ലുലു സാമ്രാജ്യം വ്യാപിക്കുകയാണ്. ഗുജറാത്തിന് പിന്നാലെ തമിഴ്നാട്ടിലും ഷോപ്പിംഗ് മാള്‍ തുടങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ്. യു.പിയിലും ജമ്മു കശ്മീരിലും എക്സ്പോര്‍ട്ട് ഹബ്ബുകള്‍ തുടങ്ങാനും ലുലുവിന് പദ്ധതിയുണ്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ എന്നിവരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.
4,000 കോടി രൂപ ചെലവിട്ട് ഗുജറാത്തിലെ അഹമ്മദാബാദില്‍ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. അഹമ്മദാബാദ് എസ്.പി റോഡില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ സ്ഥലം ഇതിനായി 519 കോടി രൂപ മുടക്കി ലുലു ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. 20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് മാള്‍ നിര്‍മിക്കുന്നത്. ഈ പദ്ധതിക്കൊപ്പമാണ് ചെന്നൈയിലും ലുലു മാള്‍ തമിഴ്നാട്ടില്‍ ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും സ്ഥാപിക്കാന്‍ ലുലു പദ്ധതിയിടുന്നത്.
ചെന്നൈയില്‍ ഇതിനായി സ്ഥലം കണ്ടെത്താന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയാണ്. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ കഴിഞ്ഞ വര്‍ഷം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നിരുന്നു. ഇതിന് പുറമെ ജമ്മു കാശ്മീരിലും ഉത്തര്‍ പ്രദേശിലും പഴം, പച്ചക്കറി എന്നിവ ശേഖരിച്ച് കയറ്റുമതി ചെയ്യുന്നതിനുള്ള എക്സ്പോര്‍ട്ട് ഹബ്ബുകള്‍ നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, തൃപ്രയാര്‍, പാലക്കാട് എന്നിവിടങ്ങളിലും ബംഗളൂരു, ലഖ്നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലുമാണ് മാളുകളുള്ളത്.

