ലോകത്തെ ഞെട്ടിച്ച അഹമ്മദാബാദിലെ എയര്‍ഇന്ത്യ ഡ്രീംലൈനര്‍ അപകടത്തിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം ഏകദേശം 2400 കോടി രൂപ. രാജ്യത്തെ വ്യോമയാന ചരിത്രത്തിലെ ഏറ്റവുംവലിയ തുകയാണ് ഇതെന്നാണ് വിലയിരുത്തല്‍. വിമാനത്തിന്റെ ഹള്‍ (ഫ്യുസലേജ്), സ്‌പെയര്‍ പാര്‍ട്‌സ്, യാത്രക്കാര്‍, ചരക്ക്, അപകടത്തില്‍പെട്ട മറ്റുള്ളവര്‍ എന്നിങ്ങനെ വിവിധ ഗണങ്ങളിലായാണ് ഇന്‍ഷുറന്‍സ് ക്ലെയിം നടക്കുക.
മോണ്‍ട്രിയല്‍ ധാരണ (1999) പ്രകാരം സ്‌പെഷല്‍ ഡ്രോയിങ് റൈറ്റ്‌സ് (എസ്ഡിആര്‍) അടിസ്ഥാനമാക്കിയാണ് കൊല്ലപ്പെട്ട യാത്രക്കാരുടെ കുടുംബങ്ങള്‍ക്കുള്ള തുക നിശ്ചയിക്കുക. ഇത് ഓരോ വ്യക്തിയുടെയും പേരില്‍ 1.8 കോടി രൂപ വരെയാവാം. ഈയിനത്തില്‍ മാത്രം യാത്രക്കാരുടെ കുടുംബങ്ങള്‍ക്ക് മൊത്തം 435 കോടിയോളം നല്‍കേണ്ടി വരും. എത്രയും വേഗത്തില്‍ ഇന്‍ഷുറന്‍സ് ക്ലൈം നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
യാത്ര ചെയ്ത ആളുടെ ജോലി, ശമ്പളം, പ്രായം, സ്ഥാനക്കയറ്റ സാധ്യതകള്‍ തുടങ്ങിയ ഘടകങ്ങള്‍ കൂടി കണക്കിലെടുത്താല്‍ തുക വീണ്ടും ഉയരും. 2010ല്‍ മംഗളൂരു വിമാനാപകടത്തില്‍ മരിച്ച ഒരു യാത്രക്കാരന്റെ കുടുംബം കോടതിയെ സമീപിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ ഘടകങ്ങള്‍കൂടി പരിഗണിച്ച് ഏഴു കോടി രൂപയിലധികം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചിരുന്നു.
സമാനമായ രീതിയില്‍ പൈലറ്റുമാര്‍, ക്രൂ എന്നിവര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക എയര്‍ഇന്ത്യയുടെ തൊഴിലാളി നയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേകമായാണ് കണക്കാക്കുക. ബി.ജെ. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുള്‍പ്പെടെ അപകടത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവര്‍ക്ക് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുകയാണ് ലഭിക്കുക.

