മുന്‍നിര ഐ.ടി കമ്പനിയായ ഇന്‍ഫോസിസില്‍ അധിക ഓഹരികള്‍ സ്വന്തമാക്കി ശ്രുതി ഷിബുലാല്‍. ഇന്നലെ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാട് വഴിയാണ് ഇന്‍ഫോസിസിന്റെ സഹസ്ഥാപകനും മുന്‍ സി.ഇ.ഒ.യുമായ എസ്.ഡി ഷിബുലാലിന്റെ മകള്‍ ശ്രുതി ഓഹരികള്‍ സ്വന്തമാക്കിയത്. എന്‍.എസ്.ഇയിലെ ബ്ലോക്ക് ഡീല്‍ ഡാറ്റ പ്രകാരം 29.84 ലക്ഷം ഇന്‍ഫോസിസ് ഓഹരികളാണ് ശ്രുതി വാങ്ങിയത്. ഓഹരിയൊന്നിന് 1,574 രൂപ കണക്കാക്കിയാണ് ഇടപാട്. ഇതു പ്രകാരം മൊത്തം 469.69 കോടി രൂപയാണ് ഇടപാടു മൂല്യം. എസ്.ഡി. ഷിബുലാലിന്റെ കുടുംബാംഗമായ ഗൗരവ് മാന്‍ചന്ദ ഇതേ ദിവസം ഇത്രയും ഓഹരികള്‍ അതേ വിലയില്‍ വിറ്റിരുന്നു.
പ്രമോട്ടര്‍മാരുടെ കൈവശം 14.43% ഓഹരി 2024 ഡിസംബര്‍ 31 വരെയുള്ള കണക്കുകളനുസരിച്ച് ശ്രുതി ഷിബുലാലിന് ഇന്‍ഫോസിസില്‍ 0.07 ശതമാനം അഥവാ 27.37 ലക്ഷം ഓഹരികളാണുള്ളത്. ഗൗരവ് മാന്‍ചന്ദയ്ക്ക് 0.31 ശതമാനം, അതായത് 1.17 കോടി ഓഹരികളുണ്ട്. എസ്.ഡി ഷിബുലാല്‍ അടക്കമുള്ള പ്രമോട്ടര്‍മാരുടെ കൈവശം ഇന്‍ഫോസിസിന്റെ 14.43 ശതമാനം ഓഹരികളാണുള്ളത്.
എന്താണ് ബ്ലോക്ക്, ബള്‍ക്ക് ഡീലുകള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി നടക്കുന്ന വന്‍കിട ഇടപാടുകളാണ് ബ്ലോക്ക്, ബള്‍ക്ക് ഡീലുകള്‍, എക്സ്ചേഞ്ചിലെ പ്രത്യേക ട്രേഡിംഡ് വിന്‍ഡോയിലൂടെയാണ് ബ്ലോക്ക് ഡീലുകള്‍ നടക്കുന്നത്. അതിനാല്‍ ചെറുകിട നിക്ഷേപകര്‍ക്ക് ബ്ലോക്ക് ഡീല്‍ കാണാന്‍ കഴിയില്ല. അതേസമയം ബള്‍ക്ക് ഡീലുകള്‍ സാധാരണ ട്രേഡിംഗിന്റെ ഭാഗമാണ്. എല്ലാ നിക്ഷേപകര്‍ക്കും ഇത് അറിയാനാകും.

