ഇന്ത്യയില്‍ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ചെലവുകള്‍ വര്‍ധിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി തുകയാണ് ആശുപത്രികളില്‍ വിവിധ രോഗങ്ങള്‍ക്കായുള്ള ചികിത്സയ്ക്കായി ആളുകള്‍ ചെലവഴിക്കുന്നത്. ഹൗസ്ഹോള്‍ഡ് കണ്‍സപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ സര്‍വേ പ്രകാരമാണ് ഈ കണ്ടെത്തല്‍. മലയാളി കുടുംബങ്ങള്‍ മൊത്തം ചെലവിന്റെ 10.8 ശതമാനം ചികിത്സ ചെലവുകള്‍ക്കായിട്ടാണ് മാറ്റിവയ്ക്കുന്നത്. ശരാശരി പ്രതിമാസ കുടുംബ ചികിത്സ ചെലവ് ഉയര്‍ന്നു നില്‍ക്കുന്നത് പല കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
ആശുപത്രി ബില്ലിനും മരുന്നുകള്‍ക്കുമായി ശരാശരി 645 രൂപയാണ് മലയാളികള്‍ ചെലവഴിക്കുന്നത്. ദേശീയതലത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ തുകയാണിത്. ആന്ധ്രാപ്രദേശ് (452.5 രൂപ), പഞ്ചാബ് (451.2 രൂപ) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നിലുള്ളത്. ലൈഫ്സ്‌റ്റൈല്‍ രോഗങ്ങളുടെ വര്‍ധനവാണ് ഇത്തരത്തില്‍ ചെലവ് കൂടുന്നതിനുള്ള കാരണമായി അനുമാനിക്കുന്നത്.
ഇന്ത്യയില്‍ നഗരങ്ങളെക്കാള്‍ ആശുപത്രിചെലവ് കൂടുതല്‍ ഗ്രാമങ്ങളില്‍ ആണ്. മൊത്തം കുടുംബചെലവിന്റെ 7.13 ശതമാനമാണ് ഗ്രാമങ്ങളിലെ നിരക്ക്. എന്നാല്‍ നഗരങ്ങളില്‍ ഇത് 5.9 ശതമാനം മാത്രമാണ്. സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായ സംസ്ഥാനങ്ങളില്‍ ചെലവ് കുറവാണെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ ഇത് തിരിച്ചാണ്.അതെ സമയം, മരുന്നുകള്‍ വലിയ വിലക്കുറവില്‍ ലഭിക്കുന്ന ജന്‍ ഔഷധി പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണെന്നും സര്‍വേയില്‍ പറയുന്നു.

