മാലിയം കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിന് മുന്നില്‍ ഒരു പരിഹാരമാര്‍ഗമായി കെഎസ്ആര്‍ടിസി. ഇനി ബേസില്‍ നിന്നും മാലിന്യങ്ങള്‍ പുറത്തേക്കെത്തില്ല. കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളും ബസുകളും മാലിന്യമുക്തമാക്കാന്‍ തീരുമാനം. കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ മാലിന്യമിടാന്‍ ഇനി മുതല്‍ പെട്ടി സ്ഥാപിക്കുന്നതാണ്.
ഇതോടൊപ്പം ‘മാലിന്യം വലിച്ചെറിയരുത്’ എന്ന ബോര്‍ഡും ബസുകളില്‍ വെക്കും. മന്ത്രിമാരായ എം.ബി. രാജേഷിന്റെയും കെ.ബി. ഗണേഷ് കുമാറിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ‘മാലിന്യമുക്തം നവകേരളം’ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് നടപടി കൈകൊളളുന്നത്. ഡിപ്പോകള്‍ക്ക് മാലിന്യസംസ്‌കരണ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ശുചിത്വമിഷന്‍ ഗ്രീന്‍ ലീഫ് റേറ്റിങ് നല്‍കുന്നതിനും തീരുമാനമായി. ഡിസംബര്‍ 20 നകം ഓരോ ഡിപ്പോയിലും നടപ്പാക്കാനാവുന്ന പദ്ധതികളുടെ പ്ലാന്‍ തയാറാക്കുന്നുണ്ട്.
ഡിപ്പോകളിലും മാലിന്യപ്പെട്ടികളും മാലിന്യസംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കുന്നതാണ്. ഇതിനായി ഡിപ്പോകളില്‍ മാലിന്യസംസ്‌കരണത്തിനും മലിനജലശുദ്ധീകരണത്തിനും പ്ലാന്റുകള്‍ സ്ഥാപിക്കുന്നതാണ്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പ്രധാന ഡിപ്പോകളില്‍ എഫ്‌ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റുകളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ സഹായങ്ങള്‍ തേടുന്നതാണ്. ഡിപ്പോകളിലെ മലിനജലം ശുദ്ധീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളോട് ഭൂഗര്‍ഭ ഇ.ടി.പി.കളും മൊബൈല്‍ ഇ.ടി.പി.കളും ലഭ്യമാക്കാന്‍ ആവശ്യപ്പെടും.

