ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) ആദ്യ എല്‍സിഎ തേജസ് ട്വിന്‍ സീറ്റര്‍ വിമാനം ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറി. എയര്‍ ഫോഴ്സിന്റെ പരിശീലനത്തിനാവശ്യമായ എല്ലാ കഴിവുകളുമുള്ളതാണ് വിമാനമെന്ന് ബെംഗളൂരു ആസ്ഥാനമായ കമ്പനി പറഞ്ഞു. പരിശീലനത്തിനായി ഉപയോഗിക്കുന്ന വിമാനം അത്യാവശ്യ ഘട്ടങ്ങളില്‍ യുദ്ധവിമാനമായും ഉപയോഗിക്കാനാവും.
രണ്ട് സീറ്റുകളുള്ള വിമാനം വ്യോമസോനയ്ക്ക് കൈമാറുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മുഖ്യാതിഥിയായിരുന്നു. ചീഫ് ഓഫ് എയര്‍ സ്റ്റാഫ്, എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരിയും സന്നിഹിതനായി.
ഭാരം കുറഞ്ഞ, എല്ലാ കാലാവസ്ഥകളിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മള്‍ട്ടി റോള്‍ 4.5 ജനറേഷന്‍ വിമാനമാണ് എല്‍സിഎ തേജസ് ട്വിന്‍ സീറ്റര്‍. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്ന വിമാനം, പ്രതിരോധ ഉല്‍പ്പാദനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന പ്രമുഖ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ ഉള്‍പ്പെടുത്താന്‍ സഹായിക്കുന്നതാണ്.
വ്യോമ സേനയില്‍ നിന്ന് 18 ട്വിന്‍ സീറ്റര്‍ വിമാനങ്ങളുടെ ഓര്‍ഡര്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് ലഭിച്ചിട്ടുണ്ട്. 2023-24 ല്‍ 8 വിമാനങ്ങള്‍ കൈമാറും. ശേഷിക്കുന്ന 10 വിമാനങ്ങള്‍ 2026-27 ആകുമ്പോഴേക്കും നല്‍കും.

