യാത്രക്കാരുടെ ആധിക്യം മൂലം കഷ്ടപ്പെട്ട് ഓടുന്ന കൊല്ലം-എറണാകുളം റൂട്ടില്‍ പ്രത്യേക സര്‍വീസ് അനുവദിച്ച് റെയില്‍വേ. ഇതോടെ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ആശ്വാസമാകും. കഴിഞ്ഞ ആഴ്ച്ചകളില്‍ നാലോളം യാത്രക്കാര്‍ വേണാട് എക്സ്പ്രസില്‍ കുഴഞ്ഞു വീണിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രൂക്ഷമായി. തുടര്‍ന്നാണ് റെയില്‍വേ സ്പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ചത്.
ആഴ്ച്ചയില്‍ അഞ്ചുദിവസമാകും ഈ ട്രെയിന്‍ ഓടുക. ജോലി ആവശ്യങ്ങള്‍ക്കായി നിരന്തരം യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇത് ആശ്വാസമാകും. തിങ്കള്‍ മുതല്‍ വെള്ളി വരെ സര്‍വീസ് നടത്തുന്ന ട്രെയിന്‍ കൊല്ലത്തു നിന്ന് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 6.15നും വ്യാഴം, വെള്ളി ദിവസങ്ങളില്‍ 9.35നുമാകും സര്‍വീസ് ആരംഭിക്കുക. എറണാകുളത്തു നിന്ന് ഈ ട്രെയിനിന്റെ മടക്കയാത്ര ഉച്ചയ്ക്ക് 1.30നാണ്. പുതിയ ട്രെയിന്‍ കൂടുതല്‍ മെച്ചപ്പെട്ട ഫലം നല്‍കുമെന്നാണ് കരുതുന്നത്.
പുതിയ ട്രെയിന്‍ ഈ മാസം ഏഴു മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ പുതിയ സര്‍വീസ് സഹായിക്കുമെന്ന് റെയില്‍വേ അറിയിച്ചു. പുനലൂര്‍- എറണാകുളം മെമ്മു സര്‍വീസും ഉടന്‍ ആരംഭിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണിത്. പ്രസ്തുത ജില്ലകളില്‍ റോഡുപണി നടക്കുന്നതിനാല്‍ ബസ് ഒഴിവാക്കി പലരും ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. ഇതാണ് ട്രെയിനില്‍ തിരക്ക് വര്‍ധിക്കാനുള്ള കാരണം.

