ലോകത്ത് ആദ്യമായി പുതിയൊരു ഐഫോണ്‍ മോഡല്‍ ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങി ആപ്പിള്‍. അടുത്ത വര്‍ഷം പകുതിയോടെ ഐഫോണ്‍ 17 ഇന്ത്യയില്‍ നിര്‍മിക്കാന്‍ തുടങ്ങുമെന്നാണ് വിവരം. ആദ്യമായാണ് പുതുതായി ഇറക്കുന്ന ഒരു മോഡല്‍ ചൈനയ്ക്ക് പുറത്ത് നിര്‍മിക്കാന്‍ ആപ്പിള്‍ തയാറാകുന്നത്. ചൈനയില്‍ നിന്നും ഉല്‍പ്പാദനം ഘട്ടം ഘട്ടമായി മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്.
ആഗോള ഉല്‍പ്പാദന പ്രക്രിയയില്‍ ഇന്ത്യക്ക് വലിയ പ്രാധാന്യം കൊടുക്കാനുള്ള ആപ്പിളിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ ചുവട്. ഇന്ത്യയിലെ ഐ ഫോണ്‍ കരാര്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണും പെഗാട്രണും ടാറ്റയും പുതിയ മോഡലിന്റെ നിര്‍മാണം അടുത്ത വര്‍ഷം സെപ്റ്റംബറോടെ തുടങ്ങും. ഐഫോണ്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ വിസ്ട്രോണില്‍ നിന്ന് അടുത്തിടെയാണ് ടാറ്റ ഗ്രൂപ്പ് 135 മില്യണ്‍ ഡോളറിന് ഏറ്റെടുത്തത്.
ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഐഫോണ്‍ നിര്‍മാണ നിരയിലേക്ക് എത്തുന്നത്. ടാറ്റയുമായുള്ള പങ്കാളിത്തം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം വിപുലീകരിക്കുന്നതിന് ആപ്പിളിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.പുതിയൊരു മോഡല്‍ ആദ്യമായി, അതും ഇന്ത്യയില്‍ നിര്‍മിക്കുന്ന പ്രക്രിയയുടെ ഭാഗമാകാനും ഇതിലൂടെ ടാറ്റയ്ക്ക് സാധിക്കും.
ചൈനയിലെ പ്രധാനപ്പെട്ട രണ്ട് കേന്ദ്രങ്ങളിലെ ഐഫോണ്‍ ഉല്‍പ്പാദനത്തില്‍ 40 ശതമാനത്തിന്റെയും 85 ശതമാനത്തിന്റെയും കുറവ് വരുത്താനാണ് ക്യുപ്പര്‍ട്ടിനോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടെക് ഭീമന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിനോടനുബന്ധിച്ച് ഇന്ത്യയില്‍ വന്‍തോതില്‍ ഉല്‍പ്പാദനം കൂട്ടുകയും ചെയ്യും. 2024 അവസാനിക്കുമ്പോഴേക്കും ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണത്തില്‍ 25 ശതമാനം വര്‍ധന വരുത്താന്‍ ആപ്പിളിന് സാധിക്കുമെന്ന് ഐഫോണ്‍ വിദഗ്ധനായ മിന്‍ ചി കുവോ അടുത്തിടെ പറഞ്ഞിരുന്നു.
2023ലെ കണക്കനുസരിച്ച് മൊത്തം ഐഫോണ്‍ കയറ്റുമതിയുടെ 14 ശതമാനത്തോളം ഇന്ത്യയില്‍ നിന്നാണ്. ഫോക്സ്‌കോണാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഐഫോണുകള്‍ നിര്‍മിക്കുന്നത്. ടാറ്റ ഇലക്ട്രോണിക്സ് കൂടി രംഗത്തെത്തിയതോടെ ഐഫോണ്‍ നിര്‍മാണം അതിവേഗത്തില്‍ നടക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ഇടപെടല്‍ സുഗമമാക്കുന്നതിന് ടാറ്റയുമായുള്ള പങ്കാളിത്തം സഹായിക്കുമെന്നും ആപ്പിള്‍ കരുതുന്നു.
2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിളിന്റെ വരുമാനം 50,000 കോടി രൂപയായി ഉയര്‍ന്നിരുന്നു. അറ്റാദായത്തിലുണ്ടായത് 76 ശതമാനത്തിന്റെ വന്‍കുതിപ്പാണ്. 2229 കോടി രൂപയാണ് കമ്പനിയുടെ ഇന്ത്യയിലെ അറ്റാദായം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആപ്പിള്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയത ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചാനിരക്കാണിത്.

