വെള്ളക്കെട്ടും വെള്ളപ്പൊക്കവും മാറി മാറി എത്താന്‍ തുടങ്ങിയതോടെ കേരളത്തിലെ ലക്ഷക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി. പ്രളയം തുടര്‍ക്കഥയായതോടെ വെള്ളം കയറാത്ത വീടുകളുണ്ടോ എന്നായി അന്വേഷണം. അതിനുള്ള ഉത്തരമാണ് മൂന്ന് ലക്ഷം രൂപക്ക് നിര്‍മിക്കാന്‍ കഴിയുന്ന പ്രീ ഫാബ് വീടുകള്‍.
ഒരു വീട് നിര്‍മിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും ചിരകാല സ്വപ്നങ്ങളില്‍ ഒന്നാണ്. എന്നാല്‍ കഷ്ടപ്പെട്ടുണ്ടാക്കിയ വീട് പ്രകൃതിക്ഷോഭത്തില്‍ ഇല്ലാതായാലോ ? ജീവിതംകാലം മുഴുവനും വേദനിക്കാനുള്ള വകയായി. ഈ അവസ്ഥ നേരിട്ടനുഭവിച്ച നിരവധിയാളുകള്‍ ഇന്ന് കേരളത്തിലുണ്ട്. 2018, 2019 വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ ഭാവന രഹിതരായവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ നിര്‍മിക്കാവുന്നതും എന്നാല്‍ ഇനിയും കടന്നുവന്നേക്കാവുന്ന പ്രളയത്തെ ഭയക്കാതെ കഴിയാന്‍ സാധിക്കുന്നതുമായ വീടുകള്‍ നിര്‍മിച്ചതോടെയാണ് പ്രീ ഫാബ് വീടുകള്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.
കേരളത്തില്‍ കല്ല്, മണ്ണ്, സിമന്റ് എന്നിവയെല്ലാം കൊണ്ട് വീടുകള്‍ നിര്‍മിക്കുമ്പോള്‍ തായ്‌ലന്‍ഡ് മാതൃകയിലുള്ള വീടുകള്‍ നിര്‍മിക്കുന്നത് GI ബോര്‍ഡുകള്‍ ഉപയോഗിച്ചാണ്. തായ്‌ലന്‍ഡില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്നവയാണ് ഈ ബോര്‍ഡുകള്‍. ഭൂനിരപ്പില്‍ നിന്നും ഉയര്‍ത്തിയാണ് ഇത്തരം വീടുകള്‍ നിര്‍മിക്കുന്നത്. അതിനാല്‍ തന്നെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടിനകത്ത് വെള്ളം കയറുമെന്ന ഭീതി വേണ്ട. വലിയ കുഴികളില്‍ വീപ്പ ഇറക്കിവച്ച് കോണ്‍ക്രീറ്റ് ചെയ്ത് അതിനുമുകളില്‍ ജിഐ ഫ്രയിമുകള്‍ നാട്ടി വീടിന്റെ മാതൃകയൊരുക്കി അതിനും മുകളില്‍ ബോര്‍ഡ് വിരിച്ചു അടിത്തറ ഒരുക്കിയാണ് വീടിന്റെ നിര്‍മാണം.
വീടുകളുടെ ചുവരുകളും മേല്‍ക്കൂരയും സ്‌ക്രൂ ചെയ്തുറപ്പിക്കുന്നു. TPI ബോര്‍ഡുകള്‍ കൊണ്ട് ഒരു കാര്‍പ്പെന്‍ഡറുടെ സഹായത്താല്‍ ആര്‍ക്കും എവിടെ വേണമെങ്കിലും ഇത്തരത്തിലുള്ള വീടുകള്‍ നിര്‍മിക്കാം. ചെലവ് മൂന്നുലക്ഷം രൂപ മാത്രം. എളുപ്പത്തില്‍ നിര്‍മിക്കാവുന്നതും ചെലവ് കുറഞ്ഞതുമായ മാതൃകയാണ് എന്നതിനാല്‍ എളുപ്പത്തില്‍ നശിക്കും എന്ന് കരുതണ്ട. 50 വര്‍ഷമാണ് പ്രീ ഫാബ് വീടുകളുടെ ആയുസ്സ്. ഏത് മാതൃകയില്‍ വേണമെങ്കിലും വീടുകള്‍ നിര്‍മിക്കാം. സ്വീകരണമുറി, ഊണുമുറി, അടുക്കള, രണ്ടു കിടപ്പുമുറികള്‍, ഒരു അറ്റാച്ഡ് ബാത്‌റൂം, ഒരു കോമണ്‍ ബാത്‌റൂം. ഇത്രയുമാണ് 400 ചതുരശ്രയടിയില്‍ ഒരുക്കിയിരിക്കുന്നത്. ജനലുകളും അടുക്കളയുടെ കബോര്‍ഡുകളും മുറിയുടെ വാഡ്രോബുകളും അലുമിനിയം ഫാബ്രിക്കേഷന്‍ ചെയ്താണ് ബലപ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന കാലുകളിലാണ് വീട് നിര്‍മിച്ചിരിക്കുന്നത് എന്നതിനാല്‍ വീടിനു കീഴ്ഭാഗം പാര്‍ക്കിങ് ഏരിയയായി ഉപയോഗിക്കാം.

