അടിയന്തര തിരുത്തല്‍ നടപടികള്‍ ആവശ്യമായ ഏറ്റവും സാമ്പത്തിക സമ്മര്‍ദ്ദമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നായി റിസര്‍വ് ബാങ്ക് കേരളത്തെ തരംതിരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സമര്‍പ്പിച്ച കുറിപ്പിലാണ് കേരളത്തിലെ സാമ്പത്തിക സാഹചര്യം അതീവ ദുര്‍ബലമാണെന്ന് വ്യക്തമാക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക ഞെരുക്കം എടുത്തു കാട്ടുന്നതാണ് കുറിപ്പ്. കടമെടുക്കല്‍ പരിധിയെച്ചൊല്ലി കേന്ദ്രത്തിനെതിരെ കേരളം നല്‍കിയ കേസിന്റെ വാദത്തിനിടയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
പഞ്ചാബ്, പശ്ചിമ ബംഗാള്‍, കേരളം എന്നിവ ഇന്ത്യയിലെ ഏറ്റവും മോശം സാമ്പത്തിക നടത്തിപ്പുള്ള സംസ്ഥാനങ്ങളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ റവന്യൂ വരുമാനത്തിന്റെ 78 ശതമാനവും ചെലവഴിച്ചതോടെ കേരളത്തിന്റെ സര്‍ക്കാര്‍ ചെലവില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ധനക്കമ്മി 2017-18 ലെ 2.4 ശതമാനത്തില്‍ നിന്ന് 2021-2022 ല്‍ 3.1 ശതമാനമായി ഉയര്‍ന്നു.
ലാഭകരമായ സംരംഭങ്ങളില്‍ നിക്ഷേപിക്കാതെ, ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആവര്‍ത്തന ചെലവുകള്‍ക്കായി കടമെടുത്ത ഫണ്ട് സംസ്ഥാനം ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തില്‍ നിന്ന് അധിക ഫണ്ട് വേണമെന്ന കേരളത്തിന്റെ ആവശ്യത്തെ എജി എതിര്‍ത്തു. കേരള സര്‍ക്കാര്‍ നല്‍കിയ ഇടക്കാലാശ്വാസ അപേക്ഷയിലാണ് അറ്റോര്‍ണി ജനറലിന്റെ പ്രതികരണം.
കേരളത്തിന്റെ കടബാധ്യത ഇന്ത്യയുടെ ആകെ ക്രെഡിറ്റ് റേറ്റിംഗിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കേന്ദ്രം ആരോപിച്ചു. കടം വീട്ടുന്നതില്‍ വീഴ്ച വരുത്തുന്ന ഏതൊരു സംസ്ഥാനവും ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് തിരിച്ചടിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ലാഭകരമായ സംരംഭങ്ങളില്‍ നിക്ഷേപിക്കാതെ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആവര്‍ത്തന ചെലവുകള്‍ക്കായി കടമെടുത്ത ഫണ്ട് സംസ്ഥാനം ഉപയോഗിക്കുന്നു
ഉയര്‍ന്ന കടമെടുക്കല്‍ കാരണം ഒരു സംസ്ഥാനത്തിന്റെ കടബാധ്യതകള്‍ വര്‍ദ്ധിക്കുന്നത് വികസനത്തിനുള്ള ഫണ്ട് കുറയ്ക്കുന്നതിനും സംസ്ഥാന-ദേശീയ വരുമാന നഷ്ടത്തിനും ഇടയാക്കുമെന്നും കേന്ദ്രം സമര്‍പ്പിച്ച കുറിപ്പില്‍ വിശദീകരിക്കുന്നു.
ഏത് സ്രോതസ്സില്‍ നിന്നും കടമെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. രാജ്യത്തിന്റെ സ്ഥൂലസാമ്പത്തിക സ്ഥിരത കണക്കിലെടുത്താണ് ഈ അനുമതി നല്‍കുന്നത്, ആര്‍ട്ടിക്കിള്‍ 293(4) പ്രകാരം അനുമതി തേടുന്ന സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള പരിധി നിശ്ചയിച്ചിട്ടുണ്ട്. ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുന്നത്.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ വാര്‍ഷിക ബജറ്റ് പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ശേഷിക്ക് തടസമായതായി കേരള സര്‍ക്കാര്‍ ആരോപിക്കുന്നു. ഏകദേശം 26,000 കോടി രൂപ അടിയന്തരമായി വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.

