍ നിഫ്റ്റി50 യിലാണ് എസ്ഐപിയായി നിക്ഷേപിച്ചിരുന്നതെങ്കില്‍ 14.21% പ്രതിവര്‍ഷ വളര്‍ച്ചയാണ് ലഭിച്ചിട്ടുണ്ടാവുക.
ജൂലൈ 31 ലെ കണക്ക് പ്രകാരം ഫണ്ട് മാനേജ് ചെയ്യുന്ന ആസ്തി (എയുഎം) 48,806 കോടി രൂപയാണ്. ഇന്ത്യയെപ്പോലെ ഒരു ഗ്രോത്ത് മാര്‍ക്കറ്റില്‍ വാല്യു ഇന്‍വെസ്റ്റിംഗിന് മികച്ച സാധ്യതയുണ്ടെന്ന് തെളിയിച്ച ഫണ്ടാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ വാല്യു ഡിസ്‌കവറി ഫണ്ടെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എഎംസി സിഐഒ എസ് നരെയ്ന്‍ പറഞ്ഞു.

