കേരളത്തിലെ പ്രമുഖ യോഗ പഠന ഗവേഷണ കേന്ദ്രമായ പൈതൃക് നവരാത്രിയോട് അനുബന്ധിച്ച് സര്‍ഗോല്‍സവം സംഘടിപ്പിക്കുന്നു. പൈതൃക് (പതഞ്ജലി യോഗ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍) ആസ്ഥാനമന്ദിരമായ മൂവാറ്റുപുഴ മാറാടിയിലെ പൈതൃക് ഭവനില്‍ വെച്ചാണ് ഒക്റ്റോബര്‍ 10 മുതല്‍ 13 വരെ വിവിധ പരിപാടികളോടെ നവരാത്രി സര്‍ഗോല്‍സവം നടക്കുന്നത്.
പ്രൊഫ. ഇ വി നാരായണന്‍, കൈതപ്രം വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ആചാര്യന്മാരായി പൂജവെപ്പും വിദ്യാരംഭവും സര്‍ഗോല്‍സവത്തിന്റെ ഭാഗമായി നടക്കും.
സര്‍ഗോല്‍സവത്തിന്റെ ആദ്യദിനപരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത് പ്രമുഖ സംഗീത സംവിധായകന്‍ പി ഡി സൈഗാളാണ്. രണ്ടാം ദിനത്തിലെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത് പ്രമുഖ സിനിമാ താരം ഊര്‍മിള ഉണ്ണിയും നര്‍ത്തകി ഉത്തര ഉണ്ണിയും ചേര്‍ന്നാണ്. നീലകണ്ഠ തീര്‍ത്ഥപാദ സ്വാമികളുടെ ഫോട്ടോ അനാച്ഛാദനം നിര്‍വഹിക്കുന്നത് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതം യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ് കുമാറാണ്.
അജിത് സുബ്രഹ്‌മണ്യന്‍ നയിക്കുന്ന സംഗീതാര്‍ച്ചന, ഡോ. മേഘ ജോബി നയിക്കുന്ന യോഗ ഡാന്‍സ്, അദിതി പ്രാണ്‍ രാജ് അവതരിപ്പിക്കുന്ന ഭട്ടാസ്യനൃത്തം എന്നിവയും നവരാത്രി സര്‍ഗോല്‍സവത്തിന്റെ ഭാഗമായി നടക്കും.

