യുവാക്കള്‍ക്ക് ഏത് മേഖലയിലും അവസരങ്ങള്‍ അനവധിയുള്ള ഒരു പുതിയ ഇന്ത്യയില്‍ ആണ് നമ്മള്‍ ജീവിക്കുന്നതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നൈപുണ്യ വികസന-സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും ഭാഗ്യവാന്‍മാരായ തലമുറയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നടത്തിയ സി.എ. വിദ്യാര്‍ത്ഥികളുടെ മെഗാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ഗുണഫലങ്ങള്‍ ഇടനിലക്കാരിലൂടെ ജനങ്ങളില്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ നേരിട്ട് എത്തുന്നു. ഇതും മാറിയ പുതിയ ഇന്ത്യയുടെ ദൃഷ്ടാന്തമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ യുവാക്കള്‍ക്ക്, അവര്‍ എവിടെയോ ആയിക്കോട്ടെ, ഇന്ന് വിജയിക്കാനും അഭിവൃദ്ധി പ്രാപിക്കാനും പരിധിയില്ലാത്ത അവസരങ്ങളുണ്ട്. സാധാരണ ജിഡിപിയേക്കാള്‍ രണ്ടര മടങ്ങ് വേഗത്തിലാണ് ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ വളരുന്നത്. 2014ല്‍ ജിഡിപിയുടെ നാലര ശതമാനമായിരുന്നു ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, ഇന്ന് 11 ശതമാനവും 2026ല്‍ 20 ശതമാനവും ആകും, കേന്ദ്ര മന്ത്രി പറഞ്ഞു.

