വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതബാധിതര്‍ക്ക് റിലയന്‍സ് ഫൗണ്ടേഷന്‍ സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. അടിയന്തര സഹായത്തിന് പുറമേ, മേഖലയിലെ ജീവനോപാധികള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീര്‍ഘകാല വികസന സംരംഭങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിലയന്‍സ് ഫൗണ്ടേഷന്റെ ദുരന്തനിവാരണ സംഘം സംസ്ഥാന അധികാരികളുമായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായും (എസ് ഡി എം എ) ചേര്‍ന്ന് പ്രവര്‍ത്തിക്കും. പാല്‍, പഴങ്ങള്‍ തുടങ്ങിയ പോഷക ആഹാരങ്ങള്‍, ആവശ്യമായ റേഷന്‍, പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വിതരണം ചെയ്യും. വെള്ളം, ടോയ്‌ലറ്ററികള്‍, അവശ്യ ശുചിത്വ വസ്തുക്കള്‍, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കും.
വീട് നഷ്ടമായ കുടുംബങ്ങളെ ദൈനംദിന ജീവിതം പുനരാരംഭിക്കാന്‍ സഹായിക്കുന്നതിന് താല്‍ക്കാലിക ഷെല്‍ട്ടറുകള്‍, കിടക്കകള്‍, വസ്ത്രങ്ങള്‍, അടുക്കളയിലേക്കുള്ള അവശ്യവസ്തുക്കള്‍ എന്നിവ നല്‍കും.
സുസ്ഥിര ഉപജീവനം പുനഃസ്ഥാപിക്കാന്‍ വയനാടിന്റെ ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായി വിത്ത്, കാലിത്തീറ്റ, ഉപകരണങ്ങള്‍, തൊഴില്‍ പരിശീലനം കൃഷി, എന്നിവയ്ക്ക് പിന്തുണ നല്‍കും. ദുരന്തബാധിതരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ പുസ്തകങ്ങളും പഠന സാമഗ്രികളും വിതരണം ചെയ്യും. ക്യാംപുകളിലെ താമസക്കാര്‍ക്കും ദുരന്തനിവാരണ സംഘങ്ങള്‍ക്കും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് ടവറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം ജിയോ ഭാരത് ഫോണുകള്‍ ലഭ്യമാക്കും.
ദുരന്തബാധിതര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്കും യുവാക്കള്‍ക്കും, കൗണ്‍സിലിംഗ് നല്‍കും, ഒപ്പം കമ്മ്യൂണിറ്റി ഹീലിംഗ് സെന്ററുകളും തുടങ്ങും.
”വയനാടന്‍ ജനതയുടെ ദുരിതവും ഉരുള്‍പൊട്ടല്‍ മൂലമുണ്ടായ വന്‍ നാശനഷ്ടങ്ങളും ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. അങ്ങേയറ്റം ദുഃഖകരമായ ഈ സമയത്ത്, ഞങ്ങളുടെ ഹൃദയം ഉരുള്‍പൊട്ടല്‍ ബാധിച്ച ഓരോ വ്യക്തിക്കും കുടുംബത്തിനും ഒപ്പമാണ്. ഈ ദുഷ്‌കരമായ സമയത്ത് കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു,’ റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനി പറഞ്ഞു.

