സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുത്തനെ ഇടിഞ്ഞു. ഗ്രാം വില 90 രൂപ താഴ്ന്ന് 7,140 രൂപയും പവന്‍ വില 720 കുറഞ്ഞ് 57,120 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 75 രൂപ കുറഞ്ഞ് 5,895 രൂപയിലെത്തി. വെള്ളി വിലയും ഇന്ന് താഴേക്കാണ്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 97 രൂപയിലാണ് വില്പന. കേരളത്തില്‍ ഡിസംബര്‍ 12ന് 58,280 രൂപ വരെ ഉയര്‍ന്ന ശേഷം സ്വര്‍ണ വില താഴേക്കാണ്. രണ്ടു ദിവസം കൊണ്ട് വില 1,160 രൂപ കുറഞ്ഞു. ഇത് സ്വര്‍ണം വാങ്ങാന്‍ മികച്ച സമയമാണോ എന്നാണു പലരും ചിന്തിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ചൈന വീണ്ടും സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയത് രാജ്യാന്തര സ്വര്‍ണ വിലയെ 2,700 ഡോളറിന് മുകളില്‍ എത്തിച്ചിരുന്നു. ആറ് മാസം സ്വര്‍ണത്തോട് മുഖം തിരിച്ച ചൈനീസ് പീപ്പിള്‍സ് ബാങ്ക് നവംബറില്‍ അഞ്ച് ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്.
കഴിഞ്ഞയാഴ്ച പുറത്തുവന്ന യു.എസിന്റെ മൊത്ത വ്യാപാര പണപ്പെരുപ്പം 3 ശതമാനം ഉയര്‍ച്ചയാണ് കാണിച്ചത്. ഇത് ഉപയോക്തൃ വിലപ്പെരുപ്പം നിലനില്‍ക്കുമെന്ന സൂചനയാണ് നല്‍കിയത്. ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനത്തെ ഇത് സ്വാധീനിക്കാനിടയുണ്ട്. അടുത്തയാഴ്ച ഫെഡറല്‍ റിസര്‍വ് പിലശ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

