ക്രിക്കറ്റര്‍മാര്‍ ബ്രാന്‍ഡുകളുടെ അംബാസഡര്‍മാരാവുന്നതില്‍ പുതുമയൊന്നുമില്ല. പല ക്രിക്കറ്റര്‍മാരും ബിസിനസുകളില്‍ പങ്കാളികളാകാറുണ്ട്. എന്നാല്‍ ഒരു പടികൂടി കടന്ന് ഒരു വ്യവസായി തന്നെ ആവാനുള്ള തീരുമാനത്തിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപൂരിലെ സാല്‍ബോണിയില്‍ സ്റ്റീല്‍ ഫാക്ടറി ആരംഭിക്കാന്‍ തയാറെടുക്കുകയാണ് ഗാംഗുലി.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്പെയിനിലേക്കും ദുബായിലേക്കുമുള്ള യാത്രയില്‍ അനുഗമിച്ച പ്രതിനിധി സംഘത്തില്‍ അംഗമായി ഗാംഗുലിയും വിദേശത്തേക്കു പോയിരിക്കുകയാണിപ്പോള്‍. അഞ്ച് മുതല്‍ ആറ് മാസത്തിനുള്ളില്‍ ഫാക്ടറി പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം സ്പെയിനിലെ മാഡ്രിഡില്‍ സംഘടിപ്പിച്ച ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ വെച്ചാണ് ഗാംഗുലി നടത്തിയത്.
തനിക്ക് ക്രിക്കറ്റ് കളിക്കാന്‍ മാത്രമേ അറിയുകയുള്ളെന്നാണ് പലരും ധരിച്ചിരിക്കുന്നതെന്നും എന്നാല്‍ 2007 ല്‍ താന്‍ ഒരു ചെറിയ സ്റ്റീല്‍ പ്ലാന്റ് തുടങ്ങിക്കൊണ്ട് ബിസിനസിലേക്ക് വന്നിരുന്നെന്നും ഗാംഗുലി പറഞ്ഞു. അഞ്ച് ആറ് മാസത്തിനുള്ളില്‍ തങ്ങള്‍ മേദിനിപ്പൂരില്‍ പുതിയ സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായോഗിക അനുഭവം കൈമുതലാക്കിയാണ് ബിസിനസില്‍ മുന്നോട്ടു പോകുന്നതെന്നും ഗാംഗുലി പറഞ്ഞു.

