Connect with us

Hi, what are you looking for?

News

സ്പോര്‍ട്സിനെ നെഞ്ചേറ്റി സൗദി; ഐപിഎലിലും പണമിറക്കാന്‍ എംബിഎസ്

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ലാഭകരമായ ഇവന്റായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) നിക്ഷേപിക്കാനാണ് സൗദി അറേബ്യ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്

ഫുട്ബോളിനും ഗോള്‍ഫിനും പിന്നാലെ ക്രിക്കറ്റിലും നിക്ഷേപം നടത്താന്‍ പദ്ധതിയിട്ടിരിക്കുകയാണ് സൗദി അറേബ്യ. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ലാഭകരമായ ഇവന്റായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) നിക്ഷേപിക്കാനാണ് സൗദി അറേബ്യ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

എംബിഎസിന്റെ ആസൂത്രണം

30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു ഹോള്‍ഡിംഗ് കമ്പനിയിലേക്ക് ഐപിഎല്ലിനെ മാറ്റുന്നതിന്റെ സാധ്യതകളെക്കുറിച്ചാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.ഹോള്‍ഡിംഗ് കമ്പനിയില്‍ ഗണ്യമായ ഓഹരി എടുക്കാമെന്നാണ് സൗദി അറേബ്യയുടെ വാഗ്ദാനം. സെപ്റ്റംബറില്‍ എംബിഎസ് ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.

ഐപിഎലിലേക്ക് 5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് സൗദി ആലോചിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗും പോലെ മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ ക്രിക്കറ്റ് ലീഗിനെ വ്യാപിപ്പിക്കാന്‍ സഹായിക്കാമെന്ന് സൗദി വാഗ്ദാനം ചെയ്യുന്നു.

സൗദി അറേബ്യയുടെ മുന്‍കാല കായിക നിക്ഷേപങ്ങളില്‍ പലതിനും ആധാരമായ ശക്തമായ സോവറിന്‍ വെല്‍ത്ത് ഫണ്ടാവും കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഐപിഎലിലും പണമിടുക.

തിളങ്ങുന്ന ഐപിഎല്‍

2008 ല്‍ ആരംഭിച്ചത് മുതല്‍ ബോളിവുഡിന്റെ തിളക്കവും ഇന്ത്യയിലെ വന്‍ ജനസംഖ്യയുടെ പിന്തുണയും ഉപയോഗിച്ച് യുഎസ് ശൈലിയിലുള്ള സ്പോര്‍ട്സ് മാര്‍ക്കറ്റിംഗ് പരീക്ഷിച്ച് വിജയം നേടിയ ലീഗാണ് ഐപിഎല്‍.

അരാംകോയും സൗദി ടൂറിസം അതോറിറ്റിയും ഉള്‍പ്പെടെ നിരവധി വന്‍ സ്പോണ്‍സര്‍മാരെ ലീഗിന് ലഭിച്ചിട്ടുണ്ട്. ഓരോ സീസണിലും എട്ട് ആഴ്ച മാത്രമാണ് മല്‍സരങ്ങള്‍ നടക്കുകയെങ്കിലും 2027 വരെ ഐപിഎല്‍ ഗെയിമുകള്‍ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശത്തിനായി വിതരണക്കാര്‍ കഴിഞ്ഞ വര്‍ഷം 6.2 ബില്യണ്‍ ഡോളറാണ് ബിസിസിഐക്ക് നല്‍കിയത്. ഓരോ മത്സരത്തിന്റെയും സംപ്രേഷണാവകാശത്തിന് 15.1 മില്യണ്‍ ഡോളറാണ് ബിസിസിഐക്ക് ലഭിക്കുന്നത്. ഇത് ഇപിഎലിനേക്കാള്‍ കൂടുതലും യുഎസിലെ നാഷണല്‍ ഫുട്ബോള്‍ ലീഗിലെ ഓരോ ഗെയിമിനും നെറ്റ്വര്‍ക്കുകള്‍ നല്‍കുന്ന 17 മില്യണ്‍ ഡോളറിന് തൊട്ടു താഴെയുമാണ്. സൗദി നി്ഷേപം നടത്തിയാല്‍ സംപ്രേഷണാവകാശത്തിന്റെ തുക വീണ്ടും ഉയരും.

ലോകത്തിന്റെ കളിക്കളം

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സൗദി അറേബ്യ സ്‌പോര്‍ട്‌സ് മേഖലയില്‍ വന്‍ തുക വിനിയോഗിക്കുന്നുണ്ട്. സൗദിയെ ഒരു ആഗോള ക്രിക്കറ്റ് ലക്ഷ്യസ്ഥാനമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് രാജ്യത്തെ കായിക ഭരണ സമിതി ചെയര്‍മാന്‍ പറയുന്നു.

പ്രാഥമികമായി ഗോള്‍ഫ്, ഫുട്‌ബോള്‍ എന്നിവയില്‍ ഗണ്യമായ ചിലവിടല്‍ നടത്താനാണ് സൗദിയുടെ തീരുമാനം. ക്രിക്കറ്റിലെ നിക്ഷേപം അതിന് ശേഷമേ വരൂ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് ന്യൂകാസില്‍ യുണൈറ്റഡ് എഫ്‌സിയെ വാങ്ങിയത് ഒരു സൗദി ഗ്രൂപ്പാണ്. 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള വക്കിലാണ് സൗദി. ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായി, ബ്രസീലിന്റെ നെയ്മര്‍, ഫ്രാന്‍സിന്റെ കരീം ബെന്‍സെമ, പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ തങ്ങളുടെ മൈതാനങ്ങളിലെത്തിക്കാന്‍ സൗദി ദശലക്ഷക്കണക്കിന് ഡോളറാണ് ചെലവഴിച്ചത്.

വിവാദങ്ങള്‍ സ്പോര്‍ട്സ് കൊണ്ട് മറയ്ക്കുകയാണ് സൗദിയെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. എന്നാല്‍ സ്പോര്‍ട് മേഖലയിലെ ഈ നിക്ഷേപം പ്രാഥമികമായി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് എംബിഎസ് ഊന്നിപ്പറയുന്നു.

ഐപിഎല്‍ തന്നെ രാജാവ്

അതേസമയം, ഐപിഎലിന്റെ വിജയ ഫോര്‍മുല വിദേശത്തും ആവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ സിഇഒ സത്യ നദെല്ലയും അഡോബ് ഇന്‍കോര്‍പ്പറേഷന്റെ സിഇഒ ശന്തനു നാരായണും ചേര്‍ന്ന് ധനസഹായം നല്‍കിയ യുഎസിലെ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ആദ്യ സീസണ്‍ ജൂലൈയില്‍ അരങ്ങേറിയിരുന്നു. എന്നാല്‍ മേജര്‍ ലീഗും ദക്ഷിണാഫ്രിക്കയിലെയും യുഎഇയിലെയുമടക്കം മറ്റിടങ്ങളിലെ ടി-20 ലീഗുകളും ഐപിഎല്ലിന്റെ വാണിജ്യ ആധിപത്യത്തെ ബാധിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like