ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവന ലൈസന്‍സ് ലഭിക്കുന്നതിനുള്ള സുരക്ഷാ നിബന്ധനകള്‍ക്ക് വഴങ്ങി ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്. ഇതോടെ മസ്‌കിനിടെ സ്റ്റാര്‍ലിങ്കിന് രാജ്യത്ത് പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വി.ഐ) തുടങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ സ്റ്റാര്‍ലിങ്കിന് ഇന്റര്‍നെറ്റ് സേവന ലൈസന്‍സ് നല്‍കാനൊരുങ്ങുന്നത്. ഇതോടെ ഇന്ത്യയില്‍ ഒരു ഇന്റര്‍നെറ്റ് വിപ്ലവത്തിന് വഴി ഒരുങ്ങുമെന്നാണ് കരുതപ്പെടുന്നത്.
2022ല്‍ ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് സര്‍വീസ് (ജി.എം.പി.സി.എസ്) ലൈസന്‍സിന് അപേക്ഷിച്ചെങ്കിലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. നിബന്ധനകള്‍ സ്റ്റാല്‍ ലിങ്ക് അംഗീകരിച്ചതോടെ അധികം വൈകാതെ തന്നെ ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവെച്ചേക്കുമെന്നാണ് വിവരം. ലോകത്തെ എല്ലാ കോണിലും ചെലവു കുറഞ്ഞ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച ഒരു കൂട്ടം ഉപഗ്രഹങ്ങളാണ് സ്റ്റാര്‍ലിങ്ക്. 42,000 ഉപഗ്രഹങ്ങള്‍ അടങ്ങിയ ‘മെഗാ കോണ്‍സ്റ്റലേഷന്‍’ സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നൂറോളം രാജ്യങ്ങളില്‍ സ്റ്റാര്‍ ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നുണ്ട്.
സ്പെക്ട്രം ലേലം ചെയ്യാതെ കുറഞ്ഞ നിരക്കില്‍ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ മസ്‌കിന് ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ കഴിയും. ഇത് രാജ്യത്തെ ടെലികോം ഭീമന്മാരായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവര്‍ക്ക് തിരിച്ചടി ആകും. സ്പേസ് എക്സിന് പുറമെ ആമസോണ്‍ കുയ്പര്‍ (Kuiper), യൂടെല്‍സാറ്റിന്റെ വണ്‍ വെബ് പോലുള്ളവയും ലക്സംബര്‍ഗ് ആസ്ഥാനമായ എസ്.ഇ.എസ് എന്ന കമ്പനിയുമായി ചേര്‍ന്ന് റിലയന്‍സ് ജിയോയും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

