ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സംയോജിത ആരോഗ്യ സേവന ദാതാക്കളില്‍ ഒരാളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് (”ആസ്റ്റര്‍”), വളര്‍ന്നു വരുന്ന നഗരങ്ങളെ കേന്ദ്രീകരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലകളിലൊന്നായ ബ്ലാക്ക്‌സ്റ്റോണിന്റെയും ടിപിജിയുടെയും പിന്തുണയുള്ള ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡ് (”ക്യുസിഐഎല്‍” അല്ലെങ്കില്‍ ”ക്വാളിറ്റി കെയര്‍”), ലയനത്തിനുള്ള നിര്‍ണായക കരാറുകളില്‍ ഒപ്പുവച്ചു.
ലയനത്തിന് അതത് കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. റെഗുലേറ്ററി, കോര്‍പ്പറേറ്റ്, ഷെയര്‍ഹോള്‍ഡര്‍മാരുടെ അനുമതികള്‍ക്ക് വിധേയമായാണ് ലയനം. ഈ സ്ഥാപനത്തിന് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് എന്ന് പേരിടും. ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡില്‍, ആസ്റ്റര്‍ ഡിഎം, കെയര്‍ ഹോസ്പിറ്റല്‍സ്, കിംസ് ഹെല്‍ത്ത്, എവര്‍കെയര്‍ എന്നീ നാല് പ്രമുഖ ബ്രാന്‍ഡുകള്‍ ഉണ്ടാകും. സംയോജിക്കുന്നതിലൂടെ 27 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 38 ആശുപത്രികളിലായി 10,150 ലധികം കിടക്കകളുള്ള ഇന്ത്യയിലെ മികച്ച മൂന്ന് ആശുപത്രി ശൃംഖലകളില്‍ ഒന്നായി മാറും.
സമ്മതിച്ച സ്വാപ്പ് അനുപാതത്തെ അടിസ്ഥാനമാക്കി, ആസ്റ്റര്‍ ഓഹരിയുടമകള്‍ക്ക് 57.3 ശതമാനവും ക്യൂസിഐഎഎല്‍ ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് 42.7 ശതമാനവും ഉണ്ടായിരിക്കും. ലയിപ്പിച്ച സ്ഥാപനത്തിന്റെ ഓഹരി പങ്കാളിത്തം 24.0 ശതമാനം ആസ്റ്റര്‍ പ്രൊമോട്ടര്‍മാര്‍ക്കും, 30.7 ശതമാനം ബ്ലാക്ക്സ്റ്റോണിനുമായിരിക്കും. ബാക്കി 45.3ശതമാനം പൊതുജനങ്ങളുടെയും മറ്റ് ഓഹരി ഉടമകളുടെയും കൈവശമായിരിക്കും.
ഡോ. ആസാദ് മൂപ്പന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരുകയും ലയിപ്പിച്ച സ്ഥാപനത്തിന്റെ മേല്‍നോട്ടം വഹിക്കുകയും ചെയ്യും. ക്വാളിറ്റി കെയറിന്റെ ഗ്രൂപ്പ് എംഡി വരുണ്‍ ഖന്ന ലയിപ്പിച്ച സ്ഥാപനത്തിന്റെ എംഡിയും ഗ്രൂപ്പ് സിഇഒയും ആയിരിക്കും. ലയനത്തിലൂടെ ഒമ്പത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉടനീളം ആശുപത്രികള്‍, ലാബുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവയിലൂടെ ആരോഗ്യരംഗത്ത് വൈവിധ്യമാര്‍ന്ന സാനിധ്യമായി ഗ്രൂപ്പ് വളരും. കൂടാതെ 2027ഓടെ 3500 കിടക്കകള്‍ പുതിയതായി കൂട്ടിച്ചര്‍ക്കാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നു.
രോഗി കേന്ദ്രീകൃത പരിചരണം, നവീകരണം, പ്രവേശനക്ഷമത എന്നിവയില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചുകൊണ്ട് വ്യവസായത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ സ്ഥാപനമായി മാറാന്‍ ഒരുങ്ങുകയാണ് ‘ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ്’. എന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്റര്‍ ആന്‍ഡ് ക്വാളിറ്റി കെയറിന്റെ വിപുലമായ ശൃംഖലയുടെ സംയോജനവും ബ്ലാക്ക്ക്‌സ്റ്റോണിന്റെയും ടിപിജിയുടെയും പിന്തുണയും, ലോകോത്തര ആരോഗ്യ സേവനങ്ങള്‍ നല്‍കാനും, നവീകരണം നടത്താനും, രോഗികളുടെ ഫലങ്ങള്‍ മെച്ചപ്പെടുത്താനും തങ്ങളുടെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

