ഉക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ ആഗോള തലത്തില്‍ ഒറ്റപ്പെട്ട റഷ്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്‌കോയില്‍ വിമാനമിറങ്ങി. മോസ്‌കോയിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. റഷ്യയുടെ ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവാണ് മോദിയെ സ്വീകരിച്ചത്.
നിര്‍ണായകമായ 22 ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി മോസ്‌കോയിലെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍, വ്യാപാരം, ഊര്‍ജം, പ്രതിരോധം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള വഴികള്‍ മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും പരിശോധിക്കും.
”അടുത്ത മൂന്ന് ദിവസങ്ങളില്‍, റഷ്യയിലും ഓസ്ട്രിയയിലും ആയിരിക്കും. ഇന്ത്യ കാലാകാലങ്ങളായി സൗഹൃദം പരീക്ഷിച്ച ഈ രാഷ്ട്രങ്ങളുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള മികച്ച അവസരമായിരിക്കും ഈ സന്ദര്‍ശനങ്ങള്‍. ഈ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ സമൂഹവുമായി സംവദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ”റഷ്യയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് പ്രധാനമന്ത്രി മോദിയുടെ റഷ്യന്‍ സന്ദര്‍ശനം. 2019ല്‍ റഷ്യന്‍ നഗരമായ വ്ളാഡിവോസ്റ്റോക്കില്‍ നടന്ന സാമ്പത്തിക ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. 2022ല്‍ ഉക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള മോദിയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനം കൂടിയാണിത്.
ഇത്തവണ മോദിയുടെ സന്ദര്‍ശനത്തില്‍ ഉക്രെയ്ന്‍ യുദ്ധവും അജണ്ടയിലുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യാമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് ഉറപ്പ് നല്‍കിയ ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മോസ്‌കോയിലെത്തിയിരിക്കുന്നത്. ഉക്രെയ്നും റഷ്യയുമായി സൗഹൃദം പങ്കിടുന്ന ഏക രാഷ്ട്രമായ ഇന്ത്യയില്‍ നിന്ന് ക്രിയാത്മകമായ ഇടപെടലുകളാണ് ലോകം പ്രതീക്ഷിക്കുന്നത്. പുടിനുമായി മോദി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡന്റും തമ്മിലുള്ള വാര്‍ഷിക ഉച്ചകോടി ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലെ ഏറ്റവും ഉയര്‍ന്ന ഔദ്യോഗിക സംഭാഷണ സംവിധാനമാണ്
ഇന്ത്യ-റഷ്യ വ്യാപാരം യുദ്ധം തുടങ്ങിയതിന് ശേഷം വര്‍ധിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ റഷഅയന്‍ ക്രൂഡ് ഇറക്കുമതി ചെയ്യാനുള്ള അവസരം ഇന്ത്യ നന്നായി ഉപയോഗിച്ചു വരുന്നു. അതേസമയം ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്കുള്ള കയറ്റുമതിയില്‍ കാര്യമായ പുരോഗതിയില്ല. ഉഭയകക്ഷി വ്യാപാരം കൂടുതല്‍ അനുകൂലമാക്കാന്‍ മോദി ശ്രമിച്ചേക്കും.
പ്രതിരോധ മേഖലയില്‍ ഇന്ത്യ-റഷ്യ കൂട്ടുകെട്ട് മെച്ചപ്പെട്ട രീതിയിലാണ് മുന്നോട്ടു പോകുന്നത്. എങ്കിലും ഉക്രെയ്ന്‍ യുദ്ധം റഷ്യയുടെ പ്രതിരോധ ഉല്‍പ്പാദനത്തെയും ഇന്ത്യയിലേക്കുള്ള സപ്ലൈയേയും ബാധിച്ചിട്ടുണ്ട്. എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ അവസാന യൂണിറ്റുകള്‍ കൈമാറുന്നതിന്റെ വേഗം വര്‍ധിപ്പിക്കാനും മോദി ശ്രമിക്കുമെന്നാണ് അനുമാനിക്കുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡന്റും തമ്മിലുള്ള വാര്‍ഷിക ഉച്ചകോടി ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലെ ഏറ്റവും ഉയര്‍ന്ന ഔദ്യോഗിക സംഭാഷണ സംവിധാനമാണ്. ഇന്ത്യയിലും റഷ്യയിലുമായി ഇതുവരെ 21 വാര്‍ഷിക ഉച്ചകോടികള്‍ നടന്നിട്ടുണ്ട്. അവസാന ഉച്ചകോടി 2021 ഡിസംബര്‍ 6 ന് ന്യൂഡെല്‍ഹിയില്‍ നടന്നു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. റഷ്യന്‍ രാഷ്ട്രത്തലവനായ പുടിന്‍ ഒമ്പത് തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.

