കേരളത്തിന്റെ ചിരകാല പ്രതീക്ഷയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദര്‍ഷിപ്പ് എത്തി. സൊന്‍ ഫെര്‍ണാണ്ടോ എന്ന കപ്പലാണ് പ്രതീക്ഷകളുടെ പുതിയ വാതായനങ്ങളുമായി വിഴിഞ്ഞത്തെത്തിയത്.
ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ ജൂലൈ 11ന് രാവിലെ 7.15ഓടെയാണ് വിഴിഞ്ഞത്തെത്തിയത്.
കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. ചെണ്ടമേളത്തേടെ ദേശീയ പതാക വീശി പ്രദേശവാസികളും കപ്പല്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനിയായ മെര്‍സ്‌കിന്റെ ഒമ്പത് വര്‍ഷം പഴക്കമുള്ള മാതൃയാനമാണ് വിഴിഞ്ഞത്തെത്തിയത്. 2000ത്തോളം കണ്ടെയ്നറുകളാണ് തുറമുഖത്ത് ഇറക്കുന്നത്.
വിഴിഞ്ഞത്ത് സജ്ജമാക്കിയ കൂറ്റന്‍ ക്രെയ്നുകളിലാണ് ചരക്ക് ഇറക്കുന്നത്. ഇന്ത്യയിലെ മറ്റൊരു തുറമുഖത്തെയും പിന്നിലാക്കുന്ന തരത്തില്‍ എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്നുകളും 23 യാര്‍ഡ് ക്രെയ്നുകളുമാണ് പോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഓട്ടോമേറ്റഡ് സംവിധാനം വഴിയാണ് ചരക്കിറക്കവും കയറ്റും നിയന്ത്രിക്കുന്നത്.

