കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ സ്വകാര്യ സുരക്ഷയ്ക്ക് ചെലവഴിച്ചത് 40 മില്യണ്‍ ഡോളറിലധികം പണം. ഫെബ്രുവരിയിലെ കമ്പനി ഫയലിംഗ് അനുസരിച്ച്, മെറ്റ സുക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കുള്ള ചെലവ് 2023-ല്‍ 14 മില്യണ്‍ ഡോളറായി ഉയര്‍ത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 10 മില്യണ്‍ ഡോളറായിരുന്നു സുരക്ഷാ സംവിധാനങ്ങള്‍ക്കായി ഗ്രൂപ്പ് സക്കര്‍ബര്‍ഗിന് നല്‍കിയിരുന്നത്. ഈ പണം വിവിധ സുരക്ഷാ ആവശ്യങ്ങള്‍ക്കായി സക്കറിന് ഉപയോഗിക്കാം.
സുക്കര്‍ബര്‍ഗിന്റെ ‘സ്ഥാനവും പ്രാധാന്യവും’ പരിഗണിച്ചാണ് സക്കര്‍ബര്‍ഗിന്റെ സുരക്ഷ വര്‍ധിപ്പിച്ചതെന്ന് കമ്പനി എടുത്തു പറയുന്നു. വാര്‍ഷിക ശമ്പളമായി 1 ഡോളര്‍ മാത്രമാണ് സക്കര്‍ബര്‍ഗ് കമ്പനിയില്‍ നിന്ന് സ്വീകരിക്കുന്നത്. ബോണസ് പേയ്‌മെന്റുകളോ ഇക്വിറ്റികളോ മറ്റ് ഇന്‍സെന്റീവുകളോ അദ്ദേഹം സ്വീകരിക്കുന്നില്ലെന്നും കമ്പനി പറയുന്നു.

വ്യക്തിഗത സുരക്ഷയ്ക്കായി സക്കര്‍ബര്‍ഗ് ചെലവഴിക്കുന്ന വന്‍ തുകയും ഡീഫണ്ട് പൊലീസ് എന്ന ആശയത്തിന് നല്‍കുന്ന ധനസഹായവലും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന്് ചൂണ്ടിക്കാട്ടപ്പെടുന്നു. പൊലീസിനെ പരമാവധി ഒഴിവാക്കാനും പൊലീസിനുള്ള ധനസഹായം നിര്‍ത്തലാക്കാനും യുഎസില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ‘ഡീഫണ്ട് പൊലീസ്’ (DefundPolice.org) എന്ന ആശയത്തിന്റെ പിന്നിലുള്ള പോളിസിലിങ്ക് എന്ന സംഘടനയ്ക്ക് വന്‍ തുകയാണ് സക്കര്‍ നല്‍കിപ്പോരുന്നത്.
ഭാര്യ പ്രിസില്ല ചാനുമായി ചേര്‍ന്ന് സുക്കര്‍ബര്‍ഗ് സ്ഥാപിച്ച ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് (സിഇസെഡ്ഐ) 2020 മുതല്‍ 3 ദശലക്ഷം ഡോളര്‍ ഈ സംഘടനയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്.

പോലീസിംഗില്‍ നിന്ന് മാറി സുരക്ഷിതമായ കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ടൂളുകളും റിസോഴ്‌സുകളും പരിശീലനങ്ങളും തേടുന്ന സംഘാടകര്‍ക്കും അഭിഭാഷകര്‍ക്കും വേണ്ടിയുള്ള ഒരു ഏകജാലക കേന്ദ്രം എന്നാണ് ഡീഫണ്ട് പൊലീസ് സ്വയം അവകാശപ്പെടുന്നത്. സിഇസെഡ്ഐ പോലീസിനെ ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന സോളിഡയര്‍ എന്ന സംഘടനയ്ക്ക് 2.5 മില്യണ്‍ ഡോളര്‍ ധനസഹായവും നല്‍കിയിട്ടുണ്ട്. പൊലീസിനെ ഒഴിവാക്കി മറ്റ് ബദല്‍ സംവിധാനങ്ങള്‍ വന്‍ തുക മുടക്കി ഒരുക്കാന്‍ സക്കര്‍ബര്‍ഗിന് സാധിക്കുമെങ്കിലും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് അത് സാധിക്കുമോയെന്ന ചോദ്യം ബാക്കിയാണ്.

