2008 ല്‍ ഉണ്ടായ ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 5 ദിവസം പഴക്കമുള്ള പാസ്ത ചൂടാക്കിക്കഴിച്ചത് മൂലം ബെല്‍ജിയം സ്വദേശിയായ 20 കാരന്‍ മരിച്ച സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സാധാരണ താപനിലയില്‍ അടുക്കളയില്‍ സൂക്ഷിച്ച പാസ്ത കഴിച്ച യുവാവിന് പിന്നാലെ തലവേദനയും മനംപുരട്ടലും വയറുവേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് ഛര്‍ദ്ദിക്കുകയും നില വഷളാവുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ യുവാവ് ഉറക്കമുണര്‍ന്നില്ല.
മരണകാരണം ഫ്രൈഡ് റൈസ് സിന്‍ഡ്രോമാണെന്നാണ് കണ്ടെത്തിയത്. ചോറ്, ഉരുളക്കിഴങ്ങ്, പാസ്ത തുടങ്ങിയ ഡ്രൈ ആയ ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കുമ്പോള്‍ അവയില്‍ വിഷാംശം ഉണ്ടാകും. ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന ബാസില്ലസ് സെറസ് എന്ന ബാക്ടീരിയയാണ് വില്ലന്‍. ഇത്തരത്തിലുള്ള ഭക്ഷണം ചൂടാക്കിയ ശേഷം പിന്നെയും കുറേ നേരം വെക്കുമ്പോള്‍ ബാസില്ലസ് സെറസ് വിഷാംശം അധികരിക്കുന്നു.
ഛര്‍ദി, മനംപുരട്ടല്‍, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഭക്ഷണം കഴിച്ചതിന് ശേഷം 8 മുതല്‍ 16 മണിക്കൂറിനുള്ളിലാണ് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുക. അസുഖം പിന്നീട് 12 മുതല്‍ 14 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം.
ഫ്രൈഡ് റൈസ് സിന്‍ഡ്രോം വന്നാല്‍ ദേഹത്തിലെ ജലാംശം വീണ്ടെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ധാരാളം വെള്ളം കുടിക്കണം. അത് കൊണ്ട് മാറിയില്ലെങ്കില്‍ വൈദ്യ സഹായം ആവശ്യമായി വരും.

