ഇലക്ട്രിക് വാഹനം വാങ്ങാമെന്നു വച്ചാല്‍ പലരെയും വെട്ടിലാക്കുന്ന പ്രധാന ആകുലത ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്നു പോകുമോ എന്ന പേടിയും ചാര്‍ജിങ് സ്റ്റേഷന്‍ കണ്ടുപിടിക്കുന്നതിലെ ബുദ്ധിമുട്ടുമാണ്. ഇപ്പോഴിതാ ഈ പ്രശ്‌നത്തിന് പരിഹാരമായിരിക്കുന്നു. 9 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 600 മൈല്‍ ( 966 കിലോമീറ്റര്‍ ) ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന സോളിഡ് സ്റ്റേറ്റ് ബാറ്ററി വികസിപ്പിച്ചതായി സാംസങ്. സൗത്ത് കൊറിയയിലെ സോളില്‍ നടന്ന എസ്. എന്‍. ഇ ബാറ്ററി ഡേ 2024 എക്‌സ്‌പോയിലാണ് ഈ ബാറ്ററി പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം തന്നെ ബാറ്ററിയുടെ പൈലറ്റ് റണ്‍ തുടങ്ങി എന്നാണ് കമ്പനി പറയുന്നത്.
ആദ്യ ഘട്ടത്തില്‍ പ്രീമിയം വണ്ടികളില്‍ ആണ് ബാറ്ററി ലഭ്യമാക്കുക. നിലവിലുള്ള ബാറ്ററിയിലെ ദ്രാവക പദാര്‍ത്ഥങ്ങള്‍ക്ക് പകരമായി ഘനരൂപത്തിലുള്ള (Solid ) ഘടകങ്ങള്‍ ഉപയോഗിക്കുന്നത് മൂലം മികച്ച സുരക്ഷ ഉറപ്പു വരുത്താന്‍ കഴിയും. എന്നാല്‍ നിര്‍മാണ ചെലവ് കണക്കിലെടുത്ത് പ്രീമിയം ഇലക്ട്രിക്ക് വാഹനങ്ങളില്‍ മാത്രമാകും ആദ്യ ഘട്ടത്തില്‍ ബാറ്ററി ഉപയോഗിക്കാന്‍ കഴിയും.
20 മുതല്‍ 80 ശതമാനം വരെയുള്ള ക്വിക് ചാര്‍ജ് കൊണ്ട് 966 കിലോമീറ്റര്‍ ദൂരം ഓടാനാകുമെങ്കില്‍ യഥാര്‍ത്ഥ റേഞ്ച് ഇതിലും വര്‍ധിക്കാം. ബജറ്റ് കാറുകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ലിതിയം അയണ്‍ ഫോസ്‌ഫേറ്റ് കോബാള്‍ട്ട് രഹിത ബറ്ററികള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും സാംസങ് അറിയിച്ചു.
ഇലക്ട്രിക് വാഹന വിപണിയില്‍ സീന്‍ മാറും നിലവില്‍ ഇലക്ട്രിക് വാഹന വിപണി അഭിമുഖീകരിക്കുന്ന റേഞ്ച്, സുരക്ഷ, ചാര്‍ജിംഗ് സമയം, ബാറ്ററി കാലപരിധി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാവും ഇതോടെ നടപ്പിലാകും എന്നാണ് പ്രതീക്ഷ.ലിക്വിഡുകള്‍ക്കും ജെല്‍ ഇലക്ട്രോലൈറ്റ്‌സുകള്‍ക്കും പകരം സോളിഡ് ഇലക്ട്രോലൈറ്റുകള്‍ ഉപയോഗിക്കുന്ന ഇത്തരം ബാറ്ററികളുടെ ഉയര്‍ന്ന സുരക്ഷ, ഫാസ്റ്റ് ചാര്‍ജിംഗ്, കൂടുതല്‍ കാലം ഈടുനില്‍ക്കുന്നത്, കുറഞ്ഞ ഭാരം, കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദം, എന്നീ ഗുണങ്ങള്‍ ഇവി വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു.

