ടെസ്ലയുടെയും ഇലോണ്‍ മസ്‌കിന്റെയും ഇന്ത്യയിലേക്കുള്ള കടന്നു വരവില്‍ ആശങ്കകളില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ. ഇന്ത്യയിലെ ആഭ്യന്തര ഇവി നിര്‍മ്മാതാക്കള്‍ക്ക് ടെസ്ല പോലുള്ള വിദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള ആഘാതം കുറയ്ക്കാന്‍ ആവശ്യമായ ‘സുരക്ഷകള്‍’ നിലവിലുണ്ടെന്ന് ഭാര്‍ഗവ പറഞ്ഞു. പുതിയ ഇവി നയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഭാര്‍ഗവ.
‘ഇന്ത്യയിലേക്ക് പുതിയ സാങ്കേതികവിദ്യ കൊണ്ടുവരുന്നതിനാണ് പുതിയ ഇവി പോളിസി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉയര്‍ന്ന വിലയുള്ള കാറുകള്‍ക്കും വിപണിയുടെ മേല്‍ത്തട്ടിനും വേണ്ടിയാണ് നയം എന്നതിനാല്‍, ആഭ്യന്തര നിര്‍മ്മാതാക്കളില്‍ ഒരു സ്വാധീനവും ഞാന്‍ പ്രതീക്ഷിക്കുന്നില്ല,’ ഭാര്‍ഗവ പറഞ്ഞു.
മൂന്ന് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 500 മില്യണ്‍ ഡോളര്‍ നിക്ഷേപവും നിര്‍മ്മാണ സൗകര്യങ്ങളും ഉറപ്പാക്കുന്ന കമ്പനികള്‍ക്കായി ചില ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനുള്ള ടെസ്ലയുടെ പദ്ധതികളെ ശക്തിപ്പെടുത്തും. ഇവി നയം ടെസ്ലയുടെ വലിയ വിജയമായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ജൂലൈയില്‍ ടെസ്ല ഒരു ഫാക്ടറി നിര്‍മ്മിക്കാന്‍ വാഗ്ദാനം ചെയ്തിരുന്നു. ഇറക്കുമതി നികുതി വെട്ടിക്കുറയ്ക്കണമെന്ന് സിഇഒ ഇലോണ്‍ മസ്‌ക് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യയിലേക്ക് പുതിയ സാങ്കേതികവിദ്യ കൊണ്ടുവരുന്നതിനാണ് പുതിയ ഇവി പോളിസി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉയര്‍ന്ന വിലയുള്ള കാറുകള്‍ക്കും വിപണിയുടെ മേല്‍ത്തട്ടിനും വേണ്ടിയാണ് നയം: ആര്‍ സി ഭാര്‍ഗവ
വര്‍ഷങ്ങളായി, മസ്‌ക് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ മേക്ക് ഇന്‍ ഇന്ത്യ വേണമെന്ന ആവശ്യത്തില്‍ ഇന്ത്യ ഉറച്ചുനിന്നു. കഴിഞ്ഞ വര്‍ഷം മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ടിരുന്നു.
നിക്ഷേപ, നിര്‍മ്മാണ മാനദണ്ഡങ്ങള്‍ നിറവേറ്റുന്ന കമ്പനികള്‍ക്ക് 35,000 ഡോളറോ അതിനുമുകളിലോ വിലയുള്ള കാറുകള്‍ക്ക് 15% കുറഞ്ഞ നികുതിയില്‍ പരിമിതമായ എണ്ണം ഇവികള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കും. ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും ഇവികള്‍ക്കും അവയുടെ മൂല്യമനുസരിച്ച് 70% അല്ലെങ്കില്‍ 100% നികുതിയാണ് ഇന്ത്യ നിലവില്‍ ഈടാക്കുന്നത്.

