മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ക്ലെയിമുകള്‍ ഏകീകരിക്കാന്‍ ഏകജാലക പോര്‍ട്ടല്‍ വികസിപ്പിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വേഗത്തില്‍ കൈകാര്യംചെയ്യാന്‍ ആശുപത്രികളെ സഹായിക്കുന്ന പോര്‍ട്ടല്‍ വഴി രോഗികള്‍ക്ക് വേഗത്തില്‍ ക്ലെയിം ലഭ്യമാക്കാന്‍ സാധിക്കും. രാജ്യത്തുടനീളമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ക്ലെയിമുകള്‍ ഏകീകരിക്കാന്‍ ദേശീയ ആരോഗ്യ അതോറിറ്റിക്ക് (NHA) കീഴിലാകും ആരോഗ്യ മന്ത്രാലയം ഏകജാലക പോര്‍ട്ടല്‍ വികസിപ്പിക്കുക.
നിലവില്‍, ഓരോ സ്വകാര്യ ഇന്‍ഷുറന്‍സ് ദാതാക്കള്‍ക്കും അവരുടേതായ പ്രത്യേക പോര്‍ട്ടലുകളാണുള്ളത്. അതിനുപകരം വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പുതിയ പോര്‍ട്ടല്‍.നാഷണല്‍ ഹെല്‍ത്ത് ക്ലെയിംസ് എക്‌സ്‌ചേഞ്ച് എന്ന് പേരിട്ട പുതിയ പോര്‍ട്ടല്‍ രാജ്യത്തുടനീളമുള്ള 200-ലധികം ആശുപത്രികളെയും അമ്പതിലധികം മെഡിക്കല്‍ ഇന്‍ഷുറന്‍സ് ദാതാക്കളെയും ഒരു കുടക്കീഴിലെത്തിക്കും.
ബി.ജെ.പി. സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ നടപ്പാക്കാന്‍ നിശ്ചയിച്ച നൂറുദിനപദ്ധതികളിലൊന്നായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ആശുപത്രികള്‍, ഇന്‍ഷുറന്‍സ് ദാതാക്കള്‍, ഇന്‍ഷുറന്‍സ് റെഗുലേറ്ററായ ഐ.ആര്‍.ഡി.എ.ഐ. (ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) എന്നിവരുമായി ആലോചിച്ചാണ് ഇത് വികസിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

