പേടിഎമ്മിന് പിന്നാലെ കൂടുതല്‍ ഫിന്‍ടെക് കമ്പനികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) റെഗുലേറ്ററി നടപടികള്‍ നേരിടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. കെവൈസി പ്രക്രിയകളില്‍ വീഴ്ചകള്‍ വരുത്തിയ കമ്പനികളാണ് നിയമപരമായ നടപടികള്‍ നേരിടുക. നടപടി നേരിടേണ്ടിവന്നേക്കാവുന്ന ഫിന്‍ടെക് കമ്പനികളുടെ പട്ടികയില്‍ ഒരു പ്രമുഖ പേമെന്റ്, വാലറ്റ് സേവന ദാതാവും ഉണ്ടെന്നാണ് സൂചന.
കെവൈസി വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജനുവരി 31 ന് ആര്‍ബിഐ പേടിഎം പേമെന്റ് ബാങ്കിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കുറഞ്ഞത് നാല് പേമെന്റ് കമ്പനികളെങ്കിലും സമാനമായ വീഴ്ചകള്‍ വരുത്തിയതിന് നിരീക്ഷണത്തിലാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
കുറഞ്ഞത് നാല് പേമെന്റ് കമ്പനികളെങ്കിലും സമാനമായ വീഴ്ചകള്‍ വരുത്തിയതിന് നിരീക്ഷണത്തിലാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു
കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് ധനസഹായം നല്‍കലും കൈകാര്യം ചെയ്യുന്നതിനായി രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ എത്രമാത്രം സക്ഷമമാണെന്ന അന്വേഷണം പാരീസ് ആസ്ഥാനമായ അന്താരാഷ്ട്ര സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) നടത്തി വരികയാണ്. ഇതിനൊപ്പമാണ് ആര്‍ബിഐയും നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്.
പരമ്പരാഗത ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഫിന്‍ടെക് കമ്പനികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കെവൈസി സംവിധാനങ്ങള്‍ വേണ്ടത്ര ശക്തമല്ലെന്നാണ് ആര്‍ബിഐ നിരീക്ഷണം. അനധികൃതമായി സമ്പാദിച്ച പണം ശേഖരിക്കുന്നതിനോ വെളുപ്പിക്കുന്നതിനോ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന മ്യൂള്‍ അക്കൗണ്ടുകളെക്കുറിച്ചും അന്വേഷണമുണ്ട്.

