70 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ)യില്‍ പുതിയ മാറ്റങ്ങള്‍. അലോപ്പതിക്ക് പുറമെ ആയുര്‍വേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി, പ്രകൃതി ചികിത്സ, യോഗ തുടങ്ങിയ ആയുഷ് ചികിത്സാരീതികളും ഇനി ഉള്‍പ്പെടും. ഇത് സംബന്ധിച്ച നടപടികള്‍ അന്തിമഘട്ടത്തിലാണെന്നാണ് പറയപ്പെടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഇതിന് ശേഷമാകും ഇന്‍ഷുറന്‍സ് പദ്ധതിയുടെ രജിസ്ട്രേഷന്‍ ആരംഭിക്കുക.
ജലദോഷം മുതല്‍ അര്‍ബുദ ചികിത്സ വരെ ആദ്യഘട്ടത്തില്‍ 170 ചികിത്സാ പാക്കേജുകളാണ് പദ്ധതിക്ക് കീഴില്‍കൊണ്ട് വന്നിരിക്കുന്നത്. ജലദോഷം, നടുവേദന, പ്രമേഹം, രക്തസമ്മര്‍ദ്ദം, അര്‍ബുദം തുടങ്ങിയ ചികിത്സയ്ക്കുള്ള പാക്കേജുകള്‍ക്ക്, പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായ, ദേശീയ ആരോഗ്യ അതോറിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രായമായവര്‍ക്കുള്ള 25 പാക്കേജുകളാണ് പദ്ധതിയിലുള്ളത്. ആരോഗ്യ പരിരക്ഷ ലഭിക്കേണ്ട പ്രായമായവരുടെ എണ്ണം വര്‍ധിക്കാനുള്ള സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാ പാക്കേജുകള്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കേരളത്തില്‍ കാരുണ്യ പദ്ധതിയുമായി ആയുഷ്മാന്‍ ഭാരതിനെ കേരളത്തിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ലയിപ്പിച്ചാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും പദ്ധതി ലഭ്യമാണ്. കേന്ദ്രാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് മുടക്കുന്നത്.

