സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള കാബ് സര്‍വീസ്, ഇവി ഉല്‍പ്പാദക കമ്പനിയായ ഒല യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഐപിഒയ്ക്ക് മുന്നോടിയായി ആഭ്യന്തര ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനി ശ്രമിക്കുന്നതായി ഒല വക്താവ് പറഞ്ഞു. അന്താരാഷ്ട്ര വിപണികളിലേക്ക് സേവനങ്ങള്‍ വിപുലീകരിച്ച് ഏകദേശം ആറ് വര്‍ഷത്തിന് ശേഷമാണ് കമ്പനിയുടെ തന്ത്രപരമായ പിന്‍മാറ്റം.
ഏപ്രില്‍ 12 മുതല്‍ ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് സ്ഥിരീകരിച്ചുകൊണ്ട് കമ്പനി ഉപയോക്താക്കള്‍ക്ക് അതിന്റെ അടച്ചുപൂട്ടലിനെക്കുറിച്ചുള്ള അറിയിപ്പുകള്‍ അയച്ചുതുടങ്ങി. 2011 ല്‍ ഭവിഷ് അഗര്‍വാളും അങ്കിത് ഭാട്ടിയും ചേര്‍ന്നാണ് ഒല ഇന്ത്യയില്‍ സ്ഥാപിച്ചത്. കമ്പനി 2018 ലാണ് ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും പ്രവര്‍ത്തനം ആരംഭിച്ചത്.
ഐപിഒയ്ക്ക് മുന്നോടിയായി ആഭ്യന്തര ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനി ശ്രമിക്കുന്നതായി ഒല വക്താവ് പറഞ്ഞു
ടാക്സി കാബ് സേവനങ്ങളില്‍ ഊബറിന്റെ നേരിട്ടുള്ള എതിരാളിയായിരുന്നു ഒല. 2020 അവസാനത്തോടെ ഓസ്‌ട്രേലിയയിലുടനീളമുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി അവസാനിപ്പിച്ചു. പ്രധാന ജീവനക്കാരെ പിരിച്ചുവിടുകയും പ്രാദേശിക ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.
ഇന്ത്യയില്‍ വിപുലീകരണത്തിനുള്ള വലിയ അവസരങ്ങളാണ് കമ്പനി കാണുന്നത്. ഇന്ത്യയില്‍ നൂറുകണക്കിന് നഗരങ്ങളില്‍ ഒലയ്ക്ക് സാന്നിധ്യമുണ്ട്.
സമീപകാല ഫണ്ടിംഗ് റൗണ്ടില്‍ 5.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓല, ഇന്ത്യയിലെ ഏറ്റവും ഹൈ-പ്രൊഫൈല്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ്. ടെമാസെക്, ടൈഗര്‍ ഗ്ലോബല്‍, വാര്‍ബര്‍ഗ് പിന്‍കസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ പിന്തുണയുമുണ്ട്. ഐപിഒ വഴി 5,500 കോടി രൂപ വരെ സമാഹരിക്കാനാണ് ഒല ഉദ്ദേശിക്കുന്നത്.

