പാക്ക് ചെയ്തത്, ലൂസ് എന്ന വ്യത്യാസമില്ലാതെ ഇന്ത്യയിലെ എല്ലാ ഉപ്പ്, പഞ്ചസാര ബ്രാന്‍ഡുകളിലും ഗണ്യമായ തോതില്‍ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് പഠന റിപ്പോര്‍ട്ട്. പരിസ്ഥിതി ഗവേഷണ സംഘടനയായ ‘ടോക്സിക്സ് ലിങ്ക്’ ആണ് പഠനം നടത്തിയത്.
ഓണ്‍ലൈനിലും പ്രാദേശിക വിപണിയില്‍ നിന്നും വാങ്ങിയ പത്ത് ബ്രാന്‍ഡ് ഉപ്പിലും അഞ്ച് ബ്രാന്‍ഡ് പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. 0.1 മില്ലീമീറ്റര്‍ മുതല്‍ 5 മില്ലീമീറ്റര്‍ വരെ വലിപ്പമുള്ള മൈക്രോപ്ലാസ്റ്റിക്കുകളാണ് ഇവയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് നാരുകള്‍, പെല്ലറ്റുകള്‍, ഫിലിമുകള്‍ എന്നിവയാണ് ഉല്‍പ്പന്നങ്ങളില്‍ ഉണ്ടായിരുന്നത്.
അയോഡിന്‍ ചേര്‍ത്ത ഉപ്പിലാണ് ഏറ്റവുമധികം മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയത്. ശരാശരി 89.15 പ്ലാസ്റ്റിക് കഷണങ്ങള്‍ ഒരു കിലോ ഉപ്പിലുണ്ടായിരുന്നു. ഓര്‍ഗാനിക് റോക്ക് സാള്‍ട്ടിലായിരുന്നു പ്ലാസ്റ്റിക് സാന്നിധ്യം ഏറ്റവും കുറവ്, കിലോഗ്രാമില്‍ 6.7 കഷണങ്ങള്‍ മാത്രം. പഞ്ചസാരയില്‍ കിലോഗ്രാമില്‍ 11.85-68.25 മൈക്രോപ്ലാസ്റ്റിക് കഷണങ്ങള്‍ കണ്ടെത്തി.
ശരാശരി 10.98 ഗ്രാം ഉപ്പും ഏകദേശം 40 ഗ്രാം പഞ്ചസാരയുമാണ് ഇന്ത്യക്കാര്‍ പ്രതിദിനം കഴിക്കുന്നത്. 0.55 മുതല്‍ 3.71 വരെ മൈക്രോപ്ലാസ്റ്റിക് കഷണങ്ങളാണ് ഇതിലൂടെ അകത്തു ചെല്ലുന്നത്.

