ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി ഒരാഴ്ചയ്ക്കകം കേടായതിനെത്തുടര്‍ന്ന് ഇരട്ടി തുക നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. സ്‌കൂട്ടര്‍ കേടാകുമ്പോള്‍ മൊബൈല്‍ ആപ്പിലും സ്‌കൂട്ടറിന്റെ ടച്ച് സ്‌ക്രീനിലും ‘നിങ്ങളുടെ സ്‌കൂട്ടര്‍ സ്ലീപ്പിങ് മോഡിലാണ് എന്നാണ് എഴുതി കാണിച്ചിരുന്നത്. പാലക്കാട് അകത്തേത്തറ കാക്കണ്ണി ശാന്തിനഗറിലെ സി.ബി. രാജേഷ് ആണ് പരാതിയുമായി കമീഷനെ സമീപിച്ചത്.
വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ പരാതിയുമായി കമ്മീഷനിലെത്തി രാജേഷ്. തുടര്‍ന്ന് സ്‌കൂട്ടറിന് നിര്‍മാണത്തകരാര്‍ സംഭവിച്ചതായി കമീഷന്‍ കണ്ടെത്തി. ഉടമയ്ക്ക് 2.59 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തീരുമാനമായി.1.27 ലക്ഷം രൂപയാണ് സ്‌കൂട്ടറിന്റെ വില. വാഹനത്തിന്റെ വിലയുടെ പത്ത് ശതമാനം പലിശസഹിതം ഉടമയ്ക്ക് കമ്പനി തിരിച്ചുനല്‍കണമെന്ന് വിധിയില്‍ പറയുന്നു.
കൂടാതെ നഷ്ടപരിഹാരമായി ഒരുലക്ഷം രൂപയും കോടതി ചെലവ് ഇനത്തില്‍ 20,000 രൂപയും നല്‍കണം. കമീഷന്‍ പ്രസിഡന്റ് വി. വിനയ് മേനോനും അംഗം എന്‍.കെ. കൃഷ്ണന്‍കുട്ടിയും ഉത്തരവിറക്കി. ഉത്തരവ് ലഭിച്ച് 45 ദിവസത്തിനകം കമ്പനി തുക നല്‍കണം. ഇതില്‍ വീഴ്ചവരുത്തിയാല്‍ പ്രതിമാസം 500 രൂപ വീതം അധികമായി നല്‍കണമെന്നും നിര്‍ദേശമുണ്ട്.

