ഇന്ത്യയെയും ഗള്‍ഫ് രാജ്യങ്ങളെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി. അതും തുറമുഖങ്ങളും കപ്പലുകളും തീവണ്ടികളുമെല്ലാമുള്‍പ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ സമാപിച്ച ജി20 ഉച്ചകോടിയില്‍ ഉയര്‍ന്നു വന്ന ഗംഭീര ആശയമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ഈ ആശയത്തെ ലോകനേതാക്കളെല്ലാം ആവേശത്തോടു കൂടിയാണ് സ്വാഗതം ചെയ്തത്. വരുംകാല ലോകക്രമത്തിന്റെ ചാലകശക്തിയായി മാറാന്‍ സാധ്യതയുള്ള ഒരു ആശയപദ്ധതിയായാണ് ഇത് വിലയിരുത്തപ്പെട്ടത്.
ഇന്ത്യ, സൗദി അറേബ്യ, യുഎഇ, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, യുഎസ് എന്നീ രാജ്യങ്ങളെയാകും ഈ വ്യാപാര, സാമ്പത്തിക ഇടനാഴി പരസ്പരം ബന്ധിപ്പിക്കുക. ഈ രാജ്യങ്ങള്‍ക്കിടയിലെ വ്യാപാരം പതിന്‍മടങ്ങ് വര്‍ധിപ്പിക്കാനുതകുന്ന പദ്ധതിയാണിത്. ഇന്ത്യ-യൂറോപ്പ് വ്യാപാരത്തിന്റെ വേഗം 40% ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മുംബൈയില്‍ നിന്ന് യൂറോപ്പിലേക്ക് ഇപ്പോള്‍ ചരക്ക് അയക്കുന്നത് പൂര്‍ണമായും സമുദ്ര മാര്‍ഗം വഴിയാണ്. മുംബൈയില്‍ നിന്നുള്ള കപ്പല്‍ സൂയസ് കനാല്‍ കടന്നാണ് ആഗോള കപ്പല്‍ ഗതാഗതത്തിന്റെ 10% ഈ കനാലിലൂടെയാണ് കടന്നു പോകുന്നത്. എപ്പോഴും കപ്പലുകളുടെ തിരക്കാണ് ഇവിടെ. കുപ്പിക്കഴുത്ത് പോലെയുള്ള കനാല്‍ വ്യാപാരത്തിന്റെ ഗതിവേഗം കുറയുന്നതിന് പ്രധാന കാരണമാണ്.
പുതിയ വ്യാവസായിക ഇടനാഴിയില്‍ കപ്പലുകള്‍ ചരക്കുമായി മുംബൈയില്‍ നിന്ന് യുഎഇയിലെ ജബല്‍ അലി തുറമുഖത്തെത്തും. ഇവിടെ നിന്ന് ചരക്ക് ട്രെയിനില്‍ കണ്ടെയ്നറുകള്‍ റിയാദിലൂടെ കടന്ന് അല്‍ ഹദീത വഴി ഹൈഫയിലെത്തും. ഹൈഫയില്‍ നിന്നും കടല്‍മാര്‍ഗം വീണ്ടും യൂറോപ്പിലേക്ക്. സമയവും പണവും സേവ് ചെയ്യാന്‍ സഹായിക്കുന്ന പദ്ധതിയാണിതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പങ്കാളികളാകുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്നതാണിത്.
കിഴക്കന്‍ ഇടനാഴി ഇന്ത്യയെ ഗള്‍ഫുമായും വടക്കന്‍ ഇടനാഴി ഗള്‍ഫിനെ യൂറോപ്പുമായും ബന്ധിപ്പിക്കും. ഊര്‍ജ കൈമാറ്റത്തിനായും ഡിജിറ്റല്‍ കണക്ടിവിറ്റിക്കായും ഒരു കേബിള്‍ സംവിധാനം കൊണ്ടുവരാന്‍ പദ്ധതിയുടെ ഭാഗമായ രാഷ്ട്രങ്ങള്‍ ആലോചിക്കുന്നു.
സംശുദ്ധ ഊര്‍ജത്തിന്റെ കൈമാറ്റത്തിന് വലിയ ഉണര്‍വ് തന്നെ ഇതിലൂടെ ലഭിക്കും. പ്രാദേശിക വിതരണ ശൃംഖലകള്‍ ശക്തിപ്പെടുകയും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നതാണ് മറ്റൊരു വലിയ നേട്ടം.
ഇനി പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച്… അംഗരാഷ്ട്രങ്ങള്‍ പദ്ധതി സംബന്ധിച്ച ഒരു എംഒയുവില്‍ ഒപ്പിട്ടു കഴിഞ്ഞു. അടുത്ത രണ്ട് മാസത്തിനിടെ സാമ്പത്തിക ഇടനാഴി സംബന്ധിച്ച രണ്ടാമത്തെ കൂടിയാലോചനയ്ക്ക് നേതാക്കള്‍ ഒത്തുചേരും. കൃത്യമായി സമയക്രമം നിശ്ചയിച്ച ഒരു പ്രവര്‍ത്തന പദ്ധതിയും ഇവര്‍ തയാറാക്കും.
പദ്ധതി ചൈനയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ലെന്നത് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ജി20 യോടനുബന്ധിച്ച് ഇത്തരമൊരു സ്വപ്ന പദ്ധതി പ്രഖ്യാപിക്കാന്‍ ഇടയുണ്ടെന്നതിനാലാണോ ചൈനിസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് വിട്ടുനിന്നതെന്ന അഭ്യൂഹം പോലും ഉയര്‍ന്നിട്ടുണ്ട്. ഷിയുടെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിനെ (ബിആര്‍ഐ) നേരിടാന്‍ ഇന്ത്യയും മറ്റ് ലോകരാജ്യങ്ങളും ചേര്‍ന്ന് തയാറാക്കിയിരിക്കുന്ന പദ്ധതിയാണിതെന്ന് വ്യക്തം. കടം കുമിഞ്ഞു കൂടാന്‍ തുടങ്ങിയതോടെ ഇറ്റലി പോലെയുള്ള രാജ്യങ്ങള്‍ ബിആര്‍ഐയില്‍ നിന്ന് പുറത്തു കടക്കാന്‍ തയാറെടുക്കുകയാണ്. ജി20 സമ്മേളനത്തിനിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മലോണി ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്ങിനെ ഇക്കാര്യം അറിയിച്ചു. ഇറ്റലിക്ക് ഈ പദ്ധതി കൊണ്ട് കാര്യമായ പ്രയോജനമില്ലെന്നാണ് അവരുടെ വാദം.
ചൈനയുടെ മുങ്ങുന്ന കപ്പലില്‍ നിന്ന് ഓരോ പങ്കാളികളായി ചാടി രക്ഷപെടുകയാണെന്ന് സാരം. മറ്റു രാജ്യങ്ങളെ കടക്കെണിയില്‍ കുടുക്കി വരുതിയിലാക്കാന്‍ ശ്രമിച്ചിരുന്ന ചൈന തന്നെ ഇപ്പോള്‍ കടക്കെണിയിലും സാമ്പത്തിക അസ്ഥിരതയിലും പെട്ടിരിക്കുന്നെന്നാണ് ബെയ്ജിംഗില്‍ നിന്നുള്ള പുതിയ വര്‍ത്തമാനം. ചൈന വിഭാവനം ചെയ്തത് പട്ടുപാതയുടെ പുനരുജ്ജീവനമാണെങ്കില്‍ ഇന്ത്യയുടേത് പുരാതനമായ സ്പൈസ് റൂട്ടിന്റെ വീണ്ടെുക്കലാണ്. ചൈനയുടെ ആഗോള മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമോ ഇന്ത്യയുടെ സാമ്പത്തിക ഇടനാഴി… എല്ലാം പദ്ധതിയുടെ നടത്തിപ്പ് പോലെയിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതിക്ക് നല്‍കുന്ന മുന്‍ഗണനയും നിര്‍ണായകമാവും.

