കേരളത്തില്‍, പുത്തന്‍ വാഹനങ്ങളുടെ വില്‍പനയില്‍, സെപ്റ്റംബറില്‍, 23 ശതമാനം വളര്‍ച്ച നേടി മാരുതി മുന്നില്‍. വില്‍പനയില്‍ മികച്ച മുന്നേറ്റമാണ് കാറുകളും മുച്ചക്രവാഹനങ്ങളും നടത്തിയത്. അതേസമയം ഇരുചക്ര വാഹനങ്ങളുടെ വില്‍പനയില്‍ താഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇലക്ട്രിക് വാഹനങ്ങളില്‍ ഓലയാണ് മുന്‍ പന്തിയില്‍ നില്‍ക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ മാസം പുതുതായി 22,121 കാറുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്തതാകട്ടെ 19,398 കാറുകളും. 14.03 ശതമാനം വളര്‍ച്ച നേടാനായി.
മാരുതി സുസുക്കിക്ക് 23 ശതമാനം വളര്‍ച്ചയാണ് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ വില്‍പന 10,434 ആയിരുന്നു. ഇക്കൊല്ലം 12,880ല്‍ എത്തിനില്‍ക്കുന്നു. ഹ്യുണ്ടായ്, കിയ എന്നീ വാഹനങ്ങള്‍ക്കും വില്‍പനയില്‍ ഉയര്‍ച്ചയാണ് ഉണ്ടായത്.
ഈ വിഭാഗത്തില്‍ ചില വാഹനങ്ങള്‍ വാഹനവില്‍പനയില്‍ താഴ്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വാഹന വിഭാഗത്തിന്റെ വില്‍പന ഇടിയുകയാണ് ചെയ്തത്. 377 ല്‍നിന്ന് 593 ലേക്ക് സ്‌കോഡ് വില്‍പന ഉയര്‍ന്നപ്പോള്‍, 1,158ല്‍ നിന്ന് 1,478 ലേക്കാണ്, ടൊയോട്ടയുടെ വില്‍പന ഉയര്‍ന്നത്.
ഇരുചക്ര വാഹനങ്ങളുടെ വില്‍പനയില്‍ താഴ്ചയാണ് കാണാനാവുന്നത്. 53,877 എണ്ണത്തില്‍ നിന്ന് 49,124 എണ്ണമായി താഴ്ന്ന് വില്‍പന 9.67 ശതമാനം ഇടിവ് രേഖപ്പെടുത്തി. എങ്കിലും ഈ വിഭാഗത്തില്‍ വില്‍പനയില്‍ ഒന്നാമതെത്തി നില്‍ക്കുന്നത് ഹോണ്ടയാണ്. 2022 സെപ്റ്റംബറിലെ വില്‍പനയില്‍ നിന്ന് 23.72 ശതമാനം കുറവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. 13,364 പുതിയ ഉപഭോക്താക്കളെയാണ് കഴിഞ്ഞ മാസം ഹോണ്ട കണ്ടെത്തിയത്.
യമഹയുടെയും റോയല്‍ എന്‍ഫീല്‍ഡിന്റെയും വില്‍പനയില്‍ ഇടിവാണ് കാണാന്‍ കഴിയുന്നത്. 4,755 നിന്ന് 4,682 ലേക്കാണ് യമഹയുടെ വില്‍പന താഴ്ന്നത് എങ്കില്‍, റോയല്‍ എന്‍ഫീല്‍ഡിന്റെ വില്പന
4,897 ല്‍ നിന്ന് 3,307 ലേക്കാണ് ഇടിഞ്ഞത്.
എന്നാല്‍ ഹീറോമോട്ടോകോര്‍പ്പിന്റെയും സുസുക്കിയുടെയും വില്‍പനയില്‍ ഉയര്‍ച്ചയാണ് ഉണ്ടായത്. 4,947 ല്‍ നിന്ന് ഹീറോമോട്ടോകോര്‍പ്പിന്റെ വില്‍പന 5,260 ആയി ഉയര്‍ന്നപ്പോള്‍, സുസുക്കിയുടെ കാര്യത്തില്‍ വില്പന 4,681 ല്‍ നിന്ന് 5,162 ലേക്കാണ് ഉയര്‍ന്നത്.
മുച്ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ബജാജ് ഓട്ടോയുടെ മൊത്തം വില്‍പന 3,879 ല്‍ നിന്ന് 5,502 ആയാണ് ഉയര്‍ന്നത്. 10,836 ല്‍ നിന്ന് ടിവിഎസ്സിനും 10,966ലേക്ക് ഉയര്‍ച്ച നേടാനായി.
1,776 ല്‍ നിന്ന് 3,496 ആയി ഓട്ടോറിക്ഷ വില്‍പനയും ഉയര്‍ന്നു.
ഇലക്ട്രിക് വാഹനങ്ങളില്‍ ഓലയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. 710 ല്‍ നിന്ന് 1,039 ലേക്ക് ഉയര്‍ന്നിരിക്കുന്നു ഓലയുടെ വില്‍പന. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 3,722 ഇവികളായിരുന്നു പുതുതായി നിരത്തിലിറങ്ങിയത്. എന്നാല്‍ ഇക്കൊല്ലം അത് 5,691 ആയി ഉയര്‍ന്നു. 52.90 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

