രാജ്യത്ത് പണമിടപാടുകള്‍ ഡിജിറ്റലായി നടത്തുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. യു.പി.ഐ ഉപയോഗിച്ചുള്ള സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തിലും വലിയ തോതിലുള്ള പ്രോത്സാഹനമാണ് നല്‍കി കൊണ്ടിരിക്കുന്നത്. ഇതും ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കാന്‍ കാരണമായി.
നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി അടയ്ക്കുന്ന തുക ഇ.എം.ഐകളായി മാറ്റാന്‍ സൗകര്യമുണ്ടെങ്കിലും യു.പി.ഐ വഴിയുള്ള ക്രെഡിറ്റ് ഇടപാടുകള്‍ക്ക് ഇത് സാധ്യമായിരുന്നില്ല. മേയ് 31നകം സൗകര്യം ലഭ്യമാക്കാന്‍ യു.പി.ഐ കമ്പനികള്‍ക്ക് എന്‍പിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതോടെ ഇടപാടുകളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്.
മാര്‍ച്ചിലെ യു.പി.ഐ ഇടപാടുകള്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാസം മാത്രം 19.78 ലക്ഷം കോടി രൂപയുടെ റെക്കോഡ് ഇടപാടുകളാണ് നടന്നത്. 2023 മാര്‍ച്ചിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനം വര്‍ധന. ഇടപാടുകളുടെ എണ്ണം മാര്‍ച്ചില്‍ 1,344 കോടിയായി ഉയരുകയും ചെയ്തു.

