2024 ഫെബ്രുവരിയോടെ പുറത്തിറങ്ങാനിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. തീര്‍ത്തും നൂതനമായ രൂപകല്‍പ്പനയാണ് ട്രെയിനുകള്‍ക്കുള്ളത്.

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ ആകെ 857 ബെര്‍ത്തുകളാവും ഉണ്ടാവുക. ഇവയില്‍ 823 ബെര്‍ത്തുകള്‍ യാത്രക്കാര്‍ക്കും 34 ബെര്‍ത്തുകള്‍ ജീവനക്കാര്‍ക്കും ആവും ലഭിക്കുക. ഓരോ കോച്ചിലും ഒരു മിനി പാന്‍ട്രി ഉണ്ടായിരിക്കും.
16 കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. എല്ലാ കോച്ചുകളും എസിയാവും. ഓരോ യാത്രക്കാരനും പ്രത്യേകം ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ലഭിക്കും. കൂടുതല്‍ വലിപ്പമുള്ള ടോയ്ലറ്റുകളും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലുണ്ടാവും. ആവശ്യമുണ്ടായാല്‍ യാത്രക്കാര്‍ക്ക് ലോക്കോ പൈലറ്റുമായി സംസാരിക്കാനാവും. 160 കിലോമീറ്റര്‍ വേഗമാണ് ട്രെയിനിനുണ്ടാവുക.
200 സ്ലീപ്പര്‍ ട്രെയിനുകളാണ് റെയില്‍വേക്കായി നിര്‍മാണത്തിലിരിക്കുന്നത്. ഇവയില്‍ 120 ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത് ഇന്ത്യയുടെ റെയില്‍ വികാസ് നിഗം ലിമിറ്റഡും (ആര്‍വിഎന്‍എല്‍) റഷ്യയുടെ ടിഎംഎച്ച് ഗ്രൂപ്പും ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ്. 80 ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത് ടിറ്റഗഢ് വാഗണ്‍സും ഭെല്ലും (ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്) ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ്.
വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ പുതിയ ഡിസൈന്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും (ഐസിഎഫ്) ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡും (ബിഇഎംഎല്‍) ചേര്‍ന്നാണ് തയാറാക്കുക.
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ സുപ്രധാന ട്രെയിനുകളായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു. ഒറ്റരാത്രികൊണ്ട് ഈ അതിവേഗ ട്രെയിനുകളില്‍ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കും. വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കും കുറവായിരിക്കും.

