ഇലക്ട്രിക് കാര്‍ പ്ലാന്റിനായുള്ള സ്ഥലങ്ങള്‍ പരിശോധിക്കാന്‍ ടെസ്ല ഈ മാസം തങ്ങളുടെ ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കും. ഇവികളുടെ ഡിമാന്‍ഡ് കുറയുകയും പ്രധാന വിപണികളായ യുഎസിലെയും ചൈനയിലെയും മത്സരം ചൂടുപിടിക്കുകയും ചെയ്യുന്ന സമയത്താണ് ടെസ്ല ഇന്ത്യയിലേക്ക് വരുന്നത്.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ഫാക്ടറി തുടങ്ങാന്‍ പരിഗണനയിലുള്ളത്. 2-3 ബില്യണ്‍ ഡോളര്‍ വരെ മുതല്‍ മുടക്കിലാണ് ഇന്ത്യയില്‍ കാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ടെസ്ല പദ്ധതിയിട്ടിരിക്കുന്നത്.
കുറഞ്ഞത് 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും മൂന്ന് വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര ഉത്പാദനം ആരംഭിക്കാനും പ്രതിജ്ഞാബദ്ധരായ കാര്‍ നിര്‍മ്മാതാക്കള്‍ നിര്‍മ്മിക്കുന്ന ചില ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി ഇന്ത്യ കഴിഞ്ഞ മാസം കുറച്ചിരുന്നു. ഇത് ഏറെ അനുകൂല സാഹചര്യമായാണ് ടെസ്ല കാണുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്ക് കൂടിക്കാഴ്ച നടത്തിയതോടെയാണ് ഇന്ത്യയില്‍ പ്ലാന്റ് നിര്‍മിക്കുന്നത് സംബന്ധിച്ച് കാര്യങ്ങള്‍ പുരോഗതിയിലേക്കെത്തിയത്. ടെസ്ല അധികൃതര്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയുമുണ്ടായി.
24,000 ഡോളര്‍ വിലയുള്ള ഒരു ഇവി നിര്‍മ്മിക്കാന്‍ ഇന്ത്യയില്‍ ഒരു ഫാക്ടറി നിര്‍മ്മിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കമ്പനി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വ്യക്തമാക്കി.

