90 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി ഇന്ത്യ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രത്യേക നാണയം പുറത്തിറക്കിയത്.
99.99% ശുദ്ധമായ വെള്ളിയും ഏകദേശം 40 ഗ്രാം ഭാരവുമുള്ള ഈ വ്യതിരിക്തമായ സ്മാരക നാണയം ഒമ്പത് പതിറ്റാണ്ടുകള്‍ നീണ്ട ആര്‍ബിഐയുടെ സമ്പന്നമായ ചരിത്രത്തെയും നേട്ടങ്ങളെയുമാണ് അടയാളപ്പെടുത്തുന്നത്. സിംഹത്തെ ആലേഖനം ചെയ്ത ആര്‍ബിഐയുടെ ചിഹ്നത്തോടൊപ്പം ആര്‍ബിഐ@90 എന്നും നാണയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹില്‍ട്ടണ്‍ യംഗ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 1935ലാണ് ആര്‍ബിഐ നിലവില്‍ വരുന്നത്. ലോകത്തെ പ്രധാനപ്പെട്ട കേന്ദ്ര ബാങ്കുകളിലൊന്നായി ആര്‍ബിഐ കണക്കാക്കപ്പെടുന്നു. 1937ലാണ് ആര്‍ബിഐയുടെ പ്രവര്‍ത്തനകേന്ദ്രം കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റിയത്.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ആര്‍ബിഐയിലെ മറ്റ് അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

