വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിത മേഖലയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് കോടി രൂപ നല്‍കുമെന്ന് മണപ്പുറം ഫിനാന്‍സ് അറിയിച്ചു. 1 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. കൂടാതെ, മണപ്പുറം ഫിനാന്‍സിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 3 കോടി രൂപയുടെ പുനരധിവാസ പദ്ധതിയും നടത്തും.
സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ, ദുരിതബാധിതരുടെ ആവശ്യാനുസരണം വീടുകളും മറ്റു സൗകര്യങ്ങളും പദ്ധതിയിലൂടെ പൂര്‍ത്തീകരിക്കും. ‘ഉരുള്‍പൊട്ടല്‍ ദുരന്തം ഏറെ നാശം വിതച്ച പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളുടെ വീണ്ടെടുപ്പ് സമൂഹത്തിന്റെ കടമയാണ്. ദുരന്തത്തില്‍ ഇരകളായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം ദുരിതബാധിതരെ ചേര്‍ത്തുപിടിക്കുന്ന നടപടികള്‍ക്കും മണപ്പുറം ഫിനാന്‍സ് തുടക്കമിടുകയാണ് – മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു.

