റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് ചൈനീസ് കറന്‍സി ഉപയോഗിച്ച് പണം നല്‍കുന്നതില്‍ പൊതുമേഖലാ എണ്ണക്കമ്പനികളെ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. റഷ്യയില്‍ നിന്നുള്ള ഏഴ് കാര്‍ഗോകളുടെ പേയ്‌മെന്റ്, റഷ്യ ചൈനീസ് യുവാനില്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്. എന്നാല്‍ പേമെന്റിനെച്ചൊല്ലിയുള്ള തര്‍ക്കം ഇതുവരെ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതിയെ തടസ്സപ്പെടുത്തിയിട്ടില്ല. റോസ്‌നെഫ്റ്റ് പോലുള്ള റഷ്യന്‍ കമ്പനികള്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് ക്രൂഡ് വിതരണം ചെയ്യുന്നത് തുടരുന്നുണ്ട്. പേമെന്റിനായി വിവിധ വഴികള്‍ ആലോചിച്ചു വരികയാണ് ഇന്ത്യയും റഷ്യയും.
ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി ഇന്ത്യ മാറിയിട്ടുണ്ട്. യുഎസും യൂറോപ്യന്‍ യൂണിയനും റഷ്യന്‍ എണ്ണയ്ക്ക് ബാരലിന് 60 ഡോളര്‍ വിലയാണ് ഉപരോധത്തിന്റെ ഭാഗമായി നിശ്ചയിച്ചിരിക്കുന്നത്. ക്രൂഡില്‍ നിന്നുള്ള വരുമാനം റഷ്യ ഉക്രെയ്ന്‍ യുദ്ധത്തിന് ഉപയോഗിക്കുന്നത് തടയാനാണിത്.
റഷ്യന്‍ കമ്പനികള്‍ക്ക് കുറച്ച് പേമെന്റുകള്‍ ചൈനീസ് യുവാനില്‍ ഇന്ത്യന്‍ കമ്പനികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡോളറും ദിര്‍ഹവുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. റഷ്യന്‍ ക്രൂഡിന്റെ പേമെന്റിന് യുവാന്‍ ഉപയോഗിക്കുന്നതിനോട് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ എതിര്‍പ്പുണ്ട്. ചൈന ഇതിലൂടെ നേട്ടം കൊയ്യുന്നത് ഒഴിവാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു.
രാജ്യത്തെ മുന്‍നിര റിഫൈനറായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റഷ്യന്‍ എണ്ണയ്ക്ക് നേരത്തെ യുവാനും മറ്റ് കറന്‍സികളും ഉപയോഗിച്ച് പേമെന്റ് നടത്തിയിരുന്നു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയോടും ചൈനീസ് കറന്‍സി ഉപയോഗിച്ച് പണം നല്‍കാന്‍ റഷ്യന്‍ വിതരണക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യുവാനില്‍ പെമെന്റ് നടത്തുന്നത് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്കും നഷ്ടമാണ്. രൂപ ആദ്യം ഹോങ്കോംഗ് ഡോളറിലേക്കും പിന്നീട് യുവാനിലേക്കും പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. രൂപ ദിര്‍ഹത്തിലേക്ക് മാറ്റുന്നതിനേക്കാള്‍ 2-3 ശതമാനം കൂടുതല്‍ ചിലവ് വരുന്ന പ്രക്രിയയാണിത്.
കഴിഞ്ഞ വര്‍ഷം വിദേശ വ്യാപാരം രൂപയില്‍ തീര്‍പ്പാക്കാനുള്ള സംവിധാനം ആര്‍ബിഐ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ റഷ്യന്‍ എണ്ണയ്ക്ക് പണം നല്‍കാന്‍ രൂപ ഉപയോഗിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. ഉഭയകക്ഷി വ്യാപാരത്തിലെ മേല്‍ക്കൈ നഷ്ടപ്പെടുമെന്നതിനാല്‍ ഇപ്രകാരം രൂപ സ്വീകരിക്കാന്‍ റഷ്യയ്ക്ക് താല്‍പ്പര്യമില്ല.

