ഇന്ത്യയിലെ തന്നെ ആദ്യ മള്‍ട്ടി ഡിസിപ്ലിനറി ആര്‍ട്ട് & കള്‍ച്ചര്‍ ഡെസ്റ്റിനേഷനായ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. 2023 മാര്‍ച്ച് 31-നാണ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നിരവധി നാഴികക്കല്ലുകളാല്‍ നിറഞ്ഞ ആദ്യവര്‍ഷത്തില്‍ സെന്റര്‍ ഒരു ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്തു. 5 ലോകോത്തര വേദികളിലായി 700-ലധികം ഷോകള്‍ നടത്തി, 670-ലധികം കലാകാരന്മാരെ അവതരിപ്പിച്ചു, കൂടാതെ നാല് വിഷ്വല്‍ ആര്‍ട്ട് എക്സിബിറ്റുകളും പ്രദര്‍ശിപ്പിച്ചു. വാര്‍ഷികത്തിന്റെ ഭാഗമായി തത്സമയ പ്രകടനങ്ങളും അതുല്യമായ വിഷ്വല്‍ ആര്‍ട്ട് എക്‌സിബിറ്റും ഉള്‍ക്കൊള്ളുന്ന പ്രത്യേക ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
”അഭിമാനത്തോടും സന്തോഷത്തോടും നന്ദിയോടും കൂടിയാണ് ഞങ്ങള്‍ ഞങ്ങളുടെ സാംസ്‌കാരിക കേന്ദ്രത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത്. എന്‍എംഎസിസിയില്‍ കഴിഞ്ഞ വര്‍ഷം, ഒരു ദശലക്ഷത്തിലധികം പ്രേക്ഷകര്‍ ഷോകള്‍ക്കും വിസ്മയിപ്പിക്കുന്ന ആഗോള പ്രകടനങ്ങള്‍ക്കും അതിശയിപ്പിക്കുന്ന കലാസൃഷ്ടികള്‍ക്കും സാക്ഷ്യം വഹിച്ചു. ഇന്ത്യയുടെയും ലോകത്തെയും ഏറ്റവും മികച്ചത് ആദ്യമായി പ്രദര്‍ശിപ്പിച്ച അസാധാരണമായ വര്‍ഷമാണിത്. ഞങ്ങളുടെ യാത്ര ആരംഭിച്ചതേയുള്ളൂ”, സ്ഥാപകയും ചെയര്‍പേഴ്സണുമായ നിത അംബാനി പറഞ്ഞു.
മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ജിയോ വേള്‍ഡ് സെന്ററിനുള്ളിലാണ് നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍. ഇന്ത്യയിലെ തന്നെ ആദ്യ മള്‍ട്ടി ഡിസിപ്ലിനറി ആര്‍ട്ട് & കള്‍ച്ചര്‍ ഡെസ്റ്റിനേഷന്‍ സെന്ററില്‍ മൂന്ന് പെര്‍ഫോമിംഗ് ആര്‍ട്സ് സ്പേസുകളാണുള്ളത്: 2,000 സീറ്റുകളുള്ള ഗ്രാന്‍ഡ് തിയേറ്റര്‍, സാങ്കേതികമായി നൂതനമായ 250 സീറ്റുകളുള്ള സ്റ്റുഡിയോ തിയേറ്റര്‍, ഡൈനാമിക് 125 സീറ്റര്‍ ക്യൂബ് തുടങ്ങി നിരവധി സംവിധാനങ്ങളുണ്ട് കള്‍ച്ചറല്‍ സെന്ററില്‍.

