സ്വര്‍ണ വിലയില്‍ വന്‍ മുന്നേറ്റം. ഗ്രാമിന് ഒറ്റയടിക്ക് 105 രൂപ ഉയര്‍ന്ന് 7,810 രൂപയിലെത്തി. പവന്‍ വില 840 രൂപ വര്‍ധിച്ച് 62,480 രൂപയെന്ന പുതു റെക്കോഡിട്ടു. ആദ്യമായാണ് സ്വര്‍ണ വില 62,000 രൂപ പിന്നിടുന്നത്. ഫെബ്രുവരി ഒന്നിന് കുറിച്ച പവന് 61,960 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. ഈ മാസം ഇതു വരെ സ്വര്‍ണ വിലയില്‍ 5,280 രൂപയുടെ വര്‍ധനയുണ്ടായി. ഓരോ ദിവസം സ്വര്‍ണം റെക്കോഡ് പുതുക്കുകയാണ്.
രാജ്യാന്തര വിലയിലുണ്ടാകുന്ന വില വര്‍ധനയ്ക്കൊപ്പാമാണ് കേരളത്തിലും സ്വര്‍ണത്തിന്റെ നീക്കം. ഇന്നലെ ഔണ്‍സ് വില 2,831.70 ഡോളറിലെത്തി പുതു റെക്കേഡിട്ടു. നിലവില്‍ 2,820 ഡോളറിലാണ് വ്യാപാരം. കാനഡ, ചൈന, മെക്സിക്കോ എന്നിവയ്ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തികൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് രാജ്യത്ത് പണപ്പെരുപ്പത്തിന് വഴി വയ്ക്കുമെന്നും അത് സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നുമുള്ള ആശങ്കളാണ് സ്വര്‍ണ വിലയെ ബാധിച്ചത്.
ആഭരണ വിലയും കുതിച്ചുയരും ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 62,480 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 67,625 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. പണിക്കൂലി 10 ശതമാനം കണക്കാക്കിയാല്‍ വില 70,843 രൂപയാകും.

