പ്രധാനമന്ത്രി സൂര്യ ഘര്‍ പദ്ധതിക്കു കീഴില്‍ രാജ്യത്തുടനീളം നാല് ലക്ഷത്തിലധികം മേല്‍ക്കൂര സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒരു കോടി വീടുകളില്‍ റൂഫ്‌ടോപ്പ് സോളാര്‍ ഉപകരണങ്ങള്‍ സ്ഥാപിച്ച് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കിക്കൊണ്ട് പ്രകാശിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിക്കു കീഴില്‍ 1.28 കോടി രജിസ്‌ട്രേഷനുകള്‍ നടന്നതായി ജൂലൈയില്‍ ജോഷി പറഞ്ഞിരുന്നു.
2024 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ ഏകദേശം 17.44 GW സോളാര്‍ ഫോട്ടോവാള്‍ട്ടെയ്ക് കപ്പാസിറ്റി കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മൊത്തം സ്ഥാപിത ഊര്‍ജ്ജ ശേഷിയുടെ 20 ശതമാനം സൗരോര്‍ജ്ജമാണ്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിലധികം വളര്‍ച്ചാ നിരക്ക് ഇത് കാണിക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, സെപ്റ്റംബര്‍ വരെ രാജ്യത്തെ മൊത്തം സ്ഥാപിതമായ വൈദ്യുതി ഉല്‍പ്പാദന ശേഷി 452.694 GW ആയിരുന്നു. ഊര്‍ജമേഖലയില്‍ വലിയ മാറ്റമാണ് പദ്ധതി കൊണ്ട് വരിക.

